ഉത്തരകൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ഉത്തരകൊറിയ റോക്കറ്റ് എന്‍ജിന്‍ പരീക്ഷിച്ചെന്ന് റിപ്പോര്‍ട്ട്

ടോക്കിയോ: ഉത്തരകൊറിയ പുതിയതരം റോക്കറ്റ് എഞ്ചിന്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ മുന്നേറ്റമെന്നാണ് ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ പരീക്ഷണത്തെ വിശേഷിപ്പിച്ചത്. കിമ്മിന്റെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണമെന്ന് കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.ഈ വിജയത്തിന്റെ ഫലം വരുംദിവസങ്ങളില്‍ ലോകം കാണും.

ഉത്തരകൊറിയയുടെ റോക്കറ്റ്‌ വ്യവസായ വികാസത്തില്‍ മാര്‍ച്ച് 18ന്റെ വിപ്ലവമാണിതെന്നും അദ്ദേഹം പറഞ്ഞു. പുതിയ എന്‍ജില്‍ രാജ്യത്തിന്റെ ബഹിരാകാശ, ഉപഗ്രഹ മേഖലകളിലെ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിന് ഐക്യരാഷ്ട്രസഭ ഉത്തരകൊറിയക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സമാധാനപരമായ ഉപയോഗങ്ങളാണ് തങ്ങള്‍ ലക്ഷ്യംവെക്കുന്നതെന്നാണ് ഉത്തരകൊറിയ അവകാശപ്പെടുന്നത്.

ഭൂമിയെ നിരീക്ഷിക്കുന്നതിനായുള്ള ഉപഗ്രഹങ്ങള്‍ തയാറാക്കി വിക്ഷേപിക്കുന്നത് അഞ്ച് വര്‍ഷത്തെ പദ്ധതി ഉത്തരകൊറിയ തയാറാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഉപഗ്രഹങ്ങള്‍ക്കായി മുന്‍പത്തേതിനെ അപേക്ഷിച്ച് കൂടുതല്‍ ശക്തമായ എഞ്ചിന്‍ വേണ്ടിവരും. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ചാന്ദ്രദൗത്യം ഉള്‍പ്പെടെയുള്ള ബഹിരാകാശ പദ്ധതികളും നടപ്പിലാക്കാനാണ് ഉത്തരകൊറിയയുടെ നീക്കം.

ഉത്തരകൊറിയയുടെ ആണവ, മിസൈല്‍ പദ്ധതികള്‍ സംബന്ധിച്ച ആശങ്ക യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ചൈനാ സന്ദര്‍ശന വേളയില്‍ ഉന്നയിച്ചതിനു തൊട്ടുപിന്നാലെയാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എഞ്ചിന്‍ പരീക്ഷണ വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ പരീക്ഷണത്തിന്റെ മുന്‍കൂട്ടി നിശ്ചയിച്ച സമയവും ടില്ലേഴ്‌സണ്‍ന്റെ യാദൃശ്ചിക സന്ദര്‍ശനവും ഒത്തുവരികയായിരുന്നു.

Comments

comments

Categories: World