മോദിയെ പുകഴ്ത്തി അംബാനി : ‘ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കും’

മോദിയെ പുകഴ്ത്തി അംബാനി : ‘ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കും’

മുംബൈ: ഇന്ത്യയുടെ ഭാവി അതിശയിപ്പിക്കുന്നതായിരിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. നാലാം വ്യാവസായിക വിപ്ലവത്തെ നയിക്കാനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ടു ഡേ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നോട്ട് അസാധുവാക്കല്‍ നയത്തിന് നന്ദി, പണത്തിന് മൂന്‍തൂക്കമുള്ള സമ്പദ്‌വ്യവസ്ഥയില്‍ നിന്നും ഡിജിറ്റല്‍ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിലേക്കുള്ള വലിയ ചുവടുവെപ്പാണ് ഇന്ത്യ ഏറ്റെടുത്തിട്ടുള്ളത്. പണത്തിന്റെ ഉപയോഗം ഉല്‍പ്പാദനക്ഷമതയുള്ളതാക്കുന്നതിന് ഈ നീക്കം സഹായകമായിട്ടുണ്ട്,” അംബാനി പറഞ്ഞു. ഇന്നത്തെ ഇന്ത്യ ശക്തമാണെന്നും, നാളത്തെ ഇന്ത്യ അതിശയിപ്പിക്കുന്നതായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ മാത്രമല്ല ലോകത്തെയും സാങ്കേതികവിദ്യയെയും മനസ്സിലാക്കുന്ന ഒരു നേതാവിനെ കിട്ടിയതിന് നമുക്ക് ഭാഗ്യമുണ്ടെന്നാണ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയത്തെ മുന്‍നിര്‍ത്തി അംബാനി പ്രതികരിച്ചത്. സാങ്കേതികവിദ്യയിലൂടെ എങ്ങനെ പാവപ്പെട്ടവര്‍ക്ക് പ്രയോജനം ലഭിക്കുമെന്നത് സംബന്ധിച്ചും രാജ്യത്തിന്റെ വികസനത്തില്‍ സാങ്കേതികവിദ്യ ഉപയേഗപ്പെടുത്തുന്നതിനെപ്പറ്റിയും ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരുന്ന സമയത്ത് നടത്തിയ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ മോദി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അതാണ് അദ്ദേഹത്തിലുള്ള മതിപ്പിന് കാരണമായതെന്നും അംബാനി വിശദീകരിച്ചു.

ബ്രെയ്ന്‍ ഡ്രെയ്ന്‍ (ബുദ്ധിയും സര്‍ഗ്ഗശക്തിയുമുള്ള ജനതയുടെ അന്യരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം) അവസ്ഥയ്ക്ക് എതിരായി കാര്യങ്ങള്‍ നടക്കേണ്ട സമയമാണിതെന്നാണ് ട്രംപിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും പിന്തുണച്ചുകൊണ്ട് അംബാനി അഭിപ്രായപ്പെട്ടത്. ഇന്ത്യയുടെ ബുദ്ധി കേന്ദ്രങ്ങള്‍ രാജ്യത്തിനും ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും റിവേഴ്‌സ് ബ്രെയ്ന്‍ ഡ്രെയ്ന്‍ നടക്കുമെന്നതില്‍ യാതൊരു സംശയവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Politics, Top Stories

Related Articles