ആര്‍&ഡി ചെലവുകള്‍ 26 മടങ്ങും വരുമാനം പത്ത് മടങ്ങും വര്‍ധിപ്പിച്ച് മഹീന്ദ്രയുടെ കുതിപ്പ്

ആര്‍&ഡി ചെലവുകള്‍ 26 മടങ്ങും വരുമാനം പത്ത് മടങ്ങും വര്‍ധിപ്പിച്ച് മഹീന്ദ്രയുടെ കുതിപ്പ്

ഇന്ത്യയില്‍നിന്നുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ ‘മേക്ക് ഇന്‍ ഇന്ത്യ’ പൂര്‍ണ്ണമാകില്ലെന്ന് പവന്‍ ഗോയങ്ക

ചെന്നൈ : 2003-2016 കാലയളവില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മഹീന്ദ്ര & മഹീന്ദ്ര ചെലവഴിച്ച തുകയില്‍ 26 മടങ്ങ് വര്‍ധന. ഇതേകാലയളവില്‍ വരുമാനം പത്ത് മടങ്ങിലധികം വര്‍ധിപ്പിക്കാനും കമ്പനിക്ക് സാധിച്ചു. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മഹീന്ദ്ര കാര്യമായിതന്നെ പണവും അധ്വാനവും ചെലവഴിച്ചതായാണ് വ്യക്തമാക്കുന്നത്.

ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കമ്പനികള്‍ കൂടുതല്‍ കൂടുതല്‍ ചെലവഴിക്കേണ്ടതിന്റെ ആവശ്യകത മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക ചൂണ്ടിക്കാണിച്ചു. അടുത്ത വര്‍ഷത്തെ ഫിസിറ്റ വേള്‍ഡ് ഓട്ടോമോട്ടീവ് കോണ്‍ഗ്രസ് പ്രഖ്യാപനത്തിന് ചെന്നൈയിലെത്തിയതായിരുന്നു അദ്ദേഹം. ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കാന്‍ മടിച്ചാല്‍ നിങ്ങള്‍ മത്സരത്തില്‍ പിന്തള്ളപ്പെടും. ഫിസിറ്റ വേള്‍ഡ് ഓട്ടോമോട്ടീവ് കോണ്‍ഗ്രസ് ലോകത്തെ വാഹന സാങ്കേതികവിദ്യയുടെ ഒളിമ്പിക്‌സാണെന്നും പവന്‍ ഗോയങ്ക അഭിപ്രായപ്പെട്ടു.

2002 ല്‍ മഹീന്ദ്ര തങ്ങളുടെ വരുമാനത്തിന്റെ കേവലം ഒരു ശതമാനം മാത്രമാണ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചതെങ്കില്‍ 2016 ഓടെ ഈ തുക 4.5 ശതമാനമായി വര്‍ധിപ്പിച്ചു. 2003-2016 കാലയളവില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിക്ഷേപിച്ച തുക 26 മടങ്ങായാണ് വര്‍ധിച്ചത്. ഈ കാലയളവില്‍ കമ്പനിയുടെ വരുമാനം പത്ത് മടങ്ങ് വര്‍ധിച്ചതായും ഗോയങ്ക അറിയിച്ചു. 2015-16 ല്‍ 40,884.98 കോടി രൂപയായിരുന്നു മഹീന്ദ്ര & മഹീന്ദ്രയുടെ വരുമാനം.

പതിനാല് വര്‍ഷത്തോളം ഡിട്രോയിറ്റില്‍ ജനറല്‍ മോട്ടോഴ്‌സിനുവേണ്ടി പ്രവര്‍ത്തിച്ചശേഷം 1993 ലാണ് മഹീന്ദ്രയുടെ ഗവേഷണ-വികസന വിഭാഗം ജനറല്‍ മാനേജരായി പവന്‍ ഗോയങ്ക ചുമതലയേല്‍ക്കുന്നത്. മഹീന്ദ്രയുടെ ഗവേഷണ-വികസന വിഭാഗത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിലും മഹീന്ദ്രയുടെ കൊടികെട്ടിയ വാഹനമായ സ്‌കോര്‍പിയോ പുറത്തിറക്കുന്നതിലും പവന്‍ ഗോയങ്ക നിസ്തുല പങ്കാണ് വഹിച്ചത്.

ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വരുമാനത്തിന്റെ 4.5 ശതമാനം ചെലവഴിച്ചത് ചെറിയ തുകയായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ തുക ചെറുതായിരിക്കാം. എന്നാല്‍ ചില വലിയ കമ്പനികളും ഈ അനല്‍പ്പമായ ശതമാനമാണ് ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. ആഗോളതലത്തില്‍ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്ന ശരാശരി 4.5 ശതമാനത്തില്‍ കൂടുന്നില്ലെന്നും പവന്‍ ഗോയങ്ക ചൂണ്ടിക്കാട്ടി.

ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവഴിക്കുന്ന കാര്യത്തില്‍ കമ്പനി വളരെയധികം ശ്രദ്ധ പതിപ്പിക്കാറുണ്ട്.

ഇന്ത്യയില്‍നിന്നുള്ള സാങ്കേതികിവിദ്യ ഉള്‍പ്പെടുത്താതെ മേക്ക് ഇന്‍ ഇന്ത്യ അപൂര്‍ണ്ണമായിരിക്കുമെന്ന് പവന്‍ ഗോയങ്ക പറഞ്ഞു. സൊസൈറ്റി ഓഫ് ഓട്ടോമോട്ടീവ് എന്‍ജിനീയേഴ്‌സ് ഇന്ത്യയും ഫിസിറ്റയും ഇന്ത്യയിലേക്ക് സാങ്കേതികവിദ്യകള്‍ കൊണ്ടുവരുന്നതിനാണ് ശ്രമിക്കുന്നത്. 2018 ഒക്‌റ്റോബറില്‍ ചെന്നൈയില്‍ തുടങ്ങുന്ന നാല് ദിവസത്തെ സിമ്പോസിയത്തിന് ഈ ലക്ഷ്യമാണെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി.

വാഹന വ്യവസായ രംഗത്ത് വലിയ പുരോഗതി കൈവരിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതായി പവന്‍ ഗോയങ്ക അഭിപ്രായപ്പെട്ടു. വാഹനങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും ഉപയോക്താവായും വിപണിയുടെ വലുപ്പത്തിലും ഇന്ത്യ കേമന്‍ തന്നെയാണ്. പതിനഞ്ച് വര്‍ഷമെന്ന ചെറിയ കാലയളവില്‍ 13-14 സ്ഥാനത്തുനിന്ന് ലോകത്തെ ആറാം സ്ഥാനത്തെത്തിയതിലൂടെ രാജ്യം കൈവരിച്ചത് വലിയ പുരോഗതി തന്നെയാണ്.

ഫിസിറ്റ കോണ്‍ഗ്രസ്സില്‍ ഇന്ത്യയില്‍നിന്നുള്ള ആയിരം എന്‍ജിനീയര്‍മാര്‍ രാജ്യത്ത് നടക്കുന്ന ഗവേഷണ-വികസന പ്രവര്‍ത്തനങ്ങള്‍ അവതരിപ്പിക്കുമെന്നും 500 വിദേശ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി.

 

Comments

comments

Categories: Auto, FK Special