80 എഫ്ബിബി സ്റ്റോറുകള്‍ തുറക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പദ്ധതി

80 എഫ്ബിബി സ്റ്റോറുകള്‍ തുറക്കാന്‍ ഫ്യൂച്ചര്‍ ഗ്രൂപ്പ് പദ്ധതി

2021 ആകുമ്പോഴേക്കും വില്‍പ്പന 80 കോടി യൂണിറ്റായി ഉയര്‍ത്തും

കൊല്‍ക്കത്ത: പ്രമുഖ റീട്ടെയ്‌ലര്‍മാരായ ഫ്യൂച്ചര്‍ ഗ്രൂപ്പ് തങ്ങളുടെ അഫോര്‍ഡബ്ള്‍ ഫാഷന്‍ റീട്ടെയ്ല്‍ ബിസിനസ് വിപുലീകരിക്കാനൊരുങ്ങുന്നു. അഫോര്‍ഡബ്ള്‍ ഫാഷന്‍ റീട്ടെയ്ല്‍ ബിസിനസ് വിഭാഗം കേന്ദ്രീകരിച്ച് അടുത്ത സാമ്പത്തിക വര്‍ഷം 80 എഫ്ബിബി (ഫാഷന്‍ @ ബിഗ് ബസാര്‍) സ്‌റ്റോറുകള്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി ഫ്യൂച്ചര്‍ ഗ്രൂപ്പ് സിഇഒ കിഷോര്‍ ബിയാനി അറിയിച്ചു. ബിസിനസ് വിപുലീകരണത്തിലൂടെ പ്രതിവര്‍ഷം 30 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കാനാണ് കമ്പനിയുടെ ശ്രമം.

2018 മാര്‍ച്ച് മാസത്തോടെ 23 കോടി യൂണിറ്റ് തുണിത്തരങ്ങള്‍ വില്‍പ്പന നടത്താന്‍ ലക്ഷ്യമിടുന്നതായും 2021 ആകുമ്പോഴേക്കേും പ്രതിവര്‍ഷ വില്‍പ്പന 80 കോടി യൂണിറ്റായി ഉയര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കിഷോര്‍ ബിയാനി പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം ഫാഷന്‍ വിഭാഗത്തില്‍ മാത്രം 10,000 കോടി രൂപയുടെ വരുമാനം നേടാനാകും, ഇതില്‍ കൊല്‍ക്കത്ത യൂണിറ്റ് ആയിരിക്കും കാര്യമായ സംഭാവന നല്‍കുകയെന്നും കിഷോര്‍ ബിയാനി അറിയിച്ചു. ഗ്രൂപ്പിന്റെ ഇതുവരെയുള്ളതില്‍ ഏറ്റവു വലിയ എഫ്ബിബി സ്റ്റോര്‍ കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചതിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ വിവിധ റീട്ടെയ്ല്‍ ബ്രാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ഫാഷന്‍ ബിസിനസില്‍ ഓരോ വര്‍ഷവും 30 ശതമാനത്തിന്റെ വളര്‍ച്ചയാണ് നിരീക്ഷിക്കാനാകുന്നത്. ഫാഷന്‍ വിഭഗത്തില്‍ ഫ്യൂച്ചര്‍ ഗ്രൂപ്പിന് എഫ്ബിബി, പ്ലാനെറ്റ് സ്‌പോര്‍ട്‌സ്, ഓള്‍, ബ്രാന്‍ഡ് ഫാക്റ്ററി, സെന്‍ട്രല്‍ തുടങ്ങിയ ബ്രാന്‍ഡുകളാണുള്ളത്. ഗ്രൂപ്പിന്റെ മൊത്ത വരുമാനത്തില്‍ 40 ശതമാനം സംഭാവന ചെയ്യാന്‍ ഈ ബ്രാന്‍ഡുകള്‍ക്ക് ആകുന്നുണ്ടെന്നും കിഷോര്‍ ബിയാനി വ്യക്തമാക്കി. പ്രവര്‍ത്തന നേട്ടത്തിന് ആനുപാതികമായി എഫ്ബിബി സ്റ്റോറുകളിലെ വിലയില്‍ ഓരോ വര്‍ഷവും 3-5 ശതമാനം വരെ കുറവുണ്ടായേക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു.

ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഏറ്റവും വലിയ എഫ്ബിബി സ്റ്റോര്‍ ആണ് കൊല്‍ക്കത്തയില്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുള്ളത്. കൊല്‍ക്കത്തയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള തയാറെടുപ്പിലാണ് കമ്പനി. രാജര്‍ഹട്ടില്‍ 1.5 ലക്ഷത്തിലധികം ചതുരശ്രയടിയില്‍ സെന്‍ട്രല്‍ സ്‌റ്റോര്‍ ഉടന്‍ ആരംഭിക്കാനും ഗ്രൂപ്പിന് പദ്ധതിയുണ്ട്. കൊല്‍ക്കത്തയ്ക്കടുത്ത് ബര്‍ഡ്വാനില്‍ 2.5 ലക്ഷം ചതുരശ്രയടിയില്‍ ഒരു ഡിസ്ട്രിബ്യൂഷന്‍ സെന്ററും ഗ്രൂപ്പ് ആരംഭിച്ചിട്ടുണ്ട്.

പശ്ചിമബംഗാള്‍, ഒറീസ്സ, ബീഹാര്‍ എന്നിവിടങ്ങളിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും ബിഗ് ബസാര്‍, എഫ്ബിബി സ്റ്റോറുകള്‍ക്ക് വേണ്ടിയായിരിക്കും കൊല്‍ക്കത്ത ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. സങ്കീര്‍ണത കുറയ്ക്കുന്നതിനും, ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും പുതിയ ഡിസ്ട്രിബ്യൂഷന്‍ സെന്റര്‍ സഹായിക്കുമെന്നും രാജ്യത്തെ കിഴക്കന്‍ മേഖലകളിലുള്ള ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും കിഷോര്‍ ബിയാനി കൂട്ടിച്ചേര്‍ത്തു.

Comments

comments