റോക്ക് ആന്‍ഡ് റോള്‍ സംഗീത ഇതിഹാസം ചക്ക് ബെറി അന്തരിച്ചു

റോക്ക് ആന്‍ഡ് റോള്‍  സംഗീത ഇതിഹാസം ചക്ക് ബെറി അന്തരിച്ചു

മിസൗറി: റോക്ക് ആന്‍ഡ് റോള്‍ സംഗീതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ചക്ക് ബെറി(90) ശനിയാഴ്ച അന്തരിച്ചു. 1950-കളില്‍ യുവാക്കളെ സ്വാധീനിച്ച സംഗീതജ്ഞനായിരുന്നു ചക്ക് ബെറി. ഗിറ്റാറിസ്റ്റ്, ഗായകന്‍, സംഗീത അവതാരകന്‍, ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയിരുന്ന ബെറിയുടെ ഒട്ടുമിക്ക സൃഷ്ടികളും പ്രശസ്ത ആല്‍ബങ്ങളായ ബീറ്റില്‍സ്, ദി ബീച്ച് ബോയ്‌സ്, റോളിംഗ് സ്റ്റോണ്‍സ് തുടങ്ങിയവയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

1926 ഒക്ടോബര്‍ 18-ന് മിസൗറിയിലെ സെന്റ് ലൂയിസിലായിരുന്നു ചാള്‍സ് എഡ്‌വാര്‍ഡ് ആന്‍ഡേഴ്‌സന്‍ എന്ന ചക്ക് ബെറിയുടെ ജനനം. കൗമാരപ്രായത്തില്‍ തന്നെ സംഗീത ലോകവുമായി അടുത്തു. ഹൈസ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ മോഷണ കുറ്റത്തിനു ബെറിയെ പിടികൂടുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.

അതോടെ സ്‌കൂള്‍ പഠനം അവസാനിച്ചു. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയ ബെറി കുറച്ചുനാള്‍ തലമുടി വെട്ടുകാരന്റെ വേഷമണിഞ്ഞു. പിന്നീട് എബ്ബി ഹാര്‍ഡിംഗ്, ജോണി ജോണ്‍സന്‍ തുടങ്ങിയവരോടൊത്തു സംഗീത ട്രൂപ്പുണ്ടാക്കി. സായാഹ്നങ്ങളില്‍ സംഗീതം അവതരിപ്പിച്ചു.

1955-ല്‍ ചിക്കാഗോയിലുള്ള ചെസ് ലേബല്‍ എന്ന അമേരിക്കന്‍ സംഗീത റെക്കോഡ് കമ്പനിയില്‍ ചേര്‍ന്നു. ഇവിടെ വച്ചാണ് ബെറി ആദ്യ റോക്ക് ആന്‍ഡ് റോള്‍ സംഗീതമായ Maybellene പുറത്തിറക്കിയത്. ഇത് എഴുതിയതും റെക്കോഡ് ചെയ്തതും ബെറി തന്നെയായിരുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം നിരവധി ഹിറ്റു പാട്ടുകള്‍ പുറത്തിറക്കി. ഇവയെല്ലാം കൗമാരപ്രായക്കാരെ ലക്ഷ്യംവച്ചുള്ളവയായിരുന്നു. Roll Over Beethoven, Sweet Little Sixteen, Carol എന്നിവ ബെറിയുടെ ഏതാനും ചില ഹിറ്റ് പാട്ടുകളാണ്.

ബെറിയുടെ സംഗീതം വര്‍ണവെറിയുടെ അതിരുകള്‍ ഭേദിക്കുന്നവയായിരുന്നു. ബെറിയുടെ സമകാലിക കലാകാരന്മാരായ സുഹൃത്തുക്കള്‍ വര്‍ണവെറിയുടെ കാഠിന്യത്തില്‍ നിരാശപ്പെട്ടിരിക്കുമ്പോഴായിരുന്നു അതിനെതിരേ വിജയക്കൊടി പാറിച്ച് ബെറി പറന്നത്. റോക്ക് സംഗീതത്തെ അടിസ്ഥാനമാക്കി ചിത്രീകരിച്ച ഏതാനും സിനിമകളിലും ബെറി അഭിനയിച്ചിരുന്നു.

സംഗീതത്തിലെ ഒട്ടുമിക്ക പുരസ്‌ക്കാരങ്ങളും ബെറിക്ക് ലഭിച്ചിട്ടുണ്ട്. 1984ല്‍ ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കിയ ബെറി, 1986ല്‍ റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഫെയിമിലിടം പിടിച്ചു. 1948ല്‍ തെമറ്റ സഗ്‌സിനെ വിവാഹം കഴിച്ചു. ഇംഗ്രിദ് ബെറി, മെലഡി എസ്‌ക് റിഡ്ജ്, ഇസാ ലെ ബെറി, ചാള്‍സ് ബെറി ജൂനിയര്‍ തുടങ്ങിയ നാല് മക്കള്‍ ഇവര്‍ക്കുണ്ട്.

Comments

comments

Categories: FK Special, Movies