ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിയില്‍ അന്തിമ തീരുമാനം ജൂണിലെന്ന് അദാനി

ഓസ്‌ട്രേലിയയിലെ കല്‍ക്കരി പദ്ധതിയില്‍ അന്തിമ തീരുമാനം ജൂണിലെന്ന് അദാനി

പദ്ധതിയുമായി മുന്നോട്ടുപോകാനാകുമെന്ന് ശുഭപ്രതീക്ഷ

മുംബൈ: ഓസ്‌ട്രേലിയയില്‍ പ്രതിസന്ധിയില്‍ തുടരുന്ന ഖനന പദ്ധതിയിലെ നിക്ഷേപം സംബന്ധിച്ച അന്തിമ തീരുമാനം ജൂണിലെടുക്കുമെന്ന് അദാനി എന്റര്‍പ്രൈസസ്. ക്വീന്‍സ്‌ലാന്റ് സംസ്ഥാനത്തെ കാര്‍മിഷേലില്‍ നടപ്പാക്കുന്ന പദ്ധതി പരിസ്ഥിതി സംഘടനകളില്‍ നിന്നും എതിര്‍പ്പ് നേരിട്ടതിനെ തുടര്‍ന്ന് കാലതാമസം നേരിടുകയാണ്.

അഞ്ച് വര്‍ഷത്തിലധികമായി പരിസ്ഥിതി സംഘടനകളില്‍ നിന്നും പദ്ധതിയെച്ചൊല്ലി കടുത്ത എതിര്‍പ്പാണ് അദാനി നേരിട്ടു കൊണ്ടിരിക്കുന്നത്. ലോകപൈതൃക പ്രദേശമായ ഗ്രേറ്റ്ബാരിയര്‍ റീഫിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്നാരോപിച്ചാണ് ഖനന പദ്ധതിക്കെതിരെ വന്‍പ്രതിഷേധമുയര്‍ന്നത്. അതേസമയം പദ്ധതിക്കായി ഓസ്‌ട്രേലിയയിലെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും ലഭ്യമാകേണ്ട പ്രധാന അനുമതികളെല്ലാം ലഭ്യമായിട്ടുണ്ടെന്നും പദ്ധതി ഗ്രേറ്റ് ബാരിയര്‍ റീഫിനെ ബാധിക്കില്ലെന്നുമാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കുന്നത്. കോടതിയിലും പദ്ധതിക്കെതിരേ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.

വിവാദ പദ്ധതിയായതിനാല്‍ വായ്പകള്‍ വഴി പദ്ധതിക്കായി ഫണ്ട് കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്. എന്നിരുന്നാലും പദ്ധതി ഘടനയും ഫണ്ട് ആസൂത്രവും ഉള്‍പ്പടെയുള്ള നിക്ഷേപകാര്യങ്ങളില്‍ ജൂണോടെ അന്തിമ തീരുമാനമെടുക്കാനാകുമെന്നും പദ്ധതിയുമായി മുന്നോട്ട് പോകാനാകുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി ശുഭപ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ട്. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്ന അദാനിക്കൊപ്പം ക്വീന്‍സ്‌ലാന്റ് മുഖ്യമന്ത്രി അനസ്ടാസിയ പലസ്‌കുമുണ്ടായിരുന്നു. അദാനി ഗ്രൂപ്പിന്റെ ഇന്ത്യയിലെ തുറമുഖവും സോളാര്‍ സൗകര്യങ്ങളും സന്ദര്‍ശിക്കാനെത്തിയതായിരുന്നു അവര്‍.

തീര്‍ച്ചയായും പദ്ധതി മുന്നോട്ട് തന്നെ പോകുമെന്നും 2020ല്‍ കാര്‍മിഷേലില്‍ നിന്ന് ആദ്യലോഡ് കല്‍ക്കരി പുറത്തെത്തുമെന്നും അദാനി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കാര്‍മിഷേല്‍ പദ്ധതിക്ക് സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഓസ്‌ട്രേലിയയില്‍ താന്‍ തടസങ്ങളൊന്നും കണ്ടില്ലെന്നും ക്വീന്‍സ്‌ലാന്റ് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

കല്‍ക്കരിയുടെ വിലയിലുണ്ടായ ഇടിവും മൂലം പദ്ധതിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഡച്ച് ബാങ്കും, ഓസ്‌ട്രേലിയയിലെ കോമണ്‍വെല്‍ത്ത് ബാങ്കും പദ്ധതിക്ക് ധനസഹായം നല്‍കുന്നതില്‍ നിന്നും പിന്മാറിയിട്ടുണ്ട്. നിലവില്‍ കമ്പനി പദ്ധതി ചെലവ് ചുരുക്കിയിരിക്കുകയാണ്. ആദ്യഘട്ടത്തില്‍ വാര്‍ഷിക ഉല്‍പ്പാദനം 25 മില്യണ്‍ ടണ്ണിലൊതുക്കാനാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് 40 മില്യണ്‍ ടണ്ണിലേക്ക് ഉല്‍പ്പാദനം വര്‍ധിപ്പിക്കും. 3.3 ബില്യണ്‍ ഡോളര്‍ കമ്പനി ഇതിനകം പദ്ധതിയില്‍ നിക്ഷേപിച്ചിട്ടുണ്ട്.

Comments

comments

Categories: FK Special