ടാറ്റ ഹെക്‌സ ലഭിക്കാന്‍ എട്ടാഴ്ച്ച കാത്തിരിക്കണം

ടാറ്റ ഹെക്‌സ ലഭിക്കാന്‍ എട്ടാഴ്ച്ച കാത്തിരിക്കണം

അറുപത് ദിവസത്തിനിടെ 2,524 ഹെക്‌സയാണ് വിറ്റുപോയത്

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സ് ഈയിടെ പുറത്തിറക്കിയ എസ്‌യുവിയായ ഹെക്‌സയ്ക്ക് ആവേശകരമായ സ്വീകരണമാണ് ഇന്ത്യന്‍ വാഹനവിപണിയില്‍ ലഭിക്കുന്നത്. അറുപത് ദിവസത്തിനിടെ 2,524 ഹെക്‌സയാണ് വിറ്റുപോയെന്ന് മാത്രമല്ല ഇപ്പോള്‍ ഒരു ടാറ്റ ഹെക്‌സ ബുക്ക് ചെയ്താല്‍ കയ്യില്‍കിട്ടുന്നതിന് എട്ടാഴ്ച്ച കാത്തിരിക്കുകയും വേണം.

ഹെക്‌സയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്ക്ള്‍ ഡിവിഷന്‍ പ്രസിഡന്റ് മായങ്ക് പരീക് പറഞ്ഞു. വെയ്റ്റിംഗ് പിരീഡ് ഇനിയും വര്‍ധിച്ചേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.

മഹീന്ദ്ര XUV500, ടൊയോട്ട ഇന്നോവ എന്നിവയോടാണ് ഹെക്‌സ വിപണിയില്‍ മത്സരിക്കുന്നത്. ഓട്ടോമാറ്റിക് വേര്‍ഷന്റെ ബുക്കിംഗ് അമ്പത് ശതമാനം പിന്നിട്ടു.

ഹെക്‌സയ്ക്ക് മാത്രമായി വിവിധ തലത്തിലുള്ള സെയ്ല്‍സ് എക്‌സിക്യൂട്ടീവുമാരെ നിയമിച്ചതായി മായങ്ക് പരീക് പറഞ്ഞു. സേവന, ഏവിയേഷന്‍, ഹോസ്പിറ്റാലിറ്റി മേഖലകളില്‍നിന്ന് നിയമിച്ച ഇവര്‍ക്ക് എക്‌സ്പീരിയന്‍സ് സെന്ററുകളില്‍ പ്രത്യേക പരിശീലനം നല്‍കി. ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ താമസിക്കാനും ഉപയോക്താക്കളുടെ ജീവിതരീതികള്‍ അടുത്തറിയാനും ഇവരെ ബോധ്യപ്പെടുത്താനും ഈ എക്‌സിക്യൂട്ടീവുകളെ നിയോഗിച്ചു. 25 നഗരങ്ങളില്‍കൂടി എക്‌സ്പീരിയന്‍സ് സെന്റര്‍ തുടങ്ങാനാണ് കമ്പനി ആലോചിക്കുന്നത്.

ടിഗോര്‍, നെക്‌സണ്‍ എന്നീ മോഡലുകള്‍ പുറത്തിറക്കാനും ടാറ്റ മോട്ടോഴ്‌സ് തയ്യാറെടുക്കുകയാണ്. പുതിയ മോഡലുകള്‍ വഴി 2019 സാമ്പത്തിക വര്‍ഷത്തോടെ കാര്‍നിര്‍മ്മാതാക്കളില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കാനാണ് ശ്രമം.

 

Comments

comments

Categories: Auto, Trending