അതിവേഗം ജനകീയമാകുന്ന മൊബീല്‍ ഇന്റര്‍നെറ്റ്

അതിവേഗം ജനകീയമാകുന്ന മൊബീല്‍ ഇന്റര്‍നെറ്റ്

മൂന്നാം പാദത്തില്‍ മാത്രം മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29% വര്‍ധിച്ചു. ഡാറ്റ ബിസിനസ് ജിയോ പുനര്‍നിര്‍വചിച്ചു

മുംബൈ: നടപ്പു സാമ്പത്തിക വര്‍ഷം ഒക്‌റ്റോബറില്‍ തുടങ്ങി ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ രാജ്യത്തെ മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം 29 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇതേ സാമ്പത്തിക വര്‍ഷത്തെ സെപ്റ്റംബറില്‍ അവസാനിച്ച പാദവുമായി താരതമ്യം ചെയ്യുമ്പോഴാണിത്. വിപണി ഗവേഷണ സംരംഭമായ കന്‍താര്‍ ഐഎംആര്‍ബിയും മൊബീല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷനും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

കുറഞ്ഞ നിരക്കിലുള്ള ഡാറ്റ ഓഫറുകളുടെ സ്വീകാര്യതയാണ് മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പ്രതിഫലിച്ചിട്ടുള്ളതെന്ന് പഠനം വിലയിരുത്തുന്നു. സെര്‍ച്ച്, സോഷ്യല്‍, മെസേജിംഗ് വിഭാഗത്തിലുള്ള ഇടപെടലിനു വേണ്ടിയാണ് മൂന്നാം പാദത്തില്‍ മൊബീല്‍ ഇന്റര്‍നെറ്റ് ആവശ്യകത വര്‍ധിച്ചിട്ടുള്ളത്. ഈ മാധ്യമങ്ങളിലുള്ള ശരാശരി ചെലവിടല്‍ സമയം 50 ശതമാനം കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊട്ടു മുന്‍പാദത്തെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ വാട്ട്‌സാപ്പ് ഉപയോഗം 150 ശതമാനമാനം ഉയര്‍ന്നിട്ടുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിംഗിനു വേണ്ടിയുള്ള ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളാണ് മുന്നിലുള്ളത്. ഓണ്‍ലൈന്‍ ഷോപ്പിംഗ് പോര്‍ട്ടലുകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാള്‍ 1.3 തവണയില്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് നിരീക്ഷണം. ഏറ്റവും കൂടുതല്‍ പേര്‍ ഇടപെടുന്ന ഇന്റര്‍നെറ്റ് വിനോദങ്ങളില്‍ രണ്ടാം സ്ഥാനമാണ് ഷോപ്പിംഗിനുള്ളത്.

സൗജന്യ ഡാറ്റ ഓഫറുകളില്‍ തരംഗം തീര്‍ത്തുകൊണ്ടുള്ള റിലയന്‍സ് ജിയോയുടെ കടന്നുവരവ് ഉപയോക്താക്കള്‍ക്കിടിയില്‍ ഡാറ്റ ഉപയോഗം വര്‍ധിപ്പിച്ചിട്ടുണ്ടെന്നും, ഇതിലൂടെ രാജ്യത്തെ മൊബീല്‍ ശീലങ്ങള്‍ തന്നെ പുനര്‍നിര്‍വചിക്കപ്പെട്ടതായും കന്‍താര്‍ ഐഎംആര്‍ബിയുടെ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ വിഭാഗം മാനേജിംഗ് ഡയറക്റ്റര്‍ ഹേമന്ദ് മെഹ്ത പറഞ്ഞു. ജിയോ സൗജന്യ ഓഫറുകള്‍ ടെലികോം വ്യവസായത്തിന്റെ അടിസ്ഥാനപരമായ പുനര്‍രൂപീകരണത്തിലേക്ക് നയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം സൗജന്യ ഡാറ്റ പാക്കേജുകള്‍ക്ക് പുറമെ കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയും മൊബീല്‍ ഇന്റര്‍നെറ്റ് ഉപയോഗം വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡിസംബര്‍ പാദത്തില്‍ വാര്‍ത്താ മാധ്യമങ്ങളിലും, നവ മാധ്യമങ്ങളിലുമുള്ള ഉപയോക്തൃ ഇടപെടല്‍ വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക പരിഷ്‌ക്കരണ നടപടികള്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ടെന്ന് മൊബീല്‍ മാര്‍ക്കറ്റിംഗ് അസോസിയേഷന്‍ ഇന്ത്യ മാനേജര്‍ പ്രീതി ദേശായി അഭിപ്രായപ്പെട്ടു.

Comments

comments

Categories: Tech, Top Stories