കരാറില്‍ നിന്ന് പിന്‍വലിഞ്ഞ് ഇറാഖ്

കരാറില്‍ നിന്ന് പിന്‍വലിഞ്ഞ് ഇറാഖ്

എണ്ണ ഉല്‍പ്പാദനവും വിതരണവും ഉയര്‍ത്താന്‍ ഒരുങ്ങി ഇറാഖ്. ഈ വര്‍ഷം അവസാനത്തോടെ പ്രതിദിന ഉല്‍പ്പാദനം അഞ്ച് ബില്യണ്‍ ബാരലായി ഉയര്‍ത്താനാണ് ഇറാഖ് തീരുമാനിച്ചിരിക്കുന്നത്

ബാഗ്ദാദ്: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കണമെന്ന ഒപക് രാജ്യങ്ങളുടെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഒരുങ്ങി ഇറാഖ്. അടുത്ത വര്‍ഷം എണ്ണ ഉല്‍പ്പാദനവും കയറ്റുമതിയും വര്‍ധിപ്പിക്കാനാണ് ഇറാഖിന്റെ തീരുമാനം. ഈ വര്‍ഷം അവസാനത്തോടെ പ്രതിദിന ഉല്‍പ്പാദനം അഞ്ച് ബില്യണ്‍ ബാരലായി ഉയര്‍ത്താനാണ് ഇറാഖ് തീരുമാനിച്ചിരിക്കുന്നതെന്ന് ഓയില്‍ മന്ത്രി ജബ്ബാര്‍ അല്‍ ലുഐബി പറഞ്ഞു. ഫെബ്രുവരിയിലെ പ്രതിദിന ഓയില്‍ ഉല്‍പ്പാദനം 4.57 മില്യണ്‍ ബാരല്‍ ആയിരുന്നു.

ദക്ഷിണ മേഖലയിലേയും ഉത്തരമേഖലയിലേയും തുറമുഖത്തിലൂടെ ഫെബ്രുവരിയില്‍ പ്രതിദിനം 3.87 മില്യണ്‍ ബാരല്‍ എണ്ണയാണ് കയറ്റുമതി ചെയ്തത്. യുഎസിന്റെ ഷെയില്‍ ഓയിലിന്റെ വിതരണം വര്‍ധിച്ചതിനെത്തുടര്‍ന്ന് ഡിസംബറിനു ശേഷം ആദ്യമായി എണ്ണ വിലയില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ആഴ്ച എണ്ണവില ബാരലിന് 50 ഡോളറായിട്ടാണ് താഴ്ന്നത്. തകര്‍ന്നടിഞ്ഞ എണ്ണ വിപണിയെ തിരിച്ചുകൊണ്ടുവരുന്നതിനായി പെട്രോളിയം ഉല്‍പ്പാദക രാജ്യങ്ങള്‍ എണ്ണ ഉല്‍പ്പാദനവും വിതരണവും ജനുവരി ഒന്നു മുതല്‍ വെട്ടിക്കുറച്ചതാണ് യുഎസ് ഓയിലിന്റെ വിപണിയിലെ കുതിപ്പിന് കാരണമായത്.

ഒപക് രാജ്യങ്ങളുടെ ഗ്രൂപ്പിലെ ഏറ്റവും വലിയ ഉല്‍പ്പാദകരായ സൗദി അറേബ്യ കഴിഞ്ഞ മാസം ഉല്‍പ്പാദനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ കരാറിന്റെ ഭാഗമായി വിതരണം മാത്രം വെട്ടിക്കുറയ്ക്കുകയായിരുന്നു. ലോകത്തിലെതന്നെ ഏറ്റവും വലിയ ഉല്‍പ്പാദകരായതിനാല്‍ അധിക എണ്ണ സൂക്ഷിച്ച് വയ്ക്കാനുള്ള സൗകര്യം സൗദിക്കുണ്ട്.

ഷെയില്‍ ഓയില്‍ വിപണിയില്‍ കുതിപ്പുണ്ടാക്കിയത് ഇറാഖിന് തിരിച്ചടിയായെന്നും അല്‍ ലുഐബി പറഞ്ഞു. ആഗോളതലത്തില്‍ അധികമായിട്ടുള്ള വിതരണം നിയന്ത്രിക്കാനും എണ്ണ വിലയില്‍ ഉയര്‍ച്ചയുണ്ടാകുന്നതിനും വേണ്ടിയാണ് ഒപക് രാജ്യങ്ങള്‍ കരാറില്‍ ഏര്‍പ്പെട്ടത്.

പ്രതിദിനം .5 മില്യണ്‍ ബാരല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന രദാവി, ഒമര്‍ എന്നീ എണ്ണപ്പാടങ്ങള്‍ വികസിപ്പിക്കുന്നതിനായി മന്ത്രാലയം എക്‌സോണ്‍ മൊബീല്‍ കോര്‍പ്പറേഷനുമായി ചര്‍ച്ച നടത്തിയതായി ഗവണ്‍മെന്റിന്റെ ഉടമസ്ഥതയിലുള്ള സൗത്ത് ഓയില്‍ കമ്പനിയുടെ ഡയറക്റ്റര്‍ ജനറല്‍ ഹയ്യാന്‍ അബ്ദുള്‍ ഖാനി അബ്ദുള്‍ സഹ്‌റ പറഞ്ഞു.

ഒപക്കിലെ രണ്ടാമത്തെ ഏറ്റവും വലിയ ഉല്‍പ്പാദകരായ ഇറാഖ്, കയറ്റുമതി കൂട്ടാനും പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണ ഇറാഖിലെ മറ്റൊരു നിര്‍മാതാക്കളായ മിഷന്‍ ഓയില്‍ 2020 ആകുമ്പോഴേക്കും നിര്‍മാണം ഇരട്ടിയായി ഉയര്‍ത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

നിലവില്‍ പ്രതിദിനം 3,85,000 ബാരലാണ് കമ്പനി ഉല്‍പ്പാദിപ്പിക്കുന്നത്. ഇത് ഏഴ് ലക്ഷമായി ഉയര്‍ത്തുമെന്ന് കമ്പനി ഡയറക്റ്റര്‍ ജനറല്‍ അഡ്‌നാന്‍ സാജെത് പറഞ്ഞു. തെക്കുകിഴക്കന്‍ മൈസന്‍ പ്രവശ്യയിലുള്ള മൂന്ന് എണ്ണപ്പാടങ്ങളും വികസിപ്പിക്കാന്‍ ഈ വര്‍ഷം പകുതിയോടെ ഓയില്‍ മന്ത്രാലയം അപേക്ഷ ക്ഷണിക്കും. ദുജൈല്‍, കുമൈറ്റ്, റിഫായീ എന്നീ പാടങ്ങളാണ് വികസിപ്പിക്കാന്‍ ഒരുങ്ങുന്നത്.

 

Comments

comments

Categories: World
Tags: In Iraq, OPEC