ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി; ആഡംബര വസ്തുക്കള്‍ക്ക് വില കൂടും

ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായി; ആഡംബര വസ്തുക്കള്‍ക്ക് വില കൂടും

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ സെസ് വഴി പണം സ്വരൂപിക്കാനാണ് തീരുമാനം

ന്യൂഡെല്‍ഹി: ഏകീകൃത ചരക്ക് സേവന നികുതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന, കേന്ദ്രഭരണപ്രദേശ ജിഎസ്ടി ബില്ലുകള്‍ക്ക് കൗണ്‍സില്‍ അനുമതി നല്‍കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കും. രാജ്യത്തെ നികുതി സംവിധാനങ്ങളെ ഒറ്റ കുടക്കീഴിലാക്കികൊണ്ട് ജൂലൈയില്‍ ജിഎസ്ടി നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

ഏകീകൃത വിപണിയിലേക്കുള്ള ഇന്ത്യയുടെ യാത്രയില്‍ സംസ്ഥാന, കേന്ദ്രഭരണപ്രദേശ ജിഎസ്ടികള്‍ പ്രധാന പങ്കുവഹിക്കും. അതേസമയം ജൂലൈ ഒന്നിന് ജിഎസ്ടി നയം നടപ്പിലാക്കുക നിര്‍ണായകമായിരിക്കുമെന്നാണ് വിലയിരുത്തല്‍. ആഡംബര വസ്തുക്കള്‍ക്കും ശീതളപാനീയങ്ങള്‍ക്കും പരമാവധി 15 ശതമാനം വരെ സെസ് ഏര്‍പ്പെടുത്താനും ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ധാരണയായിട്ടുണ്ട്. നികുതിക്കു പുറമേ ആയിരിക്കും സെസ് നല്‍കേണ്ടി വരിക. അതായത്, ആഡംബര കാറുകള്‍ക്കും, ശീതളപാനീയങ്ങള്‍ക്കും ഇപ്പോഴുള്ള നികുതി 40 ശതമാനമാണെങ്കില്‍ പരമാവധി നികുതിയായ 28 ശതമാനത്തിനു പുറമെ 15 ശതമാനം സെസ് കൂടി നല്‍കേണ്ടി വരും.

സിഗററ്റ് ഉള്‍പ്പെടെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് അവയുടെ മൂല്യമനുസരിച്ച് 290 ശതമാനം അല്ലെങ്കില്‍ 4,170 രൂപ സെസ് ചുമത്താനാണ് തീരുമാനം. പാന്‍ മസാലകള്‍ക്ക് മൂല്യമനുസരിച്ച് 135 ശതമാനം വരെയും സെസ് ചുമത്തും. എന്നാല്‍, കേരളത്തിന്റെ എതിര്‍പ്പു പരിഗണിച്ച് പുകയില ഉല്‍പ്പന്നങ്ങളില്‍ ബീഡിയുടെ കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഒട്ടേറെ തൊഴിലാളികളെ ബാധിക്കുമെന്നതിനാല്‍ സെസ് ചുമത്തുന്ന പുകയില ഉല്‍പ്പന്നങ്ങളില്‍ നിന്ന് ബീഡിയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് കത്തയച്ചിരുന്നു.

ആഡംബര വിഭാഗത്തില്‍പ്പെടാത്ത കാറുകള്‍ക്കും സെസ് ചുമത്തുന്നതിന് കരട് നിയമത്തില്‍ ഉള്‍പ്പെടുത്താന്‍ കൗണ്‍സില്‍ തീരുമാനിച്ചിട്ടുണ്ട്. ആഡംബര കാറുകള്‍ക്ക് പുറമെ ഭാവിയില്‍ മറ്റ് കാറുകള്‍ക്കും 28 ശതമാനത്തിനു മുകളില്‍ സെസ് ചുമത്താനുള്ള സാധ്യതയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഓരോ വസ്തുവിനും പ്രത്യേകമായുള്ള നികുതി നിരക്ക് കൂടി ഇനി തീരുമാനിക്കേണ്ടതുണ്ട്.

കയറ്റുമതിക്ക് സമാനമായി പ്രത്യേക സാമ്പത്തിക മേഖലകളില്‍ (എസ്ഇഇസെഡ്) ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്കും നികുതി സംവിധാനമുണ്ടാക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നും വിതരണം ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ സംഭരണത്തിനുള്ള നികുതി സീറോ നിരക്കിലായിരിക്കും.

ജിഎസ്ടി നടപ്പിലാക്കുമ്പോള്‍ സംസ്ഥാനത്തുണ്ടാകുന്ന വരുമാന നഷ്ടം നികത്താന്‍ സെസ് വഴി പണം സ്വരൂപിക്കാനാണ് തീരുമാനം. സംസ്ഥാന, കേന്ദ്രഭരണപ്രദേശ ജിഎസ്ടി ബില്ലുകള്‍ കൂടി യോഗം അംഗീകരിച്ചതോടെ ഈ നികുതി ഘടനയുടെ ഭാഗമായുള്ള അഞ്ച് കരട് നിയമങ്ങള്‍ക്ക് തത്വത്തില്‍ അംഗീകാരമായെന്ന് ജയ്റ്റ്‌ലി പറഞ്ഞു.

കേന്ദ്ര ജിഎസ്ടി, സംയോജിത ജിഎസ്ടി, നഷ്ടപരിഹാരം തുടങ്ങിയ ബില്ലുകള്‍ക്ക് നേരത്തെ നടന്ന യോഗത്തില്‍ കൗണ്‍സില്‍ അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാന ജിഎസ്ടി ഒഴികെയുള്ള ബാക്കി നാല് കരട് നിയമങ്ങളും കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിനു ശേഷം പാര്‍ലമെന്റില്‍ വെക്കും.

സംസ്ഥാന ജിഎസ്ടിക്ക് എല്ലാ സംസ്ഥാന സഭകളുടെയും അംഗീകാരം തേടേണ്ടതുണ്ട്. നികുതി മൂല്യ നിര്‍ണയം അടക്കമുള്ള നാല് പ്രധാനപ്പെട്ട കരട് നിയമങ്ങള്‍ക്ക് കൂടി അംഗീകാരം ലഭിക്കാനുണ്ട്. ഇതിനായി മാര്‍ച്ച് 31ന് ജിഎസ്ടി കൗണ്‍സില്‍ വീണ്ടും യോഗം ചേരും. ശേഷമായിരിക്കും വസ്തുക്കളെ പട്ടികപ്പെടുത്തികൊണ്ട് നികുതി നിശ്ചയിക്കുക.

Comments

comments

Categories: Top Stories