കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ എന്‍എഫ്‌സിഎലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ എന്‍എഫ്‌സിഎലിനെ ഏറ്റെടുക്കാനൊരുങ്ങുന്നു

ഇന്ത്യയിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് വളം കമ്പനിയാണ് കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍

ഹൈദരാബാദ്: മുരുഗപ്പ ഗ്രൂപ്പിനു കീഴിലുള്ള ഫോസ്‌ഫേറ്റ് വളം നിര്‍മാണ കമ്പനിയായ കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ നാഗാര്‍ജുന ഫേര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിനെ (എന്‍എഫ്‌സിഎല്‍) ഏറ്റെടുക്കാന്‍ ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായാണ് വിവരം. എന്‍എഫ്‌സിഎലും മുരുഗപ്പ ഗ്രൂപ്പുമായുള്ള ചര്‍ച്ച ഇപ്പോള്‍ പ്രാഥമിക ഘട്ടത്തിലാണ്.

ഇന്ത്യയിലെ ഏറ്റവും വലിയ ഫോസ്‌ഫേറ്റ് വളം കമ്പനിയാണ് കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍. ഇരു കമ്പനികളും തമ്മിലുള്ള ഏറ്റെടുക്കല്‍ ചര്‍ച്ച ധാരണയിലെത്തുകയാണെങ്കില്‍ വളം നിര്‍മാണ രംഗത്ത് നടക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും വലിയ കരാറുകളിലൊന്നായിരിക്കുമിത്. 3,000 കോടി രൂപയ്ക്കും 3,600 കോടി രൂപയ്ക്കുമിടയില്‍ കരാര്‍ മൂല്യം ഉറപ്പിക്കാനാണ് സാധ്യത.

ഇതോടെ രാജ്യത്തെ വളം നിര്‍മാണ രംഗത്തെ ഏറ്റവും വലിയ സംയുക്ത കമ്പനിയായി കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ മാറും. യൂറിയ നിര്‍മാണ രംഗത്തെ പ്രധാന കമ്പനിയായ നാഗാര്‍ജുനയെ സ്വന്തമാക്കുന്നതോടെ ഫോസ്‌ഫേറ്റിലും, യൂറിയ നിര്‍മാണ രംഗത്തും കോറോമാന്‍ഡല്‍ ഇന്റര്‍നാഷണല്‍ ഒരു പോലെ കരുത്ത് പ്രകടമാക്കും.

കിഴക്കന്‍ തീരദേശ മേഖലയിലെ നിലവിലുള്ള ഉല്‍പ്പാദന യൂണിറ്റുകളില്‍ നിന്നും ഉല്‍പ്പാദനം കുറയ്ക്കുന്നതിനും കോറോമാന്‍ഡല്‍ ഇന്റര്‍നാഷണലിന് ഈ നീക്കം സഹായകമാകും. ആന്ധ്രാപ്രദേശിലെ കാകിനാഡ, വിശാഖപട്ടണം തമിഴ്‌നാട്ടിലെ എന്നൂര്‍ എന്നിവിടങ്ങളിലാണ് കോറോമാന്‍ഡലിന്റെ മാനുഫാക്ച്ചറിംഗ് യൂണിറ്റുകളുള്ളത്.

എന്‍എഫ്‌സിഎലിനും കാകിനാഡയില്‍ യൂറിയ ഉല്‍പ്പാദന യൂണിറ്റുണ്ട്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 3,656 കോടി രൂപയുടെ വില്‍പ്പനയും 114 കോടി രൂപയുടെ അറ്റ നഷ്ടവുമാണ് കാകിനാഡയിലെ എന്‍എഫ്‌സിഎലിന്റെ യൂറിയ ഉല്‍പ്പാദന കേന്ദ്രം രേഖപ്പെടുത്തിയത്.

Comments

comments

Categories: Business & Economy

Related Articles