ട്രംപിന് തിരിച്ചടി : യാത്രാ നിരോധനത്തിനു യുഎസ് ജഡ്ജ് വിലക്കേര്‍പ്പെടുത്തി

ട്രംപിന് തിരിച്ചടി : യാത്രാ നിരോധനത്തിനു യുഎസ് ജഡ്ജ് വിലക്കേര്‍പ്പെടുത്തി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ യാത്രാ വിലക്കിനു ഹവായിലുള്ള ഫെഡറല്‍ ജഡ്ജ് വിലക്കേര്‍പ്പെടുത്തി. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ നടപ്പിലാക്കാനിരുന്നതാണു പുതിയ യാത്രാവിലക്ക്. എന്നാല്‍ ഉത്തരവ് നടപ്പിലാകുന്നതിനു തൊട്ടുമുമ്പ് ബുധനാഴ്ച കോടതി ഇടപെടുകയായിരുന്നു.യാത്രാ നിരോധന ഉത്തരവിനു വിലക്കേര്‍പ്പെടുത്തിയ കോടതിയുടെ തീരുമാനം കീഴ്‌വഴക്കമനുസരിച്ചുള്ളതല്ലെന്നും ഇതു കോടതിയുടെ പരിധികടക്കലാണെന്നും ട്രംപ് പ്രതികരിച്ചു.

ഈ വിധിക്കെതിരേ നിയമപോരാട്ടം നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ഇറാഖ്, ഇറാന്‍, ലിബിയ, യെമന്‍, സൊമാലിയ, സുഡാന്‍, സിറിയ എന്നീ ഏഴ് രാജ്യങ്ങളിലെ പൗരന്‍മാര്‍ യുഎസിലേക്ക് പ്രവേശിക്കുന്നതു വിലക്കുന്ന ഉത്തരവ് ട്രംപ് ഇറക്കിയിരുന്നു. ഇത് പിന്നീട് മാര്‍ച്ച് ആറിന് പരിഷ്‌കരിച്ചതിനു ശേഷം പുതുക്കിയ മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചു. ഇതില്‍ ഇറാഖിനെ വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.

ഇറാഖില്‍ ഐഎസിനെതിരേ അമേരിക്ക പോരാട്ടം നയിക്കുന്നതിനാല്‍ പട്ടികയില്‍നിന്നും ഇറാഖിനെ നീക്കം ചെയ്യണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ട്രംപിനോട് നിര്‍ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇറാഖിനെ പുതിയ പട്ടികയില്‍നിന്നും ഒഴിവാക്കിയത്. പുതിയ ഉത്തരവ് മാര്‍ച്ച് 16നു നിലവില്‍വരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

അഭയാര്‍ഥികളെ വിലക്കിക്കൊണ്ടുള്ള ഉത്തരവ് അമേരിക്കന്‍ ഭരണഘടനയനുസരിച്ച് മുസ്ലിം മതവിഭാഗങ്ങള്‍ക്കുനേരെയുള്ള വിവേചനമാണെന്നു കാണിച്ചു സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണു ബുധനാഴ്ച ജഡ്ജി ഡെറിക് വാട്‌സണ്‍ ട്രംപിന്റെ പുതിയ യാത്രാ വിലക്ക് തടഞ്ഞത്.

Comments

comments

Categories: FK Special, World