പഠനവും ഇനി ഓണ്‍ലൈന്‍

പഠനവും ഇനി ഓണ്‍ലൈന്‍

ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുത്തുകൊണ്ട് തരുണ്‍ ഉപ്പല്‍ എന്ന യുവാവ് ആരംഭിച്ച വിനയ എന്ന സംരംഭത്തിന് നിരവധി ഉപയോക്താക്കളാണുള്ളത്.

മുപ്പത്തിയാറുകാരനായ തരുണ്‍ ഉപ്പല്‍ സംരംഭകത്വ മേഖലയില്‍ പുതുമുഖമല്ല. 2003ല്‍ തന്റെ വീടിന് അടിത്തറയിട്ടുക്കൊണ്ടാണ് ഈ രംഗത്തേക്കുള്ള അദ്ദേഹത്തിന്റെ യാത്ര ആരംഭിക്കുന്നത്. സംരംഭകത്വം മാത്രം മനസില്‍ കണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ യാത്ര 2005ല്‍ ക്രീഡ് ഇന്‍ഫോടെക്കിന് രൂപം നല്‍കുന്നതിനും കാരണമായി. ഇന്ത്യന്‍, അമേരിക്കന്‍ വിപണികളിലെ ബിപിഒ, കെപിഒ, വിദ്യാഭ്യാസമേഖലകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു കമ്പനിയാണിത്.

വിദ്യാഭ്യാസരംഗത്ത് ആദ്യമായി ഇടപെട്ടപ്പോള്‍ സ്‌കൂളിലെ പ്രഥമദിനത്തില്‍ കൊച്ചുകുട്ടികള്‍ക്ക് ഉണ്ടാകുന്ന തരത്തിലുള്ള ബുദ്ധിമുട്ടുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഒരു വിദ്യാര്‍ത്ഥിയെ വിലയിരുത്തേണ്ടത് അവരുടെ കഴിവും മികവും മാത്രം കണക്കിലെടുത്തല്ല, അവര്‍ വളര്‍ന്നുവരുന്ന ചുറ്റുപാടുകളും കൂടി പരിഗണിച്ചാണെന്ന് തരുണ്‍ തിരിച്ചറിഞ്ഞു. അധ്യാപകരും മാതാപിതാക്കളുമൊക്കെ അടങ്ങിയ ചുറ്റുപാടില്‍ നിന്നാണ് ഒരു വിദ്യാര്‍ത്ഥിയും സ്വയം രൂപപ്പെടുന്നത്.

ഓരോ വിദ്യാര്‍ത്ഥിയെയും മികച്ചവരാക്കാന്‍ ശ്രമിക്കുന്നതിന് പകരം, അവരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള സമീപനത്തിലാണ് മാറ്റം വരുത്തേണ്ടതെന്ന് മനസിലാക്കുകയും അതിനായി ശ്രദ്ധ പതിപ്പിക്കുകയുമാണ് ചെയ്തതെന്ന് തരുണ്‍ വ്യക്തമാക്കുന്നു. സ്‌കൂളുകളിലെ കുട്ടികളുടെ മികച്ച പ്രകടനത്തിന്റെ 80 ശതമാനവും വരുന്നത് അവര്‍ക്ക് വീട്ടില്‍ നിന്നു ലഭിക്കുന്ന വിദ്യാഭ്യാസത്തില്‍ നിന്നുമാണ്.

കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളില്‍ ശാസ്ത്രീയസമീപനം സ്വീകരിക്കുന്നതില്‍ നല്ലൊരു ശതമാനം മാതാപിതാക്കള്‍ക്കും ഏറെ ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടതായി വരുന്നു. കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനു വേണ്ട മാനസികാവസ്ഥ ഉണ്ടാക്കിയെടുക്കുന്നതിനായി തരുണ്‍ ഒരു മാര്‍ഗം കണ്ടെത്തി. അങ്ങനെയാണ് തരുണും ഭാര്യ റൂഹിയും ചേര്‍ന്ന് 2012ല്‍ ‘ഇ ഓണ്‍ലൈന്‍ ട്യൂട്ടേഴ്‌സ്’ എന്ന പേരില്‍ ഒരു ഓണ്‍ലൈന്‍ ട്യൂട്ടോറിയല്‍ കമ്പനി ആരംഭിക്കുന്നത്.

അമേരിക്ക കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനി നോര്‍ത്ത് അമേരിക്കയിലെയും ഓഷ്യാനിയിലെയും കെ- 12 വിദ്യാര്‍ത്ഥികള്‍ക്ക് ഗണിതശാസ്ത്രം, സയന്‍സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നു. മാത്രമല്ല, വിദ്യാര്‍ത്ഥികളുടെ സ്വാഭാവിക ബോധനരീതി കണ്ടെത്തുകയും അതനുസരിച്ചുള്ള മാറ്റങ്ങള്‍ അധ്യാപനരീതിയില്‍ കൊണ്ടുവരുന്നതിനും ഇവര്‍ ശ്രമിക്കുന്നു. അതുതന്നെയാണ് ഇ ഓണ്‍ലൈന്‍ ട്യൂട്ടേഴ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

2015ല്‍ ഈ സംരംഭത്തെ ‘വിനയ’ എന്ന പേരിലേക്ക് റീബ്രാന്‍ഡ് ചെയ്യുന്നതിന് ഇവര്‍ക്കു കഴിഞ്ഞു. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനൊപ്പം ഓണ്‍ലൈന്‍ ഏജ്യുക്കേഷന്‍ പ്രൊഡക്റ്റും സേവനങ്ങളും നല്‍കുന്നതിനും ഇവര്‍ തുടക്കമിട്ടു. മൊഹാലിയില്‍ ഒരു സംരംഭം ആരംഭിക്കുന്നത് ഇങ്ങനെയായിരുന്നു. മൊഹാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിനയ യുഎസിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മെട്രോ സിറ്റികളിലേക്കാള്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ പ്രവര്‍ത്തനങ്ങളായിരുന്നു ഇവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. തരുണിന്റെ സംരംഭകത്വയാത്രയിലെ ആദ്യകാലങ്ങളില്‍ ഈ മാറ്റം ഏറെ പ്രകടമായിരുന്നു. സ്റ്റാര്‍ട്ടപ്പ് ലോകത്തെക്കുറിച്ച് അടുത്തറിയുന്നതിന് സഹായിച്ചത് ന്യൂഡെല്‍ഹിയില്‍ വെച്ച് കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്തതാണെന്ന് തരുണ്‍ ഓര്‍മിക്കുന്നു.

കുട്ടികള്‍ക്ക് ഓരോ കാര്യങ്ങളും പഠിച്ചെടുക്കുന്നതിനുള്ള കഴിവുകളും അവരുടെ പഠനശൈലിയുമൊക്കെ തിരിച്ചറിയുന്നതിനും മനസിലാക്കുന്നതിനും മാതാപിതാക്കളെ സഹായിക്കുന്ന വിധത്തിലുള്ള സൗജന്യ ഓണ്‍ലൈന്‍ അസെസ്‌മെന്റാണ് വിനയ എന്ന സംരംഭത്തിലൂടെ അദ്ദേഹം നല്‍കിയത്. മാതാപിതാക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖേന റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിനും ഇതേറെ സഹായകമായി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിചയസമ്പന്നരായ ആള്‍ക്കാരില്‍ നിന്നും 30 മിനുറ്റ് നേരത്തെ സൗജന്യ കൗണ്‍സിലിംഗ് ക്ലാസുകളും മാതാപിതാക്കള്‍ക്ക് നല്‍കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമിടയിലുള്ള ആശയവിനിമയം മികച്ച രീതിയില്‍ നടക്കുന്നതിനും ഇത്തരം കൗണ്‍സിലിംഗ് ഏറെ സഹായിക്കുന്നു.

കെ 12 സ്‌കൂളിലെയും കോളെജിലെയും വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ഗണിതശാസ്ത്രം, സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ ട്യൂഷന്‍ നല്‍കുന്നത്. വെര്‍ച്വല്‍ ക്ലാസ്‌റൂം സാങ്കേതികവിദ്യയും ഈ സ്റ്റാര്‍ട്ടപ്പില്‍ സ്ഥിരമായി ഉപയോഗിച്ചു വരുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരേ സമയം സംസാരിക്കുന്നതിനും ടൈപ്പ് ചെയ്യുന്നതിനും ഫയലുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുമൊക്കെ ഇതുവഴി സാധിക്കും. ഇപ്പോള്‍ വിനയക്ക് 2000ത്തിനടുത്ത് ഉപയോക്താക്കളാണുള്ളത്.

അധ്യാപന രംഗത്തെ മുന്‍പരിചയം, പാഠ്യമികവ്, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങി ഒട്ടനവധി കാര്യങ്ങള്‍ പരിഗണിച്ച ശേഷം മാത്രമേ ഈ ഓണ്‍ലൈന്‍ ട്യൂട്ടോറിയലിലേക്ക് അധ്യാപകരെ നിയമിക്കുകയുള്ളൂ. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ ചില്‍ഡ്രന്‍സ് ലേണിംഗില്‍ ഡോക്റ്ററേറ്റ് ഉള്ള പാട്രിഷ്യ പോര്‍ട്ടറും വിനയയുമായി പങ്കാളിത്തമുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തനപരിചയമുള്ളയാളാണ് അദ്ദേഹം.

വിനയ ട്യൂട്ടറിംഗ് സര്‍വ്വീസിന് പലവിധത്തിലുള്ള വരിക്കാരാണുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷമായി വര്‍ഷം തോറും 200 ശതമാനമാണ് സ്ഥാപനത്തിന്റെ വളര്‍ച്ചാനിരക്കെന്ന് തരുണ്‍ വ്യക്തമാക്കുന്നു. 50 മുഴുവന്‍ സമയ ജീവനക്കാരുള്ള വിനയക്ക് നോര്‍ത്ത് അമേരിക്ക, ഓഷ്യാനിയ, യുകെ, യുഎഇ എന്നിവിടങ്ങളിലാണ് വരിക്കാരുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഇന്ത്യ ബ്രാന്‍ഡ് ഇക്വിറ്റി ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പ്രകാരം, ആഗോള വിദ്യാഭ്യാസമേഖലയില്‍ ഇന്ത്യ വഹിക്കുന്ന പങ്ക് ചില്ലറയല്ല. 1.4 മില്ല്യണിലധികം സ്‌കൂളുകളിലായി 227 വിദ്യാര്‍ത്ഥികളാണ് രാജ്യത്തുള്ളത്. ഇ ലേണിംഗിലേക്ക് കടക്കുന്നതോടെ ആഗോള തലത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്യും. ഇപ്പോള്‍ രണ്ട് മുതല്‍ മൂന്ന് വരെ മില്ല്യണ്‍ ഡോളര്‍ ലഭിക്കുന്ന വിദ്യാഭ്യാസ മേഖല 2017 ആകുന്നതോടെ 40 മില്ല്യണ്‍ ഡോളറിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച അധ്യാപകരെ കണ്ടെത്തുന്നതിനായി 12-)o ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ ഓണ്‍ലൈനില്‍ തെരച്ചില്‍ നടത്താറുണ്ട്.

Comments

comments

Categories: Education, Trending