കിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്ക് കടക്കാനൊരുങ്ങി പതഞ്ജലി

കിഴക്കന്‍ ഏഷ്യന്‍ വിപണികളിലേക്ക് കടക്കാനൊരുങ്ങി പതഞ്ജലി

കയറ്റുമതി ലക്ഷ്യമിട്ട് ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കും

ന്യൂഡെല്‍ഹി: വിദേശ വിപണികളിലും പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കാന്‍ യോഗ ഗുരു ബാബ രാംദേവ് പദ്ധതിയിടുന്നു. ഇന്ത്യയില്‍ ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ പതഞ്ജലിയെ വിദേശ വിപണികളിലും ശക്തമായ സാന്നിധ്യമാക്കാനാണ് ബാബ രാംദേവിന്റെ ശ്രമം.  ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ചില്‍ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കാനും പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡ് ആസൂത്രണം ചെയ്തിട്ടുണ്ട്.

റോഡ് മാര്‍ഗവും, ജലപാത ഉപയോഗപ്പെടുത്തിയും ഇന്ത്യയെ അയല്‍ രാജ്യങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മള്‍ട്ടി മോഡല്‍ ഹബ്ബ് ആയി സാഹിബ്ഗഞ്ചിനെ മാറ്റുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്. ഇതു വഴിയുണ്ടാകുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനു വേണ്ടിയാണ് പതഞ്ജലി തങ്ങളുടെ ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുന്നതിന് സാഹിബ്ഗഞ്ച് തെരഞ്ഞെടുത്തത്. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുമായി പതഞ്ജലി ചര്‍ച്ച ആരംഭിച്ചതായാണ് വിവരം.

ഷാംപൂ, ടൂത്ത് പേസ്റ്റ്. ബിസ്‌ക്കറ്റ്‌സ്, നൂഡില്‍സ്, അരി, ഗോതമ്പ്, തേന്‍, നെയ് തുടങ്ങി വിവിധ ശ്രേണിയില്‍പ്പെട്ട ഉല്‍പ്പന്നങ്ങളാണ് പതഞ്ജലി ബ്രാന്‍ഡിനു കീഴില്‍ അണിനിരത്തിയിട്ടുള്ളത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ചൈന, മ്യാന്‍മാര്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നതിന് സാഹിബ്ഗഞ്ച് മള്‍ട്ടി മോഡല്‍ ടെര്‍മിനലിനെ ഉപയോഗപ്പെടുത്തുന്നതിനു വേണ്ടി ഇന്ത്യയുടെ ഉള്‍നാടന്‍ ജലഗതാഗത അതോറിറ്റിയുമായും കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിധിന്‍ ഗഡ്കരിയുമായും കമ്പനി ചര്‍ച്ച നടത്തുകയാണ്.

കയറ്റുമതി ആവശ്യത്തിന് ഉള്‍നാടന്‍ ജലപാത ഉപയോഗപ്പെടുത്തുന്നത് ലോജിസ്റ്റിക്‌സ് ചെലവ് കുറയ്ക്കുന്നതിന് കമ്പനിയെ സഹായിക്കും. ഇതിലൂടെ വിലയിലും ഗുണനിലവാരത്തിലും കടുത്ത മത്സരം സൃഷ്ടിച്ച് കിഴക്കന്‍ ഏഷ്യന്‍ വിപണികള്‍ കീഴടക്കാനാണ് പതഞ്ജലിയുടെ ശ്രമം. കേന്ദ്ര സര്‍ക്കാരിന്റെ ആക്റ്റ് ഈസ്റ്റ് പോളിസിയുമായി ചേര്‍ന്നായിരിക്കും പതഞ്ജലി വിദേശ വിപണികള്‍ കേന്ദ്രീകരിച്ചുള്ള വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇന്ത്യയുമായി ഏറ്റവും അടുത്ത ബന്ധമുള്ള അയല്‍ രാജ്യങ്ങളുമായും ഏഷ്യ-പസഫിക് രാജ്യങ്ങളുമായും സഹകരണമുറപ്പിക്കുന്നതിനാണ് ആക്റ്റ് ഈസ്റ്റ് പോളിസി ഊന്നല്‍ നല്‍കുന്നത്.

വിദേശ വിപണികളിലേക്ക് കടക്കുന്നതിന് സാഹിബ്ഗഞ്ച് ഏറ്റവും അനുയോജ്യമായ ഇടമാണെന്നാണ് പതഞ്ജലി ആയുര്‍വേദ് വക്താവ് പ്രതികരിച്ചത്. ഇതു സംബന്ധിച്ച് ജാര്‍ഖണ്ഡ് സര്‍ക്കാരുമായും ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. യുഎസ്, യുകെ, കാനഡ, മൗറീഷ്യസ് തുടങ്ങി ഇന്ത്യന്‍ വംശജരായ ആളുകള്‍ കൂടുതലുള്ള രാജ്യങ്ങളിലേക്ക് കുറഞ്ഞ അളവില്‍ പതഞ്ജലി ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി നിലവില്‍ നടക്കുന്നുണ്ട്. അടുത്തിടെ യുഎഇ, ഇറാന്‍, അസര്‍ബെയ്ജാന്‍ എന്നീ വിപണികളില്‍ നിന്നും കമ്പനിക്ക് ഓഫര്‍ ലഭിച്ചിട്ടുണ്ടെന്നും പതഞ്ജലി പറയുന്നു.

Comments

comments

Categories: Business & Economy, World