സ്‌കോട്ട്‌ലാന്‍ഡ് യുകെയോട് വിടപറയുകയാണെങ്കില്‍ ബ്രെക്‌സിറ്റ് ഗെയിം ഇംഗ്ലണ്ടിനു നഷ്ടപ്പെടും

സ്‌കോട്ട്‌ലാന്‍ഡ് യുകെയോട് വിടപറയുകയാണെങ്കില്‍  ബ്രെക്‌സിറ്റ് ഗെയിം ഇംഗ്ലണ്ടിനു നഷ്ടപ്പെടും

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ സ്‌കോട്ട്‌ലാന്‍ഡ് ഇയുവില്‍ തുടരാനും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബ്രെക്‌സിറ്റ് ജനഹിതപരിശോധനയില്‍ സ്‌കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇയുവില്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. യുകെയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം സ്‌കോട്ട്‌ലാന്‍ഡിന്റെ രണ്ടാം ജനഹിതപരിശോധനയെ കുറിച്ചാണ്. സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹം സാക്ഷാത്കരിക്കാനാകുമോ എന്ന ചോദ്യത്തിനു വലിയൊരു വിഭാഗം സ്‌കോട്ടിഷ് ജനത ‘യെസ് ‘ എന്നു തന്നെയാണ് ഉത്തരം നല്‍കുന്നത്.

വടക്കന്‍ ഐയര്‍ലന്‍ഡ്, വെയ്ല്‍സ്, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലന്‍ഡ് തുടങ്ങിയ നാല് രാഷ്ട്രീയ അസ്തിത്വങ്ങളെ ഒന്നിപ്പിക്കുന്ന കൂട്ടായ്മയായ യുകെ (United Kingdom)ക്ക് അപായ സൂചന ലഭിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സ്‌കോട്ട്‌ലാന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററും(First Minister) സ്‌കോട്ടിഷ് നാഷണലിസ്റ്റ് പാര്‍ട്ടിയുടെ നേതാവുമായ നിക്കോള സ്റ്റര്‍ജന്‍ യുകെയില്‍നിന്നും സ്‌കോട്ട്‌ലാന്‍ഡിനു സ്വാതന്ത്ര്യം വേണമെന്ന ആവശ്യം ഉന്നയിക്കുകയുണ്ടായി. ഇതു സംബന്ധിച്ചു ജനഹിത പരിശോധന നടത്തുന്ന കാര്യം പരിഗണിക്കുമെന്നും അവര്‍ അഭിപ്രായപ്പെടുകയുണ്ടായി. ഇതു യുകെയെ നിയന്ത്രിക്കുന്ന ഇംഗ്ലണ്ടിനു സൃഷ്ടിച്ചിരിക്കുന്ന തലവേദന നിസാരമല്ല.

ഏകദേശം രണ്ടര വര്‍ഷം മുന്‍പ് 2014-ല്‍ സ്‌കോട്ട്‌ലാന്‍ഡില്‍ ജനഹിത പരിശോധന നടന്നിരുന്നു. എന്നാല്‍ അന്നു യുകെയില്‍നിന്നും സ്വാതന്ത്ര്യം വേണമെന്ന് ആവശ്യമുന്നയിച്ച സ്‌കോട്ടിഷ് ജനതയെ പല കാരണങ്ങള്‍ പറഞ്ഞു യുകെ എന്ന കൂട്ടായ്മയെ അനുകൂലിക്കുന്നവര്‍ പിന്തിരിപ്പിക്കുകയായിരുന്നു. സ്‌കോട്ട്‌ലാന്‍ഡ്, യുകെയില്‍നിന്നും പിന്‍വാങ്ങിയാല്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം നഷ്ടമാകുമെന്ന കാരണം പറഞ്ഞാണ് അന്നു സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യമോഹത്തെ പിന്തിരിപ്പിച്ചത്.

2014ല്‍ നടന്ന ജനഹിത പരിശോധന അനുകൂലമാവുകയും സ്‌കോട്ട്‌ലാന്‍ഡ് യുകെ വിട്ടു പുറത്തുകടക്കുകയും ചെയ്തിരുന്നെങ്കില്‍ പോലും യൂറോപ്യന്‍ യൂണിയനില്‍(ഇയു) അംഗത്വം ലഭിക്കുമായിരുന്നില്ല. സ്‌പെയ്‌നും, ബെല്‍ജിയവും സ്‌കോട്ട്‌ലാന്‍ഡിന്റെ അംഗത്വത്തെ എതിര്‍ക്കുമായിരുന്നു. കാരണം സ്‌പെയ്‌നിലെ കാറ്റലോണിയന്‍ പ്രവിശ്യ സ്‌കോട്ട്‌ലാന്‍ഡിനെ പോലെ സ്വാതന്ത്ര്യമോഹത്തിനായി വര്‍ഷങ്ങളായി പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

സ്‌കോട്ട്‌ലാന്‍ഡിന് ഇയു അംഗത്വം ലഭിക്കുന്നത് കാറ്റലോണിയന്‍ പ്രവിശ്യക്ക് ഊര്‍ജ്ജം പകരും. ഇതാവട്ടെ സ്‌പെയ്‌നു തലവേദന സൃഷ്ടിക്കുകയും ചെയ്യും. ഇന്നു സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്മാറാന്‍ തീരുമാനിച്ചിരിക്കുന്നു. പക്ഷേ സ്‌കോട്ട്‌ലാന്‍ഡ് ഇയുവില്‍ തുടരാനും താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ബ്രെക്‌സിറ്റ് ജനഹിതപരിശോധനയില്‍ സ്‌കോട്ടിഷ് ജനതയില്‍ ഭൂരിഭാഗവും ഇയുവില്‍ തുടരണമെന്നാണ് അഭിപ്രായപ്പെട്ടത്. യുകെയില്‍ ഇപ്പോള്‍ പ്രധാന ചര്‍ച്ചാവിഷയം സ്‌കോട്ട്‌ലാന്‍ഡിന്റെ രണ്ടാം ജനഹിതപരിശോധനയെ കുറിച്ചാണ്.

കഴിഞ്ഞ ദിവസം ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ജെറമി കോര്‍ബിന്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ രണ്ടാം ജനഹിതം എന്ന ആവശ്യത്തെ പിന്തുണയ്ക്കുകയുണ്ടായി.
സ്‌കോട്ട്‌ലാന്‍ഡിന്റെ സ്വാതന്ത്ര്യ മോഹം സാക്ഷാത്കരിക്കാനാകുമോ എന്ന ചോദ്യത്തിനു വലിയൊരു വിഭാഗം സ്‌കോട്ടിഷ് ജനത ‘യെസ് ‘ എന്നു തന്നെയാണ് ഉത്തരം നല്‍കുന്നത്. 2014ല്‍ ജനഹിത പരിശോധന നടന്നപ്പോള്‍ സ്‌കോട്ട്‌ലാന്‍ഡിലെ 55 ശതമാനം പേരും അഭിപ്രായപ്പെട്ടത് യുകെയില്‍ തുടരണമെന്നായിരുന്നു.

എന്നാല്‍ ഇപ്പോള്‍ ജനഹിതപരിശോധന നടക്കുകയാണെങ്കില്‍ 54 ശതമാനം പേരും പറയുന്നതു യുകെ വിട്ടു പോകുന്നതിനെ അനുകൂലിക്കുമെന്നാണ്. യുകെയില്‍നിന്നും സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ സ്‌കോട്ട്‌ലാന്‍ഡിന്റെ എണ്ണ, ഊര്‍ജ്ജ മേഖലയെ ആശങ്കപ്പെടുത്തുന്നതാണ്. ബ്രെക്‌സിറ്റ് ഫലം വന്നതിനു ശേഷം നിലനില്‍ക്കുന്ന സംഘര്‍ഷഭരിതമായ അന്തരീഷം യുകെയുടെ കറന്‍സിയായ സ്റ്റെര്‍ലിങിനെയാണു ബാധിച്ചിരിക്കുന്നത്. 31 വര്‍ഷത്തെ താഴ്ന്ന നിലയിലേക്കു ഡോളറിനെതിരേ സ്റ്റെര്‍ലിങിന്റെ മൂല്യം കൂപ്പുകുത്തി. ഇതോടെ എണ്ണ വിലയും കൂപ്പുകുത്തി.

ഈ സാഹചര്യം സ്‌കോട്ട്‌ലാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന എണ്ണ കമ്പനികളെ മറ്റു സ്ഥലങ്ങള്‍ കണ്ടെത്താന്‍ പ്രേരിപ്പിച്ചേക്കും. ഇത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ മോശമാക്കുകയും ചെയ്യും. ഇത്തരം ഘടകം സ്‌കോട്ട്‌ലാന്‍ഡിനെ സ്വാതന്ത്ര്യ മോഹത്തില്‍നിന്നും പിന്തിരിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്യന്‍ യൂണിയന്റെ അംഗത്വം ലഭിക്കുകയും അതുവഴി വാണിജ്യ, വ്യാപാര ഇടപാടുകള്‍ സുഗമമാക്കുന്ന യൂറോപ്പിന്റെ കസ്റ്റംസ് യൂണിയനില്‍ ഉള്‍പ്പെടുകയും ചെയ്യുകയാണെങ്കില്‍ മറ്റൊന്നും പേടിക്കേണ്ടതില്ലെന്നതു സ്‌കോട്ട്‌ലന്‍ഡിന് പ്രതീക്ഷയേകുന്ന ഘടകം തന്നെയാണ്.

സ്‌കോട്ട്‌ലന്‍ഡിനു പുറമേ ബ്രെക്‌സിറ്റ് വടക്കന്‍ ഐയര്‍ലന്‍ഡിനെയും യുകെയ്ക്കു പുറത്തുചാടാന്‍ പ്രേരിപ്പിക്കുമെന്നാണു സൂചന. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കിടെ വടക്കന്‍ ഐയര്‍ലന്‍ഡിനു ഇയു പ്രത്യേക ആനുകൂല്യങ്ങള്‍ അനുവദിക്കാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യം കൈവരികയാണെങ്കില്‍ തീര്‍ച്ചയായും യുകെയില്‍നിന്നും അവര്‍ പുറത്തുകടക്കും. യുകെ എന്ന കൂട്ടായ്മയ്ക്ക് ഇത്തരം സാഹചര്യം ഉയര്‍ത്തുന്ന ഭീഷണി ചെറുതല്ല. ബ്രെക്‌സിറ്റിന്റെ ഏറ്റവും വലിയ നഷ്ടം സഹിക്കേണ്ടി വരുന്നത് ബ്രിട്ടനായിരിക്കുമോ എന്ന ചോദ്യം ഉയര്‍ന്നിരിക്കുകയാണ്.

Comments

comments

Categories: Politics, World