കെട്ടിടങ്ങളുടെ സുരക്ഷ ഡെവലപ്പര്‍മാരുടെ ഉത്തരവാദിത്തം

കെട്ടിടങ്ങളുടെ സുരക്ഷ ഡെവലപ്പര്‍മാരുടെ ഉത്തരവാദിത്തം

പരിഷ്‌കരിച്ച ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാന്‍ പ്രകാശനം ചെയ്തു

ന്യൂ ഡെല്‍ഹി : പുതിയ ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളനുസരിച്ച് കെട്ടിടങ്ങളുടെ സുരക്ഷ അതാത് ബില്‍ഡര്‍മാരുടെ ഉത്തരവാദിത്തമാകും. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തങ്ങളുടെ കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ ഇവ ഉള്‍പ്പെടുത്താവുന്നതാണ്.

പരിഷ്‌കരിച്ച ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ഉപഭോക്തൃകാര്യ മന്ത്രി രാംവിലാസ് പാസ്വാനാണ് പ്രകാശനം ചെയ്തത്. ഉപഭോക്തൃകാര്യ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) ആണ് ചട്ടങ്ങള്‍ തയ്യാറാക്കിയത്.

2022 ഓടെ എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗം വര്‍ധിപ്പിക്കുന്നതിനും നൂതനമായ സാമഗ്രികളും സാങ്കേതികവിദ്യകളും പ്രീഫാബ്രിക്കേറ്റഡ് നിര്‍മ്മാണ രീതികളും ഉപയോഗിക്കാമെന്ന് പുതിയ ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നതായി ലോക ഉപഭോക്തൃ അവകാശ ദിനത്തില്‍ ചട്ടങ്ങള്‍ പുറത്തിറക്കിക്കൊണ്ട് പാസ്വാന്‍ പറഞ്ഞു.

ബൃഹത്തായ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ 34 അധ്യായങ്ങളിലാണെന്ന് ബിഐഎസ് സിവില്‍ എന്‍ജിനീയറിംഗ് ഡയറക്റ്റര്‍ സഞ്ജയ് പന്ത് പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സര്‍ക്കാര്‍ വകുപ്പുകളും കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ തയ്യാറാക്കുന്നതിന് ദേശീയ ചട്ടങ്ങള്‍ ഉപയോഗിച്ചുവരുന്നു.

പ്ലാന്‍ തയ്യാറാക്കുന്നവരും ഡിസൈന്‍ ചെയ്യുന്നവരും സൂപ്പര്‍വൈസര്‍മാരും കെട്ടിടത്തിന്റെ സുരക്ഷിതത്വത്തിന് ഉത്തരവാദികളായിരിക്കുമെന്നതാണ് ചട്ടങ്ങളില്‍ വരുത്തിയ പ്രധാന മാറ്റങ്ങളെന്ന് പന്ത് പറഞ്ഞു. അതേസമയം ജിയോ-ടെക്‌നിക്കല്‍ എന്‍ജിനീയര്‍മാരെയും ബില്‍ഡര്‍മാരെയും ഒഴിവാക്കിയിട്ടുണ്ട്.

നിര്‍മ്മാണങ്ങളുടെ സുരക്ഷ ഇപ്പോള്‍ ബില്‍ഡര്‍മാരുടെയും ഉത്തരവാദിത്തമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച പ്ലാനും ഡിസൈനും അനുസരിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് ബില്‍ഡര്‍മാര്‍ സാക്ഷ്യപത്രം നല്‍കേണ്ടതായി വരും.

പുതിയ കാലത്തെ കെട്ടിടങ്ങള്‍ പരിഗണിച്ച് അതനുസരിച്ച മാറ്റങ്ങളും ചട്ടങ്ങളില്‍ കൊണ്ടുവന്നിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും ഭിന്നശേഷിയുള്ള വ്യക്തികളെയും പരിഗണിക്കുന്നതാവണം കെട്ടിടങ്ങള്‍. പുതിയ നിര്‍മ്മാണ സാമഗ്രികളും സ്മാര്‍ട്ട് സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് പുതിയ ദേശീയ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു.

സൗരോര്‍ജ്ജ ഉപയോഗം, എല്‍ഇഡി തുടങ്ങിയ ആധുനിക ലൈറ്റിംഗ് രീതികള്‍, വീടുകള്‍ക്കും ആശുപത്രികള്‍ക്കും പൈപ്പുവഴി വാതക വിതരണം, ഖരമാലിന്യ സംസ്‌കരണം, മഴവെള്ളക്കൊയ്ത്ത്, ഉയരമേറിയ കെട്ടിടങ്ങളില്‍ ഹൈ-സ്പീഡ് ലിഫ്റ്റുകള്‍ എന്നിവ വേണമെന്നും പരിഷ്‌കരിച്ച കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തണം.

 

Comments

comments

Categories: FK Special, Top Stories