റെനോയും കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്

റെനോയും കൃത്രിമം കാണിച്ചതായി റിപ്പോര്‍ട്ട്

മലിനീകരണ മാനദണ്ഡ പരിശോധനകളില്‍ റെനോ കൃത്രിമം കാണിച്ചതായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഫ്രഞ്ച് പത്രമായ ‘ലിബറേഷന്‍’ പുറത്തുവിട്ടു

പാരിസ് : മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളില്‍ ഫോക്‌സ്‌വാഗണ്‍ കൃത്രിമം കാണിച്ചതായ വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. ഇതിനിടെ ഫ്രഞ്ച് വാഹന നിര്‍മ്മാണ കമ്പനിയായ റെനോ ഗ്രൂപ്പും ഇതേ സംശയത്തിന്റെ നിഴലിലാണ് ഇപ്പോള്‍ വന്നുനില്‍ക്കുന്നത്. മലിനീകരണ മാനദണ്ഡ പരിശോധനകളില്‍ റെനോ കൃത്രിമം കാണിച്ചതായ അന്വേഷണ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഫ്രഞ്ച് പത്രമായ ‘ലിബറേഷന്‍’ പുറത്തുവിട്ടു. ഡയറക്ട്രേറ്റ്-ജനറല്‍ ഫോര്‍ കോംപിറ്റീഷന്‍, കണ്‍സ്യൂമര്‍ അഫയേഴ്‌സ് ആന്‍ഡ് ഫ്രോഡ് പ്രിവന്‍ഷന്‍ (ഡിജിസിസിആര്‍എഫ്) അധികൃതരാണ് റെനോയുടെ തട്ടിപ്പ് സംബന്ധിച്ച അന്വേഷണം നടത്തിയത്.

ചില ക്രമീകരണങ്ങളിലൂടെയും സാങ്കേതികവിദ്യ ഉപയോഗിച്ചും റെനോ മലിനീകരണ പരിശോധനകള്‍ വിജയിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഫോക്‌സ്‌വാഗണ്‍ ചെയ്തതിന് സമാനമായ കൃത്രിമം തന്നെയാണ് റെനോയും നടത്തിയിരിക്കുന്നത്. മലിനീകരണ പരിശോധനകളില്‍ വിജയിക്കുന്നതിനായി എന്‍ജിന്റെ പ്രവര്‍ത്തനരീതിയില്‍ നിശ്ചിത മാറ്റം വരുത്തുന്നതിന് ഫോക്‌സ്‌വാഗണ്‍ മന:പൂര്‍വ്വം പ്രത്യേക ഉപകരണം ഘടിപ്പിക്കുകയായിരുന്നു.

റെനോയുടെ തട്ടിപ്പ് സംബന്ധിച്ച സമഗ്ര റിപ്പോര്‍ട്ട് പുറത്തുവന്നിട്ടില്ല. എന്നാല്‍ റെനോയുടെ ക്ലിയോ, കാപ്ച്വര്‍ മോഡലുകളുടെ ലാബോറട്ടറി പരിശോധാനാ ഫലങ്ങളും നിരത്തുകളിലെ മലിനീകരണവും തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് സ്വതന്ത്ര പരിശോധന നടത്തിയപ്പോള്‍ വ്യക്തമായതെന്ന് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങളില്‍നിന്ന് വായിച്ചെടുക്കാം. നിര്‍ദ്ദിഷ്ട പരിധിയേക്കാള്‍ ക്ലിയോ 305 ശതമാനം അധികമാണ് കാര്‍ബണ്‍ ബഹിര്‍ഗമനം നടത്തുന്നതെങ്കില്‍ കാപ്ച്വറിന്റെ കാര്യത്തില്‍ ഇത് 377 ശതമാനമാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നൈട്രജന്‍ ഓക്‌സൈഡുകള്‍ പുറന്തള്ളുന്നത് കുറയ്ക്കുന്നതിനായി മലിനീകരണ പരിശോധനാ വേളയില്‍ റെനോ കൃത്രിമ ഉപകരണം ഘടിപ്പിച്ചതായി സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡിജിസിസിആര്‍എഫ് അധികൃതര്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ റെനോയുടെ തട്ടിപ്പ് സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്.

അതേസമയം കൃത്രിമം നടക്കുന്നതായി റെനോ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനത്തേക്കാള്‍ ആരോഗ്യത്തിന് കൂടുതല്‍ ഹാനികരമാണ് നൈട്രജന്‍ ഓക്‌സൈഡുകള്‍. ഇത് അര്‍ബുദം, ആസ്ത്മ, മരണം എന്നിവയ്ക്ക് കാരണമാകുന്നു.

തങ്ങളുടെ എന്‍ജിനുകള്‍ പുറത്തുവിടുന്ന നൈട്രജന്‍ ഓക്‌സൈഡുകളുടെ അളവ് കുറച്ചുകാണിക്കുന്നതിനാണ് പരിശോധാനാവേളയില്‍ ഫോക്‌സ്‌വാഗണും കൃത്രിമ ഉപകരണം ഘടിപ്പിച്ച് തട്ടിപ്പ് നടത്തിയത്. ഒമ്പത് ലക്ഷം വാഹനങ്ങളില്‍ റെനോ കൃത്രിമം കാണിച്ചതായി ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. 3.5 ബില്യണ്‍ വരെ യൂറോ പിഴയടയ്‌ക്കേണ്ടിവന്നേക്കാമെന്ന് ‘ലിബറേഷന്‍’ മുന്നറിയിപ്പ് നല്‍കി.

റെനോ ഗ്രൂപ്പിന് പറയാനുള്ളത്

എല്ലാ ആരോപണങ്ങളും റെനോ തള്ളിക്കളഞ്ഞു. റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്ന് കുറ്റപ്പെടുത്തി കമ്പനി ഔദ്യോഗിക വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. വാര്‍ത്താക്കുറിപ്പ് ഇങ്ങനെ വിശദീകരിക്കുന്നു –

ഒരു ദേശീയ ദിനപ്പത്രം മലിനീകരണ പരിശോധന സംബന്ധിച്ച് ഏകപക്ഷീയവും പക്ഷപാതപരവുമായ ലേഖനം പ്രശസിദ്ധീകരിച്ചതായി റെനോ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഡിജിസിസിആര്‍എഫ് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തെക്കുറിച്ച് റെനോ ഗ്രൂപ്പ് പ്രതികരിക്കാനില്ല. കേസിനെക്കുറിച്ച് റെനോ ഗ്രൂപ്പിന് വിവരമൊന്നുമില്ലെന്നും കമ്പനി വ്യക്തമാക്കി.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ചാണ് റെനോ പ്രവര്‍ത്തിക്കുന്നതെന്നും അത് അന്വേഷണ ഉദ്യോഗസ്ഥരുടെയും ജഡ്ജിമാരുടെയും മുമ്പാകെ തെളിയിക്കുമെന്നും റെനോ ഗ്രൂപ്പ് പ്രസ്താവിച്ചു. യൂറോപ്പിന്റെയോ ദേശീയ തലത്തിലോ ഉള്ള ഒരു മലിനീകരണ നിയന്ത്രണ മാനദണ്ഡവും റെനോ ഗ്രൂപ്പ് ലംഘിച്ചിട്ടില്ല. പരിശോധനാവേളയില്‍ മലിനീകരണത്തിന്റെ ഉയര്‍ന്ന തോത് കണ്ടുപിടിക്കാതിരിക്കാനുള്ള ഒരു സോഫ്റ്റ്‌വെയറും റെനോ വാഹനങ്ങളില്‍ ഉപയോഗിച്ചിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. സ്വതന്ത്രമായ രീതിയില്‍ മലിനീകരണ പരിശോധന നടത്തിയതില്‍നിന്നാണ് ഫോക്‌സ്‌വാഗണിന്റെ തട്ടിപ്പ് വെളിച്ചത്തുവന്നതെന്നും റെനോയുടെ കാര്യത്തിലും ഇത് ചെയ്യണമെന്നുമാണ് ആവശ്യമുയരുന്നത്.

ഇന്ത്യയില്‍ എങ്ങനെ ബാധിക്കും ?

ഡിജിസിസിആര്‍എഫ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന ക്ലിയോ, കാപ്ച്വര്‍ മോഡലുകള്‍ ഇന്ത്യയില്‍ വില്‍പ്പന തുടങ്ങിയിട്ടില്ല. റെനോയുടെ എന്‍ജിനുകള്‍ പരിശോധിച്ചതിന്റെ വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇന്ത്യയില്‍ എങ്ങനെ ബാധിക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല. ഇന്ത്യയില്‍ വില്‍ക്കുന്ന ‘ഡസ്റ്റര്‍’ മോഡലില്‍ ഉപയോഗിക്കുന്ന 1.5 ലിറ്റര്‍ dCi K9K മോട്ടോര്‍ തന്നെയാണ് യൂറോപ്പിലെ ചില രാജ്യങ്ങളില്‍ വില്‍ക്കുന്ന കാപ്ച്വറില്‍ ഘടിപ്പിച്ചിരിക്കുന്നത്.

കൃത്രിമം കാണിച്ചവയില്‍ ഈ എന്‍ജിന്‍ ഉള്‍പ്പെടുന്നുണ്ടോയെന്ന് പത്ര റിപ്പോര്‍ട്ടില്‍ വ്യക്തമല്ല. എന്നാല്‍ മലിനീകരണ പരിശോധനയില്‍നിന്ന് രക്ഷപ്പെടുന്നതിനായി ഈ എന്‍ജിനിലും കൃത്രിമം കാണിച്ചിട്ടുണ്ടെങ്കില്‍ ഇന്ത്യയിലെ ഡസ്റ്റര്‍, നിസ്സാന്‍ ടെറാനോ ഉടമകള്‍ ആശങ്കപ്പെടേണ്ടിവരും.
ഇന്ത്യയില്‍ Kaptur ഈ വര്‍ഷം പുറത്തിറക്കാന്‍ റെനോ തീരിമാനിച്ചിട്ടുണ്ട്. എന്നാല്‍ അന്തര്‍ദേശീയ തലത്തില്‍ വിറ്റഴിച്ച Captur നേക്കാള്‍ വ്യത്യസ്തമായിരിക്കും ഇന്ത്യന്‍ മോഡല്‍.

അന്തര്‍ദേശീയ പ്രത്യാഘാതം

ഫ്രഞ്ച് പത്രത്തിലെ വാര്‍ത്ത അന്തര്‍ദേശീയ തലത്തില്‍ വലിയ നടുക്കം സൃഷ്ടിച്ചിട്ടുണ്ട്. പാരിസ്ഥിതിക ഉത്തരവാദിത്തം പോലെ അതിപ്രധാന വിഷയങ്ങില്‍ ആഗോള കാര്‍ നിര്‍മ്മാതാക്കളുടെ വിശ്വാസ്യതയാണ് ഇതിലൂടെ പുറന്തള്ളപ്പെടുന്നത്. അന്വേഷണത്തിലൂടെ കൃത്രിമം തെളിയിക്കപ്പെട്ടാല്‍ അത് റെനോ ഗ്രൂപ്പിന് വലിയ തിരിച്ചടിയാകും. കമ്പനി 3.5 ബില്യണ്‍ യൂറോ പിഴയടയ്‌ക്കേണ്ടിവരുമെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

അമേരിക്കയില്‍ കുറ്റം സമ്മതിച്ചതിനെതുടര്‍ന്ന് 4.3 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണമെന്ന് ഫോക്‌സ്‌വാഗണിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഉപയോക്താക്കള്‍, ഡീലര്‍മാര്‍, പരിസ്ഥിതി സംഘടനകള്‍ എന്നിവര്‍ക്കുകൊടുത്തുതീര്‍ക്കേണ്ട 17.5 ബില്യണ്‍ ഡോളറുമായി തട്ടിച്ചുനോക്കുമ്പോള്‍ ഈ തുക ഫോക്‌സ്‌വാഗണ് ചെറുതായിരുന്നു. കൃത്രിമം കാണിച്ച വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തിനടുത്തായതിനാല്‍ ഒത്തുതീര്‍പ്പുകള്‍ക്കായി റെനോയും വലിയ തുക വകയിരുത്തേണ്ടിവരും.

കൂടാതെ കമ്പനിയുടെ ഓഹരി വില തകര്‍ച്ചയ്ക്കും ഇത് വഴിവെയ്ക്കും. ഓഹരി വില ഇപ്പോള്‍തന്നെ കുറഞ്ഞുതുടങ്ങി. വരുംദിവസങ്ങളില്‍ ഈ കേസ് ഏതുതരത്തില്‍ ചുരുളഴിയുമെന്ന് കാത്തിരിക്കണം. ആദ്യം എല്ലാ ആരോപണങ്ങളും നിഷേധിച്ച, കൂടുതല്‍ വലിയവനും സമ്പന്നനും കരുത്തനുമായ ഫോക്‌സ്‌വാഗണുപോലും അവസാനം തെറ്റ് സമ്മതിക്കേണ്ടിവന്നെങ്കില്‍ റെനോയുടെ കാര്യം കൂടുതല്‍ പരുങ്ങലിലായേക്കും.

 

Comments

comments

Categories: Auto, FK Special