ആഗോള വാഹന നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയിലേക്ക്

ആഗോള വാഹന നിര്‍മ്മാണ കമ്പനികള്‍ ഇന്ത്യയിലേക്ക്

വിപണി അടുത്തറിയുന്നതിന് ആഗോള വാഹനനിര്‍മ്മാണ കമ്പനി മേധാവികള്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്നു

മുംബൈ : ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം പൂര്‍ത്തിയാക്കിയ ഉടനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാന്‍ രണ്ടുപേര്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ടൊയോട്ട മോട്ടോര്‍ പ്രസിഡന്റ് അകിയോ ടൊയോഡയും സുസുകി മോട്ടോര്‍ ചെയര്‍മാന്‍ ഒസാമു സുസുകിയുമായിരുന്നു ആ സന്ദര്‍ശകര്‍.

ഇരുവരും ഇന്ത്യയിലുണ്ടെന്ന വിവരം രാജ്യത്തെ ഇവരുടെ ഓഫീസ് അധികൃതര്‍പോലും അറിഞ്ഞിരുന്നോയെന്ന കാര്യം സംശയമാണ്. ജപ്പാനില്‍ ഇരു കമ്പനികളും ഒപ്പുവെച്ച പങ്കാളിത്ത കരാറിന്റെ സങ്കീര്‍ണ്ണതകളും അത് ലോകത്തെ മൂന്നാമത്തെ വലിയ വാഹന വിപണിയായി മാറാനൊരുങ്ങുന്ന ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനവും പ്രധാനമന്ത്രിയെ നേരിട്ട് ധരിപ്പിക്കുന്നതിനാണ് ഇരുവരും ന്യൂ ഡെല്‍ഹിയിലെത്തിയത്.

ഇരു കമ്പനികളുടെയും ഭാവിപരിപാടികളില്‍ ഇന്ത്യയുടെ പ്രാധാന്യത്തെയാണ് ഈ സന്ദര്‍ശനം അടിവരയിടുന്നത്. ഒരു ദശാബ്ദത്തോളമായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിട്ടും വലിയ ചലനമുണ്ടാക്കാന്‍ കഴിയാത്ത ലോകത്തെ വലിയ വാഹനനിര്‍മ്മാണ ഗ്രൂപ്പായ ഫോക്‌സ്‌വാഗണ്‍, അകിയോ ടൊയോഡയും ഒസാമു സുസുകിയും ഇന്ത്യയിലെത്തുന്നതിന് തൊട്ടുതലേന്നാണ് ടാറ്റ മോട്ടോഴ്‌സുമായി പങ്കാളിത്ത സംരംഭത്തിന്റെ സാധ്യത ആരായുന്നതിന് തീരുമാനിച്ചത്.

കിയ, പിഎസ്എ, എസ്എഐസി തുടങ്ങിയ വാഹന നിര്‍മ്മാണ കമ്പനികളും ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിന് കാത്തുനില്‍ക്കുകയാണ്. നിലവില്‍ ഇന്ത്യന്‍ വാഹന വിപണിയുടെ പകുതി മാരുതി സുസുകിയുടെ നിയന്ത്രണത്തിലാണ്. ടൊയോട്ടയുടെ ഇന്നോവ, ഫോര്‍ച്യൂണര്‍ എന്നിവ അതാത് സെഗ്‌മെന്റുകളില്‍ മുന്നില്‍നില്‍ക്കുന്നു.

ആഗോള വില്‍പ്പനയുടെ അമ്പത് ശതമാനം ഇന്ത്യയിലാണ് എന്നതിനാല്‍ ജാപ്പനീസ് മാതൃകമ്പനിക്ക് ഇന്ത്യ അതിപ്രധാന വിപണിയാണെന്ന് മാരുതി സുസുകി ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ പറഞ്ഞു. ടൊയോട്ടയില്‍നിന്ന് ഏത് സാങ്കേതികവിദ്യ ലഭിച്ചാലും അത് തീര്‍ച്ചയായും ഇന്ത്യയില്‍ പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അവസരങ്ങളും വിപണിയുടെ വലുപ്പവും പാഴാക്കുന്നതിന് ആരും തയ്യാറാവില്ലെന്ന് ആര്‍സി ഭാര്‍ഗവ അഭിപ്രായപ്പെട്ടു. മറ്റ് കാര്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് ഇന്ത്യയില്‍ താല്‍പ്പര്യം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. ഇന്ത്യയെപ്പോലെ വളര്‍ച്ചാ സാധ്യതയുള്ള വിപണി ഇവര്‍ക്ക് മറ്റെവിടെയും കാണാന്‍ കഴിയുന്നില്ലെന്നും ഭാര്‍ഗവ പറഞ്ഞു.

ഇന്ത്യന്‍ വിപണിയെ അടുത്തറിയുന്നതിന് ആഗോള വാഹന നിര്‍മ്മാണ കമ്പനി മേധാവികള്‍ ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുകയാണ്. സ്‌കോഡ ഓട്ടോയുടെ ഗ്ലോബല്‍ സിഇഒ ആയി ചുമതലയേറ്റയുടനെ ബേണ്‍ഹാര്‍ഡ് മേയെര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ പുനസംഘടിപ്പിക്കാനും ദീര്‍ഘകാല പദ്ധതികള്‍ രൂപീകരിക്കുന്നതിനുമായി ജനറല്‍ മോട്ടോഴ്‌സ് സിഇഒ മേരി ബാറ ഒരു വര്‍ഷത്തിനിടെ രണ്ട് തവണ ഇന്ത്യയിലെത്തി. പുതിയ പ്രൊഡക്റ്റ് ഡെവലപ്‌മെന്റ് സെന്റര്‍ ഉദ്ഘാടനം ചെയ്യുന്നതിന് ഫോര്‍ഡ് മോട്ടോര്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ് 2016 അവസാനം ഇവിടെയെത്തിയിരുന്നു.

രാജ്യത്ത് കിയ ബ്രാന്‍ഡ് പ്രഖ്യാപിക്കുന്നതിന് ഹ്യുണ്ടായ് മോട്ടോര്‍ ചെയര്‍മാന്‍ ചുങ് മോങ്-കൂ വൈകാതെ തന്നെ ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടയ്ക്കിടെ ഇന്ത്യ സന്ദര്‍ശിക്കുന്ന റെനോ-നിസ്സാന്‍ അലയന്‍സ് ഗ്ലോബല്‍ സിഇഒ കാര്‍ലോസ് ഗോസന്‍ ഇന്ത്യന്‍ വിപണിയില്‍ തനിക്ക് എല്ലായ്‌പ്പോഴും നല്ല വിശ്വാസമാണെന്ന് വ്യക്തമാക്കിയിരുന്നു.

ലോകത്തെ മുന്‍നിര വാഹന വിപണികളിലൊന്നായി ഇന്ത്യ മാറുകയാണെന്ന് തങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ 30 ലക്ഷം വാഹനങ്ങള്‍ വിറ്റുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിത്‌സുബിഷി ഉള്‍പ്പെടെയുള്ള എല്ലാ കാര്‍ നിര്‍മ്മാതാക്കളും ഇന്ത്യയിലെത്തിച്ചേരുമെന്നും കാര്‍ലോസ് ഗോസന്‍ വ്യക്തമാക്കി.

മിത്‌സുബിഷി മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ കൂടിയാണ് ഗോസന്‍. ഈ വര്‍ഷം അവസാനത്തോടെ പാസഞ്ചര്‍ വാഹന വിപണി മുപ്പത് ലക്ഷമെന്ന ലക്ഷ്യം ഭേദിക്കും. അതുകൊണ്ടുതന്നെ ഇന്ത്യയിലാണ് ഭാവി കുടികൊള്ളുന്നതെന്നാണ് എല്ലാ വാഹന നിര്‍മ്മാതാക്കളും വിശ്വസിക്കുന്നത്.

ഇന്ത്യയെ തന്ത്രപ്രധാന വിപണിയായാണ് ഫോക്‌സ്‌വാഗണ്‍-സ്‌കോഡ പരിഗണിക്കുന്നത്. ക്രൈസ്‌ലര്‍ ജീപ്പിന്റെ ഏക റൈറ്റ്-ഹാന്‍ഡ്-ഡ്രൈവ് മാനുഫാക്ച്ചറിംഗ് ഹബ്ബ് ഇന്ത്യയിലാണ്. ചെലവുകുറഞ്ഞ സങ്കര ഇന്ധന വാഹനം നിര്‍മ്മിക്കുന്നതിനും ഇന്ത്യയെ കയറ്റുമതി ഹബ്ബാക്കി മാറ്റുന്നതിനുമുള്ള സാധ്യത മാരുതി-ടൊയോട്ട സഖ്യം തേടുന്നു.

ഡ്രൈവറില്ലാ വാഹനങ്ങള്‍ക്കായി പുതിയ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ വലിയ പങ്കാണ് വഹിക്കുന്നതെന്ന് വാഹനഘടക നിര്‍മ്മാതാക്കളായ ZF, കോണ്ടിനെന്റല്‍, ഫോര്‍സിയ എന്നിവ അഭിപ്രായപ്പെട്ടു. അടുത്ത അഞ്ച് വര്‍ഷത്തിനിടെ ഇന്ത്യ അതിവേഗം വളരുന്ന വിപണികളിലൊന്നായി മാറുമെന്ന് ഐഎച്ച്എസ് മാര്‍കിറ്റ് ഓട്ടോമോട്ടീവ് ചൂണ്ടിക്കാട്ടി.

 

Comments

comments

Categories: Auto, FK Special