മൊത്തവിപണിയിലെ പണപ്പെരുപ്പം 39 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മൊത്തവിപണിയിലെ പണപ്പെരുപ്പം 39 മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

പച്ചക്കറികളുടെ വിലയിടിവ് തുടരുന്നു, പഴങ്ങളുടെയും ധാന്യങ്ങളുടെയും വില വര്‍ധിച്ചു

ന്യൂഡെല്‍ഹി: മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (ഡബ്ല്യുപിഐ) ഫെബ്രുവരിയില്‍ 6.55 ശതമാനത്തിലെത്തി. 39 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ 5.25 ശതമാനമായിരുന്നു ഡബ്ല്യുപിഐ. ഇതേ കാലയളവില്‍ ഭക്ഷണ, ഇന്ധന ആവശ്യകതയ്ക്ക് ചെലവ് വര്‍ധിച്ചതിന്റെ പ്രതിഫലനമാണ് മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ കാണാനായത്.

എന്നാല്‍ ഫെബ്രുവരിയില്‍ മാനുഫാക്ച്ചറിംഗ് ഉല്‍പ്പന്നങ്ങളുടെ പണപ്പെരുപ്പം കുറഞ്ഞിട്ടുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് ഇറക്കുമതി ചെലവ് കുറഞ്ഞതാണ് മാനുഫാക്ചറിംഗ് മേഖലയിലെ പണപ്പെരുപ്പത്തെ നിയന്ത്രിച്ചത്. അടുത്ത കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ യുഎസ് പലിശ നിരക്ക് വര്‍ധിക്കുമെന്ന പ്രതീക്ഷയ്ക്കിടയില്‍ പണനയത്തില്‍ മാറ്റമില്ലാതെ തുടര്‍ന്ന ആര്‍ബിഐ നിലപാടിനെ സാധൂകരിക്കുന്നതാണ് ഈ കണക്കുകള്‍.

ഭക്ഷ്യ സാധനങ്ങളുടെ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിലും ഉയര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് മാസത്തെ താഴ്ന്ന നിലയില്‍ നിന്നും ഫെബ്രുവരി മാസത്തെ സിപിഐയില്‍ വളര്‍ച്ചയുണ്ടാകുമെന്നാണ് നിരീക്ഷണം.

ജനുവരിയില്‍ 3.2 ശതമാനമായിരുന്ന സിപിഐ ഫെബ്രുവരിയില്‍ 3.9 ശതമാനത്തിലേക്ക് കയറുമെന്ന് സാമ്പത്തിക വിദഗ്ധയായ അദിതി നയ്യാര്‍ പറഞ്ഞു. ഇതോടെ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഡബ്ല്യുപിഐയും സിപിഐയും തമ്മിലുണ്ടായിരുന്ന വലിയ വിടവ് ചുരുങ്ങുകയും ചെയ്യും.

ഭക്ഷ്യമേഖലയിലെ പണപ്പെരുപ്പം ജനുവരിയിലെ 1.3 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 5 ശതമാനമായി വര്‍ധിച്ചു. ധാന്യങ്ങള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും വില വര്‍ധിച്ചതായും ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നു. അതേസമയം ഫെബ്രുവരിയിലും പച്ചക്കറികളുടെ വില ഇടിഞ്ഞതായാണ് നിരീക്ഷണം. പച്ചക്കറി വിഭാഗത്തിലെ പണച്ചുരുക്ക നിരക്ക് ജനുവരിയിലെ 32.3 ശതമാനത്തില്‍ നിന്നും ഫെബ്രുവരിയില്‍ എട്ട് ശതമാനത്തിലെത്തിയിട്ടുണ്ട്. പയറുവര്‍ഗ്ഗങ്ങളുടെ പണപ്പെരുപ്പവും കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: FK Special, Top Stories