ദേശീയവാദം മേല്‍ക്കൈ നേടുമോ ?

ദേശീയവാദം മേല്‍ക്കൈ നേടുമോ ?

നെതര്‍ലാന്‍ഡ്‌സില്‍ മാര്‍ച്ച് 15നു നടന്ന പൊതു തെരഞ്ഞെടുപ്പ് ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞതായിരുന്നു. 2016ല്‍ ദേശീയതാവാദം, സംരക്ഷണവാദം, കുടിയേറ്റ വിരുദ്ധത, പ്രീണന നയം തുടങ്ങിയവയില്‍ അടിസ്ഥാനമാക്കിയ ബ്രെക്‌സിറ്റും ട്രംപും നേടിയ വിജയം 2017ലും ആവര്‍ത്തിക്കുമോ എന്ന ചോദ്യമാണ് പ്രധാനമായും ഡച്ച് തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നത്. ഡച്ച് തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രതിഫലനം ഈ വര്‍ഷം പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന ഫ്രാന്‍സിലും ജര്‍മനിയിലും ഉണ്ടാകുമെന്നതും തീര്‍ച്ചയാണ്.

ലോകം ഉറ്റുനോക്കിയ ഒരു തെരഞ്ഞെടുപ്പാണ് ഇന്നലെ പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ നടന്നത്. നെതര്‍ലാന്‍ഡ്‌സ് പാര്‍ലമെന്റിന്റെ അധോസഭയിലെ (lower house) 150 സീറ്റുകളിലേക്കാണു തെരഞ്ഞെടുപ്പ് അരങ്ങേറിയത്. ഏകദേശം ഒരു കോടി 30 ലക്ഷം വോട്ടര്‍മാരുണ്ട് നെതര്‍ലാന്‍ഡ്‌സില്‍. ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 28 പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണു മത്സരിച്ചത്.

സാധാരണ ഗതിയില്‍, ഡച്ച് തെരഞ്ഞെടുപ്പിനെ യൂറോപ്യന്‍ സമൂഹമല്ലാതെ മറ്റാരും അത്ര ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇപ്രാവിശ്യം അങ്ങനെയായിരുന്നില്ല. തീവ്രദേശീയവാദവും (extreme far-right) പ്രീണന (populist) രാഷ്ട്രീയവും യൂറോപ്പിലും അമേരിക്കയിലും മേല്‍ക്കൈ നേടുന്ന സാഹചര്യത്തിലാണു ഡച്ച് തെരഞ്ഞെടുപ്പ് അരങ്ങേറിയത്. ഇതാണു നെതര്‍ലാന്‍ഡ്‌സില്‍ നടന്ന തെരഞ്ഞെടുപ്പിനെ രാഷ്ട്രീയലോകം ശ്രദ്ധിക്കാന്‍ കാരണമായത്.

തീവ്രവലത് വിഭാഗമായ Party for Freedom (PVV) നേതാവും കടുത്ത മുസ്ലിം വിരോധിയുമായ ഗീര്‍ത്ത് വൈല്‍ഡേഴ്‌സും People’s Party for Freedom and Democracy ( VVD) പാര്‍ട്ടി നേതാവും നിലവില്‍ നെതര്‍ലാന്‍ഡ്‌സ് പ്രധാനമന്ത്രിയുമായ മാര്‍ക്ക് റൂട്ടേയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. തീവ്ര ദേശീയവാദിയും, പ്രീണന രാഷ്ട്രീയത്തിന്റെ വക്താവുമായിട്ടാണു ഗീര്‍ത്ത് വൈല്‍ഡേഴ്‌സ് അറിയപ്പെടുന്നത്.

ഇസ്ലാം മതമല്ലെന്നും ഒരു അക്രമ രാഷ്ട്രീയ ആശയമാണെന്നും അത് പടിഞ്ഞാറന്‍ യൂറോപ്യന്‍ സമൂഹത്തില്‍ നിരോധിക്കണമെന്നും അഭിപ്രായപ്പെട്ട വ്യക്തിയാണു ഗീര്‍ത്ത് വൈല്‍ഡേഴ്‌സ്. വൈല്‍ഡേഴ്‌സിന്റെ പിവിവി എന്ന പാര്‍ട്ടി പ്രധാനമായും രണ്ട് രാഷ്ട്രീയ സന്ദേശങ്ങളാണ് ഇപ്രാവിശ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴക്കിയത്. ഒന്ന് ദേശീയവാദം ഉയര്‍ത്തിപ്പിടിക്കണമെന്നതായിരുന്നു. രണ്ടാമത്തേത് പ്രീണന രാഷ്ട്രീയത്തില്‍ അടിസ്ഥാനമാക്കിയുള്ളതും. തുറന്ന സമീപനവും സഹിഷ്ണുതാപരമായ നിലപാടും പുലര്‍ത്തിയിരുന്ന രാജ്യമാണു നെതര്‍ലാന്‍ഡ്‌സ്.

അവിടെ എങ്ങനെയാണു ഗീര്‍ത്ത് വൈല്‍ഡേഴ്‌സിനെ പോലൊരു സങ്കുചിത ആശയമുള്ള രാഷ്ട്രീയ നേതാവിനെ ജനങ്ങള്‍ സ്വീകരിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയര്‍ന്നിരുന്നു. ഡച്ച് ജനത അഭിമുഖീകരിച്ച ആഭ്യന്തരവും അന്താരാഷ്ട്രപരവുമായ കാരണങ്ങളാണ് ഈ ചോദ്യത്തിനുള്ള ഉത്തരം. അന്താരാഷ്ട്ര തലത്തില്‍ നോക്കുകയാണെങ്കില്‍ ഡച്ച് ഉള്‍പ്പെടുന്ന യൂറോപ്യന്‍ സമൂഹം അഭിമുഖീകരിച്ച 2008 മുതലുള്ള ചരിത്രം പരിശോധിച്ചാല്‍ മതിയാവും.

ആദ്യമായി 2008ലെ സാമ്പത്തിക മാന്ദ്യം, പിന്നെ യൂറോസോണ്‍ പ്രതിസന്ധി, അതിനു ശേഷം അഭയാര്‍ഥി പ്രശ്‌നം, 2015ലും 2016ലും പാരീസിലും ബ്രസല്‍സിലും നടന്ന തീവ്രവാദ ആക്രമണം. ഇത്തരം ഘടകങ്ങളാണു ഗീര്‍ത്ത് വൈല്‍ഡേഴ്‌സിനെ പോലുള്ള രാഷ്ട്രീയ നേതാക്കളുടെ ഉദയത്തിനു കാരണമായി തീര്‍ന്നത്. നെതര്‍ലാന്‍ഡ്‌സിനെ സംരക്ഷിക്കാന്‍ തനിക്കു മാത്രമേ സാധിക്കൂ എന്നാണു വൈല്‍ഡേഴ്‌സിന്റെ അവകാശവാദം.

വൈല്‍ഡേഴ്‌സ് വിജയിക്കുകയാണെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും നെതര്‍ലാന്‍ഡ്‌സ് പുറത്തുകടക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മാത്രമല്ല, ഈ വര്‍ഷം ഏപ്രിലിലും സെപ്റ്റംബറിലും പൊതുതെരഞ്ഞെടുപ്പ് അരങ്ങേറാനിരിക്കുന്ന ഫ്രാന്‍സിലും ജര്‍മനിയിലും പ്രീണനരാഷ്ട്രീയത്തിനും തീവ്രവലത് പാര്‍ട്ടികള്‍ക്കും സ്വീകാര്യതയേറുമെന്നും യൂറോപ്പ് ഭയപ്പെടുന്നുണ്ട്. ഫ്രാന്‍സില്‍ മരീന്‍ ലെ പെന്നിന്റെ നാഷണല്‍ ഫ്രന്റ്, ജര്‍മനിയില്‍ എഎഫ്ഡി, ഓസ്ട്രിയയില്‍ ഫ്രീഡം പാര്‍ട്ടി, ഇറ്റലിയില്‍ ലെഗ നോര്‍ഡ് തുടങ്ങിയ പാര്‍ട്ടികള്‍ ഗീര്‍ത്ത് വൈല്‍ഡേഴ്‌സിന്റെ പാര്‍ട്ടി ഫോര്‍ ഫ്രീഡവുമായി സാമ്യമുള്ളവയാണ്.

ദേശീയത, കുടിയേറ്റം, യൂറോപ്യന്‍ ഏകീകരണം, സാമ്പത്തിക നയം തുടങ്ങിയവ മുഖ്യപ്രചാരണ വിഷയമായിട്ടാണു മേല്‍പറഞ്ഞ പാര്‍ട്ടികള്‍ ഉയര്‍ത്തിക്കാണിക്കുന്നത്. ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ പ്രീണന രാഷ്ട്രീയപാര്‍ട്ടികള്‍ യൂറോപ്പില്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. എന്നാല്‍ വൈല്‍ഡേഴ്‌സ് വിജയിക്കുകയാണെങ്കില്‍ അതിന് പ്രതീകാത്മകമായ പ്രാധാന്യം മാത്രമേ ഉണ്ടാകൂ എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുമ്പോഴും ഏതൊരു വിജയവും പോപ്പുലിസ്റ്റ് പാര്‍ട്ടികള്‍ക്കു വലിയൊരു ഉണര്‍വ് നല്‍കുമെന്ന കാര്യത്തിലും സംശയമില്ല.

Comments

comments

Categories: World