വെരിറ്റോ പുതിയ രൂപത്തില്‍ വരും

വെരിറ്റോ പുതിയ രൂപത്തില്‍ വരും

അംബാസഡറിന്റെ സ്ഥാനത്ത് വെരിറ്റോയെ പ്രതിഷ്ഠിക്കാന്‍ മഹീന്ദ്ര. ഇന്ത്യയില്‍ അതിവേഗം വളരുന്ന ടാക്‌സി സെഗ്‌മെന്റില്‍ പുതിയ വെരിറ്റോ തിളങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു

ന്യൂ ഡെല്‍ഹി : വെരിറ്റോയുടെ രൂപകല്‍പ്പനയില്‍ മാറ്റം വരുത്തി വീണ്ടും അവതരിപ്പിക്കാന്‍ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് ഒരുങ്ങുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ അബാസഡറിന്റെ സ്ഥാനത്ത് വെരിറ്റോയെ പ്രതിഷ്ഠിക്കുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ അതിവേഗം വളരുന്ന ടാക്‌സി സെഗ്‌മെന്റില്‍ പുതിയ വെരിറ്റോ തിളങ്ങുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു.

സികെ ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സ് തങ്ങളുടെ അംബാസഡര്‍ ബ്രാന്‍ഡ് കഴിഞ്ഞ മാസം ഫ്രഞ്ച് കമ്പനിയായ പിഎസ്എ ഗ്രൂപ്പിന് വിറ്റിരുന്നു. ടാക്‌സി സര്‍വീസുകള്‍ക്ക് അംബാസഡര്‍ കാര്‍ മുമ്പ് വ്യാപകമായി ഉപയോഗിച്ചിരുന്നു. അംബാസഡര്‍ ഒഴിച്ചിട്ട ഈ സ്ഥാനത്തേക്ക് കടന്നുകയറാനാണ് മഹീന്ദ്ര തയ്യാറെടുക്കുന്നത്.

ടാക്‌സി സെഗ്‌മെന്റ് മാത്രം മനസ്സില്‍ക്കണ്ട് മഹീന്ദ്ര വെരിറ്റോ റീഡിസൈന്‍ ചെയ്യാനാണ് തീരുമാനമെന്ന് മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്റ്റര്‍ പവന്‍ ഗോയങ്ക വ്യക്തമാക്കി. ഇലക്ട്രിക്, പെട്രോള്‍, ഡീസല്‍ എന്നിവയില്‍ ഏതെല്ലാം ഇന്ധന മോഡലുകളിലാണ് റീഡിസൈന്‍ ചെയ്യുന്ന പുതിയ വെരിറ്റോ പുറത്തിറക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. അതേസമയം വെരിറ്റോയെ ടാക്‌സി സെഗ്‌മെന്റിലെ അടുത്ത അംബാസഡറാക്കുകയാണ് ലക്ഷ്യമെന്നും പവന്‍ ഗോയങ്ക പറഞ്ഞു.

എല്ലാ ടാക്‌സി ആഗ്രഗേറ്റര്‍മാരെയും നോട്ടമിട്ടിട്ടുണ്ട്. നിലവില്‍ ആപ്പ് അധിഷ്ഠിത ടാക്‌സി സേവന കമ്പനികള്‍ വെരിറ്റോ വാങ്ങുന്നുണ്ടെങ്കിലും എണ്ണം പരിമിതമാണ്. ഇതേ കാറ്റഗറിയിലെ മറ്റ് ചില കാറുകളേക്കാള്‍ വെരിറ്റോയ്ക്ക് വില കൂടുതലായതാണ് തിരിച്ചടിയായത്. ഇതിന് പരിഹാരം കാണുമെന്നും അതോടെ ഏറ്റവും അഭികാമ്യമായ ടാക്‌സി വാഹനമായി വെരിറ്റോ മാറുമെന്നും പവന്‍ ഗോയങ്ക വ്യക്തമാക്കി.

റെനോയുമായുള്ള സംയുക്ത സംരംഭത്തില്‍ ലോഗന്‍ ബ്രാന്‍ഡിലാണ് ആദ്യം ഈ കാര്‍ പുറത്തിറക്കിയത്. പങ്കാളിത്തം അവസാനിച്ചതോടെ വെരിറ്റോയെന്ന ബ്രാന്‍ഡില്‍ മഹീന്ദ്ര വാഹനം പുറത്തിറക്കിത്തുടങ്ങി. പിന്നീട് ഈ ബ്രാന്‍ഡിനെ പുനരുജ്ജീവിപ്പിക്കുന്നതിന് പലതവണ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ ഉപയോക്താക്കള്‍ വെരിറ്റോയില്‍നിന്ന് അകലം പാലിച്ചു. ടാക്‌സി സെഗ്‌മെന്റിലേക്ക് ഏറ്റവും മികച്ച ഉല്‍പ്പന്നമായാണ് പവന്‍ ഗോയങ്ക ഇപ്പോള്‍ വെരിറ്റോയെ കാണുന്നത്.

ടാക്‌സി എന്ന് പറയുമ്പോള്‍ വിശാലമായ ഇന്റീരിയറുള്ള, കംഫര്‍ട്ടബ്ള്‍ ആയ, ഇന്ധനക്ഷമതയില്‍ സഞ്ചരിക്കുന്ന വാഹനമാണ് വേണ്ടത്. മഹീന്ദ്ര വെരിറ്റോ ഇതെല്ലാം നല്‍കുന്ന വാഹനമാണെന്ന് ഗോയങ്ക വ്യക്തമാക്കി.

ഒല, യുബര്‍ തുടങ്ങിയ കാബ് ആഗ്രഗേറ്റര്‍മാരുടെ ഉദയത്തോടെ ടാക്‌സി ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാറുകളുടെ എണ്ണം വര്‍ധിക്കുന്നതാണ് വെരിറ്റോയുടെ തിരിച്ചുവരവിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് മഹീന്ദ്ര & മഹീന്ദ്രയെ പ്രേരിപ്പിച്ചത്. ആപ്പ് അധിഷ്ഠിത കാബ് ആഗ്രഗേറ്റര്‍മാര്‍ വ്യാപകമാകുന്ന സാഹചര്യത്തില്‍ 2020 ഓടെ രാജ്യത്ത് വിറ്റഴിക്കുന്ന ആകെ പാസഞ്ചര്‍ വാഹനങ്ങളുടെ 17 ശതമാനം ടാക്‌സി സെഗ്‌മെന്റിലാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഇക്ര ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മഹീന്ദ്ര കാബ് ഓപ്പറേറ്റര്‍മാരെ മാത്രമല്ല ലക്ഷ്യം വെയ്ക്കുന്നത്. രാജ്യത്തെ ഒരേയൊരു ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര സര്‍ക്കാരുകളുടെ ഗതാഗത ആവശ്യങ്ങള്‍ക്കും പുതിയ വെരിറ്റോ മികച്ച വാഹനമായി അവതരിപ്പിക്കും. മഹീന്ദ്ര ഇലക്ട്രിക് നിലവില്‍ വെരിറ്റോ ഇലക്ട്രിക്, ഇ20 എന്നീ ഇലക്ട്രിക് കാറുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകളെ കേന്ദ്ര സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതും മഹീന്ദ്ര അവസരമാക്കും.

 

Comments

comments

Categories: Auto, Trending