സ്‌കോഡ ലോകമാകെ വിറ്റഴിച്ചത് 81,200 കാറുകള്‍

സ്‌കോഡ ലോകമാകെ വിറ്റഴിച്ചത് 81,200 കാറുകള്‍

2016 ഫെബ്രുവരിയേക്കാള്‍ 3.1 ശതമാനം വര്‍ധന. ഇന്ത്യയില്‍ നേടിയത് 12.8 ശതമാനം വളര്‍ച്ച

മ്ലാഡ ബോളെസ്ലാഫ് : ചെക്ക് റിപ്പബ്ലിക് കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ കഴിഞ്ഞ മാസം ലോകമാകെ 81,200 വാഹനങ്ങള്‍ വിറ്റഴിച്ചു. 2016 ഫെബ്രുവരിയേക്കാള്‍ 3.1 ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 78,800 വാഹനങ്ങളാണ് വിറ്റത്. തങ്ങളുടെ ചരിത്രത്തിലാദ്യമായി ഫെബ്രുവരി മാസങ്ങളില്‍ ഏറ്റവുമധികം കാറുകള്‍ വിറ്റത് കഴിഞ്ഞ മാസമാണെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെന്‍ട്രല്‍ യൂറോപ്പ് (12.9 ശതമാനം), ഈസ്റ്റേണ്‍ യൂറോപ്പ് (13.3 ശതമാനം), ഇന്ത്യ (12.8 ശതമാനം), ഇസ്രായേല്‍ (19.8 ശതമാനം) എന്നിവിടങ്ങളില്‍ കമ്പനി ഇരട്ടയക്ക വളര്‍ച്ച കൈവരിച്ചു.

2017 ല്‍ മികച്ച തുടക്കം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സ്‌കോഡ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ബോര്‍ഡ് മെമ്പര്‍ വെര്‍ണര്‍ ഐഷ്‌ഹോണ്‍ പ്രതികരിച്ചു. ഒക്ടേവിയയുടെ പരിഷ്‌കരിച്ച പതിപ്പും പുതിയ കോഡിയാക്കും അധികം വൈകാതെ വിപണിയില്‍ ലഭ്യമാകുമെന്നും ഇത് ആഗോള കാര്‍ വിപണിയില്‍ കമ്പനിയുടെ മുന്നേറ്റത്തിന് സഹായിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ഫെബ്രുവരിയില്‍ പശ്ചിമ യൂറോപ്പിലെ കസ്റ്റമര്‍ ഡെലിവറി ഏഴ് ശതമാനമാണ് വര്‍ധിച്ചത്. 2016 ഫെബ്രുവരിയില്‍ 32,500 യൂണിറ്റുകളായിരുന്നുവെങ്കില്‍ കഴിഞ്ഞ മാസം 34,800 വാഹനങ്ങള്‍ വിറ്റു. 12,600 വാഹനങ്ങള്‍ വിറ്റ ജര്‍മ്മനിയാണ് സ്‌കോഡയെ സംബന്ധിച്ച് മികച്ച സിംഗ്ള്‍ യൂറോപ്യന്‍ മാര്‍ക്കറ്റ്. 4.5 ശതമാനമാണ് വളര്‍ച്ച. 2016 ഫെബ്രുവരിയില്‍ വിറ്റത് 12,100 വാഹനങ്ങള്‍. യുകെ (23.6 ശതമാനം), ഇറ്റലി (20.1), ബെല്‍ജിയം (27.1), ഓസ്ട്രിയ (64.7 ശതമാനം) എന്നീ രാജ്യങ്ങളില്‍ ഇരട്ടയക്ക വളര്‍ച്ച കരസ്ഥമാക്കി.

സ്‌കോഡയുടെ ലോകത്തെ ഏറ്റവും വലിയ വിപണിയായ ചൈനയില്‍ ഇത്തവണ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. വില്‍പ്പനയില്‍ 18.8 ശതമാനം ഇടിവാണ് സംഭവിച്ചത്. 2016 ഫെബ്രുവരിയില്‍ 18,500 വാഹനങ്ങള്‍ വിറ്റെങ്കില്‍ ഇത്തവണ 15,000 പുതിയ വാഹനങ്ങളുടെ താക്കോല്‍ കൈമാറാനേ കഴിഞ്ഞുള്ളൂ.

മധ്യ യൂറോപ്പില്‍ സ്‌കോഡ 12.9 ശതമാനം വളര്‍ച്ച കൈവരിച്ചു. മുമ്പ് 15,400 വാഹനങ്ങള്‍ വിറ്റെങ്കില്‍ കഴിഞ്ഞ മാസം 17,400 കാറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞു. സ്വന്തം തട്ടകമായ ചെക്ക് റിപ്പബ്ലിക്കില്‍ 8.8 ശതമാനം വളര്‍ച്ചയാണ് നേടിയത്. 8,200 വാഹനങ്ങള്‍ വിറ്റു.

റഷ്യ ഒഴികെയുള്ള കിഴക്കന്‍ യൂറോപ്പില്‍ സ്‌കോഡ നേടിയത് 13.3 ശതമാനം വളര്‍ച്ചയാണ്. റഷ്യയിലാകട്ടെ വില്‍പ്പന വളര്‍ച്ച 4.6 ശതമാനം മാത്രം.

ജനീവ മോട്ടോര്‍ ഷോയില്‍ സ്‌കോഡ നിരവധി മോഡലുകളാണ് അവതരിപ്പിച്ചത്. സ്‌കോഡ കോഡിയാക് സ്‌കൗട്ട്, സ്‌കോഡ കോഡിയാക് സ്‌പോര്‍ട്ട്‌ലൈന്‍, സ്‌കോഡ ഒക്ടേവിയ RS 245, സ്‌കോഡ ഒക്ടേവിയ സ്‌കൗട്ട് ഓഫ്-റോഡ് എന്നിവ കൂടാതെ ഒക്ടേവിയ, റാപിഡ്, റാപിഡ് സ്‌പേസ്ബാക്ക്, സിറ്റിഗോ എന്നിവയുടെ പരിഷ്‌കരിച്ച പതിപ്പുകളും ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചു.

 

Comments

comments

Categories: Auto, FK Special