ബലാല്‍സംഗ കേസില്‍ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു

ബലാല്‍സംഗ കേസില്‍ ഗായത്രി പ്രജാപതിയെ അറസ്റ്റ് ചെയ്തു

ലക്‌നൗ: തനിക്കെതിരേ ഗൂഢാലോചന നടന്നെന്നും നാര്‍ക്കോ പരിശോധനയ്ക്കു തയാറാണെന്നും ഇന്നലെ ലക്‌നൗവില്‍ അറസ്റ്റിലായ മുന്‍ യുപി മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതി പറഞ്ഞു. യുവതിയെ ഗായത്രി പ്രജാപതിയും ആറ് പേരും ചേര്‍ന്നു ബലാല്‍സംഗം ചെയ്യുകയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

‘എനിക്കെതിരേ ആരോപിച്ചിരിക്കുന്ന ബലാല്‍സംഗ കുറ്റം ഗൂഢാലോചനയുടെ ഭാഗമാണ്. എനിക്കെതിരേ ആരോപണം ഉന്നയിച്ച യുവതിയെയും എന്നെയും നുണപരിശോധനയ്ക്കു ഹാജരാക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തെ ജുഡീഷ്യറി സംവിധാനത്തില്‍ എനിക്ക് ഉത്തമ വിശ്വാസമുണ്ട്’ പ്രജാപതി പറഞ്ഞു. ഇന്നലെ ലക്‌നൗവിലുള്ള ആഷിയാനയില്‍നിന്നും അറസ്റ്റ് ചെയ്ത പ്രജാപതിയെ പൊലീസ് ലക്‌നൗ കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേയ്ക്ക് പ്രജാപതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

കഴിഞ്ഞ മാസം 27 മുതല്‍ പ്രജാപതി ഒളിവിലായിരുന്നു. ഇക്കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗായത്രി പ്രജാപതി എസ്പി സ്ഥാനാര്‍ഥിയായി അമേഠി മണ്ഡലത്തില്‍നിന്നും മത്സരിക്കുകയും ചെയ്തിരുന്നു. പക്ഷേ അദ്ദേഹം ബിജെപി സ്ഥാനാര്‍ഥിയോട് പരാജയമേറ്റു വാങ്ങി.

Comments

comments

Categories: Politics, Top Stories