ബിനാലെയില്‍ നേട്ടങ്ങള്‍ കൊയ്ത് ഇവരും

ബിനാലെയില്‍ നേട്ടങ്ങള്‍ കൊയ്ത് ഇവരും

വേദിയുടെ ചുറ്റുവട്ടത്തുള്ളവരുടെ ജീവിതത്തിലും ബിനാലെ നിറം വിതറുന്നു

കൊച്ചി- മുസിരിസ് ബിനാലെ ഇവിടത്തെ സാധാരണക്കാരുടെ ജീവിതത്തിലും മാറ്റങ്ങളേറെ വരുത്തിയിട്ടുണ്ട്. ഏതൊക്കെ മേഖലകളിലുള്ള ആള്‍ക്കാരുടെ ജീവിതത്തെയാണ് ബിനാലെ സാമ്പത്തികമായി സ്വാധീനം ചെലുത്തിയിട്ടുള്ളതെന്ന് നോക്കാം.

കൊച്ചിയുടെയോ കേരളത്തിന്റെയോ മാത്രമല്ല, ഇന്ത്യയുടെ തന്നെ തലവര മാറ്റിക്കുറിച്ചുക്കൊണ്ടാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊച്ചി മുസിരിസ് ബിനാലെ എന്ന കലാപ്രദര്‍ശത്തിന് നമ്മുടെ നാട് വേദിയായത്. അക്കാലത്ത് നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ ഇതുകേട്ട് എന്തെന്നറിയാതെ തലതിരിച്ചു.

പലരും ബിനാലെയെ ഗൗനിച്ചതേയില്ല. എന്നാല്‍ ആദ്യവര്‍ഷം വിജയകരമായി ബിനാലെ നടന്നതിനു ശേഷം കൂടുതല്‍ ആളുകള്‍ ഇതിനെ അടുത്തറിഞ്ഞു. ഓരോ ബിനാലെയും വന്നു പോകുന്തോറും ഇത് തങ്ങളുടെ ജീവിതത്തെയും ബാധിക്കുന്നുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞു തുടങ്ങി. നല്ല രീതിയില്‍ തന്നെ, സാധാരണക്കാരന്റെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ കലാപ്രദര്‍ശത്തിന് സാധിച്ചു.

ഫോര്‍ട്ട് കൊച്ചിയിലെത്തിയാല്‍ കണ്ടറിയാം, കലയുടെ ഈ ഉല്‍സവത്തെ ഇവിടത്തുകാര്‍ എങ്ങനെയാണ് വരവേല്‍ക്കുന്നതെന്ന്. വ്യവസായ പ്രമുഖര്‍ തുടങ്ങി വഴിയോരക്കച്ചവടം നടത്തുന്ന ആള്‍ക്കാരിലും സാധാരണക്കാരിലും വരെ ഏറെ മാറ്റങ്ങളാണ് ഈ കലാമാമാങ്കം സൃഷ്ടിക്കുന്നത്. ടൂറിസമുള്‍പ്പെടെ നിരവധി മേഖലകള്‍ക്ക് ഉണര്‍വ് നല്‍കുന്നതിന് ബിനാലെ ഒരു കാരണമായി. ‘എംബസികളില്‍ നിന്നുള്ളവര്‍, സാംസ്‌കാരിക കേന്ദ്രങ്ങളില്‍ നിന്നുള്ളവര്‍, മ്യൂസിയം

ഡയറക്റ്റര്‍മാര്‍, കളക്റ്റര്‍മാര്‍, ഐഎഎസ് ഓഫീസര്‍മാര്‍ തുടങ്ങിയ ഉന്നത സ്ഥാനീയരും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് സന്ദര്‍ശകരുമാണ്് ഈ വര്‍ഷത്തെ ബിനാലെയ്ക്ക് എത്തിയത്. കലാപ്രദര്‍ശനങ്ങള്‍ കാണുന്ന ആള്‍ക്കാരാണ് സാധാരണക്കാരേക്കാള്‍ അധികം സമയം ബിനാലെക്കായി ചെലവഴിക്കുന്നത്. പണത്തേക്കാള്‍ ഉപരിയായി ജനശ്രദ്ധ നേടിയെടുക്കുന്നതിന് ബിനാലെക്ക് സാധിക്കുന്നു,’ കൊച്ചി മുസിരിസ് ബിനാലെ സ്ഥാപകരില്‍ ഒരാളായ ബോസ് കൃഷ്ണമാചാരി വ്യക്തമാക്കുന്നു.

ബിനാലെയ്ക്ക് എത്തുന്ന വിദേശീയരുടെ ചെലവുകള്‍ സംസ്ഥാനത്തിന് ലഭിക്കുന്ന വരുമാനത്തിന് മുതല്‍ക്കൂട്ടാകുന്നു. ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍ തുടങ്ങി ബിനാലെയില്‍ നിന്നും ലാഭം കൊയ്യുന്ന ഒരുപാട് മേഖലകളുമുണ്ട്, ബോസ് കൃഷ്ണമാചാരി കൂട്ടിച്ചേര്‍ക്കുന്നു.

കൊച്ചിയില്‍ നടക്കുന്ന ബിനാലെ കാണുന്നതിനും അതിനെ അടുത്തറിയുന്നതിനുമായി ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്ത് എത്തുന്ന വിശിഷ്ടാതിഥികള്‍ പോലുമുണ്ട്. ഇവരൊക്കെ കൊച്ചിയിലേക്ക് കടന്നു വരുമ്പോള്‍ അത് പലവിധത്തിലും നമ്മുടെ നാടിന് നേട്ടമാകുന്നു. സംസ്ഥാന സര്‍ക്കാര്‍ മുതല്‍ കൊച്ചിയിലെ സാധാരണക്കാരായ ജനങ്ങള്‍ വരെ ഈ നേട്ടത്തിന്റെ പങ്കുപറ്റുന്നുണ്ട്.

വിദേശ ടൂറിസ്റ്റുകളില്‍ നല്ലൊരു ശതമാനം ആള്‍ക്കാരും കൊച്ചിയിലെ ബിനാലെ വേദിയില്‍ മാത്രം സമയം ചെലവഴിച്ച് തിരികെ പോകാറില്ല. മൂന്നാര്‍, വയനാട്, ആലപ്പുഴ, കോവളം തുടങ്ങി കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കു കൂടി അവര്‍ യാത്ര നീട്ടുന്നു. ഇത്തരക്കാരുടെ എണ്ണം ചില്ലറയല്ല. അത് നമ്മുടെ സമ്പദ്ഘടനയെ വളര്‍ത്തുന്നു. കേരള ടൂറിസം രംഗത്ത് ബിനാലെ ഒരു നിര്‍ണായക പങ്ക് തന്നെയാണ് വഹിക്കുന്നതെന്നാണ് ബോസിന്റെ അഭിപ്രായം. കൊച്ചിയിലെ ജനജീവിതത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തികരംഗത്തും ബിനാലെ വന്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഏയ് ഓട്ടോ, ബിനാലേ വേദിയിലേക്ക്…

ജെര്‍മനിയില്‍ നിന്നുള്ള കാള്‍, ഗബ്രിയേല എന്നിവരുടെ ഇ മെയില്‍ വന്നതിന്റെ സന്തോഷവും ആവേശവുമൊക്കെ കാണാം ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ നവാസ് എന്ന ഓട്ടോ ഡ്രൈവറുടെ മുഖത്ത്. കൊച്ചി ബിനാലെയുടെ അവസാന ദിവസങ്ങളായ 27-)o തിയതി രാവിലെ ഈ ദമ്പതികള്‍ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തും. എല്ലാ തവണയും കൊച്ചി മുസിരിസ് ബിനാലെയ്ക്ക് എത്തുന്ന ഗബ്രിയേലയും കാളും തങ്ങള്‍ വരുന്ന വിവരമറിയിച്ച് ഫോര്‍ട്ട് കൊച്ചിയിലെ ഒരു സാധാരണക്കാരനായ ഓട്ടോ ഡ്രൈവര്‍ക്ക് ഇമെയില്‍ അയക്കാനുള്ള കാരണമെന്തായിരിക്കും?

ആ സന്ദേശമറിഞ്ഞപ്പോള്‍ മുതല്‍ ആവേശഭരിതനായ നവാസ് തന്നെ ഇതിനുള്ള മറുപടിയും പറഞ്ഞു തുടങ്ങി. ‘കൊച്ചി മുസിരിസ് ബിനാലെയ്ക്ക് എത്തിയ പരിചയമാണ് എനിക്ക് ഇവരോടുള്ളത്. കേവലം അഞ്ചോ പത്തോ ദിവസമേ ഞങ്ങള്‍ കണ്ടിട്ടുമുള്ളൂ. എന്നാല്‍ എനിക്കിവര്‍ ഇപ്പോള്‍ എന്റെ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത വ്യക്തികളാണ്’. ഗബ്രിയേലയും കാളും കൊച്ചിയില്‍ എത്തിയാല്‍ മടങ്ങുന്നതു വരെയുള്ള യാത്രകള്‍ നടത്തുന്നത് നവാസിന്റെ മുച്ചക്ര വാഹനത്തിലായിരിക്കും.

ഇത് ഒരു നവാസിന്റെ മാത്രം കഥയല്ല. ഫോര്‍ട്ട്‌കൊച്ചിയിലെ ഓട്ടോസമൂഹം മുഴുവന്‍ ബിനാലെ തങ്ങള്‍ക്ക് നല്‍കിയ നേട്ടങ്ങളുടെയും സന്തോഷത്തിന്റെയും ആവേശത്തിലാണ്. ഇവരില്‍ പലരും കൊച്ചി മുസിരിസ് ബിനാലെ വേദിയില്‍ എന്താണ് നടക്കുന്നത് എന്ന് അനുഭവിച്ചറിഞ്ഞിട്ടില്ല. പക്ഷെ ബിനാലെ നടക്കുന്ന ഒരു വേദിയില്‍ നിന്നും മറ്റൊരു വേദിയിലേക്ക് ദിവസവും ഒന്നിലധികം തവണ യാത്രകള്‍ നടത്തുന്നുണ്ട്, സന്ദര്‍ശകരുമായി.

തങ്ങള്‍ക്ക് പതിവിലും അധികം വരുമാനം ബിനാലെ നടക്കുന്ന മൂന്ന് മാസങ്ങളില്‍ ലഭിക്കാറുണ്ടെന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ഓട്ടോക്കാര്‍ ഒന്നടങ്കം പറയുന്നത്. ഓട്ടോകള്‍ മാത്രമല്ല, ആപ്പ് അധിഷ്ഠിത ടാക്‌സികളും ഈ ലാഭത്തിന്റെ ഭാഗമാകുന്നു.

വലിയ ശതമാനം യൂബര്‍, ഒല ടാക്‌സികളാണ് ഇപ്പോള്‍ ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ച് സേവനം നടത്തുന്നത്. കൂടുതല്‍ ആള്‍ക്കാര്‍ക്ക് സുഖകരമായി മിതമായ നിരക്കില്‍ യാത്ര ചെയ്യാം എന്നതുകൊണ്ട് തന്നെ ഇവരെ ആശ്രയിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണവും ചില്ലറയല്ല.

ഇനി വണ്ടിയോടിച്ച് പോകാം

കൊച്ചിയില്‍ ബിനാലെ നടക്കുന്ന മുഖ്യവേദികളുടെ പരിസരത്ത് കാണാം സൈക്കിളിലും ബുള്ളറ്റിലുമൊക്കെ യാത്ര ചെയ്യുന്ന വിദേശികളെ. ഇവര്‍ക്ക് ഈ സൈക്കിളുകള്‍ എവിടെ നിന്ന് കിട്ടുന്നു? എന്തായാലും സംഗതി കൊള്ളാം.ഫോര്‍ട്ട് കൊച്ചിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും കാണാം, ‘റെന്റഡ് ടൂ വീലേഴ്‌സ്’എന്ന ബോര്‍ഡ്.

ഇത് തിരക്കി നിരവധി പേരാണ് ദിവസേനെ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നതിനായി എത്തുന്നത്. ബിനാലെയുടെ വേദികള്‍ തമ്മില്‍ നല്ല ദൂരമുള്ളതിനാല്‍ വിദേശികളില്‍ നല്ലൊരു ശതമാനം ആള്‍ക്കാരുടെയും യാത്ര സൈക്കിളിലും ബൈക്കിലും സ്‌കൂട്ടറിലുമൊക്ക തന്നെ.

ഫോര്‍ട്ട് കൊച്ചി പ്രദേശത്തെ നിരവധിയാള്‍ക്കാരാണ് വിദേശികള്‍ക്ക് ഇരുചക്രവാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്. സൈക്കിളുകളും സ്‌കൂട്ടറുകളും വിലയ്ക്ക് വാങ്ങി വാടകയ്ക്ക് നല്‍കുന്നവരും മറ്റ് ആരുടെയെങ്കിലും പക്കല്‍ നിന്ന് ഏര്‍പ്പാടാക്കി കൊടുക്കുന്നവരുമുണ്ട്. ദിവസവാടകയ്ക്കാണ് ഇരുചക്രവാഹനങ്ങള്‍ നല്‍കുന്നത്.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും വരുന്ന ടൂറിസ്റ്റുകളാണ് മുഖ്യഉപയോക്താക്കള്‍. മാത്രവുമല്ല, തിരിച്ചറിയല്‍ രേഖകള്‍ നല്‍കിയാല്‍ മാത്രമേ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാറുള്ളൂ. വിശ്വാസ്യത ഉറപ്പു വരുത്താനാണിതെന്ന് റെന്റഡ് ബൈക്ക് ഇടപാടുകാര്‍ പറയുന്നു. ഓണ്‍ലൈനില്‍ ഇരുചക്രവാഹനങ്ങള്‍ ബുക്ക് ചെയ്യുന്ന ആള്‍ക്കാരാണ് അധികവും. ആവശ്യമനുസരിച്ച് വാഹനങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കുകയും ചെയ്യാറുണ്ട്.

സൈക്കിളിന് ഒരു ദിവസത്തേക്ക് 100 രൂപ, ഗിയര്‍ലെസ് സ്‌കൂട്ടറിന് 300 രൂപ, ബുള്ളറ്റ് 800 രൂപ അങ്ങനെയാണ് വാടക ഈടാക്കുന്നത്. വാഹനത്തിന്റെ മോഡല്‍, കപ്പാസിറ്റി എന്നിവ അനുസരിച്ച് വിലയിലും മാറ്റം വരുന്നു.

ബിനാലെക്കാലം ആയതോടെ തങ്ങളെ ആശ്രയിക്കുന്ന ടൂറിസ്റ്റുകളുടെ എണ്ണം വളരെ കൂടുതലാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

നല്ല ഭക്ഷണം വിളമ്പി പണമുണ്ടാക്കാം

ബിനാലെക്കാലം ഹോട്ടല്‍, റെസ്‌റ്റോറന്റ് ബിസിനസുകാര്‍ക്ക് ചാകരക്കാലം തന്നെ. വൃത്തിയുള്ള അന്തരീക്ഷവും ഗുണമേന്മയുള്ള ഭക്ഷണങ്ങളുമെല്ലാം നല്‍കുന്നതില്‍ ഓരോ ഭക്ഷണശാലയും മത്സരിക്കുകയാണ്. കൂടുതല്‍ ഉപഭോക്താക്കളെ തങ്ങളുടെ റെസ്റ്റോറന്റിലേക്ക് ആകര്‍ഷിക്കുന്നതിന് മറ്റൊരു മികച്ച മാര്‍ഗമില്ലെന്ന് ഇവര്‍ക്കറിയാം. കേരളത്തിന്റെ തനതു ഭക്ഷണങ്ങളും മല്‍സ്യവിഭവങ്ങളുമൊക്കെ വിദേശഭക്ഷണങ്ങള്‍ക്കൊപ്പം നല്‍കുന്ന റെസ്റ്റോറന്റുകളാണ് ഒട്ടുമിക്കവയും.

‘നിരവധി ആള്‍ക്കാരാണ് ബിനാലെ തുടങ്ങിയതിനു ശേഷം ഇവിടേക്കെത്തുന്നത്. ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കൂടുതല്‍ ആള്‍ക്കാര്‍ ബിനാലെ കാണുന്നതിനായി എത്തുന്നത്. ഒരു ദിവസം 100 ആള്‍ക്കാര്‍ക്കുള്ള ഭക്ഷണമാണ് തയ്യാറാക്കുന്നത്. അതെല്ലാം ചെലവാകുന്നുമുണ്ട്. ബിനാലെ സമയത്ത് ദിവസേനെ 10,000 രൂപയുടെ കച്ചവടം ഉണ്ടാകാറുണ്ട്,’ കൊച്ചി ബിനാലെയുടെ മുഖ്യവേദിയായ ആസ്പിന്‍ വോളിനു സമീപമുള്ള അല്‍ ഹലാല റെസ്‌റ്റോറന്റ് ഉടമ ഇക്ബാല്‍ പറയുന്നു.

കേരളീയ വിഭവങ്ങളാണ് ഈ റെസ്റ്റോറന്റിലധികവും. ഫോര്‍ട്ട് കൊച്ചിയിലെ കേരള കഫേ എന്ന റെസ്റ്റോറന്റില്‍ ഓര്‍ഡര്‍ അനുസരിച്ച് ഉപഭോക്താക്കളുടെ ഇഷ്ടാനുസാരമാണ് ഭക്ഷണം തയാറാക്കി നല്‍കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം റെസ്റ്റോറന്റുകളെ ആശ്രയിക്കുന്നവരുടെ എണ്ണവും അധികമാണ്. ബിനാലെ സമയത്ത് ദിവസേന 15,000 രൂപയുടെ കച്ചവടം നടക്കാറുണ്ടെന്നാണ് റെസ്റ്റോറന്റ് അധികൃതര്‍ പറയുന്നത്.

താമസമൊരുക്കാം, ആതിഥേയത്വം വഹിക്കാം

നോട്ട് അസാധുവാക്കല്‍ പ്രതിസന്ധി സൃഷ്ടിച്ച ഭീതി അല്‍പ്പമൊന്ന് ആശങ്കപ്പെടുത്തിയെങ്കിലും മുന്‍വര്‍ഷത്തെപ്പോലെ നിരവധി വിദേശികള്‍ ഈ വര്‍ഷവും ബിനാലെയ്ക്ക് എത്തിയെന്നാണ് ഫോര്‍ട്ട് കൊച്ചിയിലെ ലീലു ഹോം സ്‌റ്റേ നടത്തിപ്പുകാരിയായ ലീലു വ്യക്തമാക്കുന്നത്. പ്രഭാതഭക്ഷണവും താമസവുമാണ് ഇവിടെ നല്‍കുന്നത്.

ബിനാലെയ്‌ക്കെത്തുന്ന ആള്‍ക്കാര്‍ കൂടുതലും രണ്ടോ മൂന്നോ ദിവസം മാത്രമേ താമസിക്കാറുള്ളൂ. വരുന്ന ആള്‍ക്കാരുടെ ആവശ്യമനുസരിച്ച് എസി, നോണ്‍ എസി, സിംഗിള്‍, ഡബിള്‍ മുറികള്‍ എന്നിവയ്ക്ക് 16 മുതല്‍ 40 ഡോളര്‍ വരെ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോംസ്‌റ്റേകളിലെ ശരാശരി നിരക്കുകളാണിത്.

400ലധികം ഹോംസ്‌റ്റേകളാണ് ഫോര്‍ട്ട് കൊച്ചിയിലുള്ളത്. ബിനാലെ പ്രമാണിച്ച് എല്ലായിടത്തും തിരക്കുണ്ട്. മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ ബുക്കിംഗാണ് മിക്ക ഹോംസ്‌റ്റേകളിലും.

തങ്ങള്‍ വിദേശികള്‍ക്കാണ് കൂടുതലും പ്രാമുഖ്യം നല്‍കുന്നതെന്നാണ് ലീലു പറയുന്നത്. ഹോട്ടല്‍, ഹോംസ്‌റ്റേ രംഗത്ത് ബിനാലെ മൂലമുണ്ടായ സാമ്പത്തികനേട്ടം ചില്ലറയല്ല. ആയുര്‍വേദ ശുശ്രൂഷയും പാചക ക്ലാസും ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയാണ് മിക്കവയും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നത്.

ഹോട്ടലുകള്‍, ഹോംസ്‌റ്റേകള്‍ തുടങ്ങി ബിനാലെയില്‍ നിന്നും ലാഭം കൊയ്യുന്ന ഒരുപാട് മേഖലകളുമുണ്ട്. കൊച്ചിയില്‍ നടക്കുന്ന ബിനാലെ കാണുന്നതിനും അതിനെ അടുത്തറിയുന്നതിനുമായി ഹെലികോപ്റ്റര്‍ ചാര്‍ട്ട് ചെയ്ത് എത്തുന്ന വിശിഷ്ടാതിഥികള്‍ പോലുമുണ്ട്. ഇവരൊക്കെ കൊച്ചിയിലേക്ക് കടന്നു വരുമ്പോള്‍ അത് പലവിധത്തിലും നമ്മുടെ നാടിന് നേട്ടമാകുന്നു.

ബോസ് കൃഷ്ണമാചാരി
സ്ഥാപകന്‍, കൊച്ചി മുസിരിസ് ബിനാലെ

Comments

comments

Categories: FK Special