പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്താന്‍ ഇടയില്ല

പലിശ നിരക്കില്‍ റിസര്‍വ് ബാങ്ക് ഉടന്‍ കുറവു വരുത്താന്‍ ഇടയില്ല

‘അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ 15 മുതല്‍ 18 ശതമാനം വരെ ഇപിഎസ് വളര്‍ച്ചയുണ്ടാകും’

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പശ്ചാത്തലത്തില്‍ ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) കൂടി പ്രാബല്യത്തില്‍ വരുന്നതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടുതല്‍ കാര്യക്ഷമവും അടക്കമുള്ളതുമാകുമെന്ന് റിലയന്‍സ് മ്യൂച്വല്‍ ഫണ്ട് സിഐഒ സുനില്‍ സിന്‍ഗാനിയ അഭിപ്രായപ്പെട്ടു. നോട്ട് അസാധുവാക്കല്‍ നടപടിയും ജിഎസ്ടിയും രാജ്യത്ത് അനുകൂലാന്തരീക്ഷമൊരുക്കുമെന്നും സുനില്‍ സിന്‍ഗാനിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം ഏകദേശം സമാനമായ അന്തരീക്ഷമാണ് ഓഹരി വിപണിയില്‍ ഇപിഎസ്(ഒരു ഓഹരിയില്‍ നിന്നുള്ള വരുമാനം) വളര്‍ച്ചയെ സംബന്ധിച്ച് ഉണ്ടായിരുന്നത്. ഇപിഎസ് വളര്‍ച്ച മന്ദഗതിയിലായിരുന്നു. അടുത്ത രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ 15 മുതല്‍ 18 ശതമാനം വരെ ഇപിഎസ് വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സിന്‍ഗാനിയ അറിയിച്ചു.

ആഗോള തലത്തില്‍ സാമ്പത്തികാന്തരീക്ഷം അത്ര ആരോഗ്യകരമല്ലെങ്കിലും ഇറക്കുമതി രാജ്യമെന്ന നിലയില്‍ ഇന്ത്യക്ക് ആനുകൂല്യങ്ങളുണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാടിനെ വിശകലനം ചെയ്യുമ്പോള്‍ പലിശ നിരക്ക് കുറയ്ക്കുന്നത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സിന്‍ഗാനിയയുടെ നിരീക്ഷണം.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ദൃശ്യമായിട്ടുള്ള ബിജെപി അനുകൂലാന്തരീക്ഷം വിപണിക്ക് ശുഭപ്രതീക്ഷ തരുന്നതാണ്. സംസ്ഥാന തെരഞ്ഞെടുപ്പിലെ അനുകൂല തരംഗം സാമ്പത്തിക നയങ്ങളെ ശക്തമായ രീതിയില്‍ നടപ്പാക്കുന്നതിനും പരിഷ്‌കരണത്തിനും കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുമെന്നും സിന്‍ഗാനിയ പറഞ്ഞു.

ജിഎസ്ടിക്കു പുറമെ ഇനിയും നിരവധി പരിഷ്‌കരണ നയങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കേണ്ടതുണ്ട്. അടുത്ത രണ്ട് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത് ഇക്കാര്യങ്ങള്‍ക്കായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.
വിസ പരിഷ്‌ക്കരണത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച കടുത്ത നിലപാടുകള്‍ ഇന്ത്യന്‍ ടെക് കമ്പനികളെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു. ആഗോള തലത്തില്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് മത്സരക്ഷമതയുണ്ട്.

ട്രംപ് ഭരണകൂടത്തിന്റെ വിസാ പരിഷ്‌ക്കരണ നയങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകില്ലെന്ന് ഉറപ്പുവരുത്തുന്നതിനു വേണ്ടി കേന്ദ്ര സര്‍ക്കാരും ഐടി മന്ത്രാലയവും നാസ്‌കോമും ഇതിനോടകം തന്നെ യുഎസ് പ്രതിനിധികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നത്തിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Banking, FK Special