ഐഡിയ-വൊഡാഫോണ്‍ ലയനം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

ഐഡിയ-വൊഡാഫോണ്‍ ലയനം ഈ ആഴ്ച പ്രഖ്യാപിച്ചേക്കും

പുതിയ കന്നിയില്‍ ഐഡിയയുടെയും വോഡഫോണിന്റെയും ഓഹരി മൂല്യം 40,000 കോടി രൂപ വീതമായിരിക്കും

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ വൊഡാഫോണും ഐഡിയയും തമ്മിലുള്ള ലയനം ഈയാഴച പ്രഖ്യാപിക്കപ്പെടുമെന്ന് സൂചന. ഏകദേശം എട്ടുമാസം നീണ്ട ചര്‍ച്ചകള്‍ക്കെടുവിലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഐഡിയയും ബ്രിട്ടീഷ് കമ്പനിയായ വൊഡാഫോണും തമ്മില്‍ ലയിക്കാന്‍ ധാരണയായത്. ലയനത്തിലൂടെ 390 മില്യണ്‍ വരിക്കാരുള്ള കമ്പനിയെയാണ് ടെലികോം മേഖലയ്ക്ക് ലഭിക്കുകയെന്നാണ് വിലയിരുത്തല്‍.

21 ബില്യണ്‍ യൂറോ മൂല്യം കണക്കാക്കുന്ന ലയന കരാറിലൂടെ വരുന്ന പുതിയ സംരംഭത്തില്‍ ഐഡിയയും വൊഡാഫോണും തുല്യ ഓഹരി പങ്കാളിത്തം വഹിക്കുമെന്നാണ് സീചന. ഐഡിയ-വൊഡാഫോണ്‍ സംയുക്ത കമ്പനിയില്‍ കുമാര്‍ മംഗളം ബിര്‍ള ചെയര്‍മാന്‍ സ്ഥാനം എറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുമാര്‍ മംഗളം ബിര്‍ളയെ പുതിയ കമ്പനിയുടെ ചെയര്‍മാനാക്കണമെന്ന ബിര്‍ള ഗ്രൂപ്പിന്റെ ആവശ്യം വൊഡാഫോണ്‍ അംഗീകരിച്ചതായാണ് വിവരം.

ഇന്ത്യയിലെ ടെലികോം വിപണിയുടെ 42ശതമാനവും പുതിയ സംയുക്ത കമ്പനിയാകും കൈകാര്യം ചെയ്യുക. റിലയന്‍സ് ജിയോയുടെ കടന്നുവരവ് ടെലികോം മേഖലയില്‍ സൃഷ്ടിച്ച കലങ്ങിമറിയലാണ് ഐഡിയ സെല്ലുലാറും വൊഡാഫോണും ഒന്നിക്കാനുള്ള സാധ്യതകളിലേക്ക് വഴി തുറന്നത്. ഇന്ത്യന്‍ വിപണിയെയും ടെലികോം ഇന്‍ഡസ്ട്രിയെയും സംബന്ധിച്ചിടത്തോളം വൊഡാഫോണ്‍-ഐഡിയ ലയനം വലിയ നീക്കമായിരിക്കും.

ഐഡിയ-വൊഡാഫോണ്‍ ലയനത്തോടെ ഇന്ത്യന്‍ വിപണിയില്‍ പുതിയ ടെലികോം നേതൃത്വം ഉണ്ടാകുമെന്നാണ് നിരീക്ഷണം. റിലയന്‍സ് ജിയോയും നിലവില്‍ രാജ്യത്തെ രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെലും പുതിയ ലയന സംരംഭത്തില്‍ നിന്നും കടുത്ത മത്സരം നേരിടും. പുതിയ കന്നിയില്‍ ഐഡിയയുടെയും വോഡഫോണിന്റെയും ഓഹരി മൂല്യം 40,000 കോടി രൂപ വീതമായിരിക്കും. 89,000 കോടി രൂപയുടെ കടബാധ്യതയും പുതിയ കമ്പനിക്ക് ഉണ്ടാകും.

ജിയോ സൗജന്യ ഓഫറുകളിലൂടെ തുടക്കം കുറിച്ച ടെലികോം മത്സരം രസകരമായ രീതിയില്‍ 2017ല്‍ മുന്നോട്ടു പോകുമെന്ന സൂചനയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ലയനത്തോടെ ഇന്ത്യന്‍ ടെലികോം രംഗം പ്രധാനമായും നാല് കമ്പനികളിലേക്ക് ചുരുങ്ങുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. വൊഡാഫോണും, ഐഡിയ സെല്ലുലാറും തമ്മിലുള്ള ലയനം നിരക്ക് യുദ്ധത്തില്‍ ഇരു ടെലികോം കമ്പനികളെയും സഹായിക്കും.

എന്നാല്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ നിരക്ക് നിശ്ചയിക്കാനുള്ള ശേഷി വര്‍ധിപ്പിക്കുന്നതിലേക്ക് ടെലികോം ഓപ്പറേറ്റര്‍മാരെ ലയനം നയിക്കില്ലെന്നാണ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ചിന്റെ നിരീക്ഷണം. ഇരു കമ്പനികളുടെയും പദ്ധതി ചെലവ് ലാഭിക്കുന്നതിന് ലയനം അവസരങ്ങളൊരുക്കുമെന്നും ഫിച്ച് വ്യക്തമാക്കി.

Comments

comments