പട്ടാള ബാരക്കില്‍ നിന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയിലേക്ക്

പട്ടാള ബാരക്കില്‍ നിന്നും മണിപ്പൂരിന്റെ മുഖ്യമന്ത്രിയിലേക്ക്

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍നിന്നും 15 കിലോമീറ്റര്‍ അകലെയുള്ള ഹെയ്ങ്ഗാങില്‍ ബാല്യകാലം ചെലവഴിക്കുമ്പോള്‍ ഫുട്‌ബോളിനെയാണു ബിരേന്‍ സിംഗ് ആദ്യമായി ഇഷ്ടപ്പെട്ടത്. ഫുട്‌ബോള്‍ കമ്പം ബിഎസ്എഫില്‍ ജോലി നേടുക്കൊടുക്കുകയും ചെയ്തു. സൈനികനായി വിരമിച്ചതിനു ശേഷം കുറച്ചുകാലം മാധ്യമപ്രവര്‍ത്തകന്റെ വേഷമണിഞ്ഞു.

പ്രാദേശിക പത്രമായ നഹറോള്‍ ജി തൗദാങിലായിരുന്നു ജേണലിസ്റ്റിന്റെ വേഷമണിഞ്ഞത്. ഇവിടെ ജോലി ചെയ്യുമ്പോള്‍ ഒരിക്കല്‍ ബിരേന്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തീവ്രവാദികള്‍ക്ക് അനുകൂലമായി വാര്‍ത്ത എഴുതിയതിനാണ് അറസ്റ്റ് ചെയ്തത്. 2000 ഏപ്രിലിലായിരുന്നു അത്. ഇതേ തുടര്‍ന്നാണു മാധ്യമപ്രവര്‍ത്തകന്റെ വേഷം അഴിച്ചുവയ്ക്കാന്‍ തീരുമാനിച്ചത്. പിന്നീട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. ഇപ്പോള്‍ മണിപ്പൂരിന്റെ മുഖ്യമന്ത്രിയും.

2002ല്‍ ഡമോക്രാറ്റിക് റവല്യൂഷണറി പീപ്പിള്‍സ് പാര്‍ട്ടി ടിക്കറ്റില്‍ മണിപ്പൂര്‍ നിയമസഭയിലേക്കു മത്സരിച്ചു. ആദ്യ മത്സരത്തില്‍ തന്നെ വിജയിക്കുകയും ചെയ്തു. പിന്നീട് 2003 മെയ് മാസം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുകയും മന്ത്രിയാവുകയും ചെയ്തു. സര്‍ക്കാരില്‍ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യാനുള്ള അവസരം ബിരേന് ലഭിച്ചു. മാത്രമല്ല മണിപ്പൂര്‍ സര്‍ക്കാരിന്റെ വക്താവായും തിളങ്ങുകയുണ്ടായി.

പില്‍ക്കാലത്ത് കോണ്‍ഗ്രസ് മുഖ്യമന്ത്രി ഒക്‌റാം ഇബോബി സിംഗുമായി ഇടയുകയും അദ്ദേഹത്തിനെതിരേ കലാപം നയിക്കുകയും ചെയ്തു. ഇതോടെ കോണ്‍ഗ്രസ് ബിരേനെ വിമതനായി ചിത്രീകരിച്ചു. ഇബോബിയെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം നടത്തിയ കലാപത്തിന്റെ മുഖ്യപ്രചാരകന്‍ ബിരേനായിരുന്നു.

ഇതേത്തുടര്‍ന്ന് ബിരേനെ പാര്‍ട്ടിയില്‍നിന്നും പുറത്താക്കി. കഴിഞ്ഞ വര്‍ഷമായിരുന്നു പുറത്താക്കല്‍. ഇതോടെ എംഎല്‍എ സ്ഥാനം രാജിവച്ച ബിരേന്‍ 2016 ഒക്ടോബര്‍ 17നു ബിജെപിയില്‍ അംഗത്വമെടുത്തു. 56-കാരനായ മണിപ്പൂരിന്റെ പുതിയ മുഖ്യമന്ത്രി, ജനകീയനും സൗഹാര്‍ദ്ദ സമീപനവുമുള്ള വ്യക്തിയായിട്ടാണ് അറിയപ്പെടുന്നത്.

Comments

comments

Categories: FK Special, Life, Politics