ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപമായി

ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് അന്തിമരൂപമായി

ന്യൂഡെല്‍ഹി: ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് സുപ്രീം കോടതി കൊളീജിയം അന്തിമ രൂപം നല്‍കി. ജഡ്ജി നിയമനത്തില്‍ കൊളീജിയത്തെ സഹായിക്കുന്നതിന് സുപ്രീം കോടതിയിലും ഹൈക്കോടതികളിലും സെക്രട്ടേറിയറ്റ് രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ യോഗ്യതാ മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ആകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഏറെ അനിശ്ചിതത്വങ്ങള്‍ക്കും അഭിപ്രായവ്യത്യാസങ്ങള്‍ക്കുമൊടുവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗോഗോയ്, മദന്‍ ബി ലോകര്‍ എന്നിവരടങ്ങുന്ന കൊളീജിയം നടപടിക്രമങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയിരിക്കുന്നത്. അന്തിമ രൂപം നല്‍കിയ നടപടിക്രമങ്ങളുടെ ധാരണാപത്രം ഈ ആഴ്ചതന്നെ കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കും.

ഒരു വര്‍ഷത്തോളമായി നിയമനങ്ങള്‍ നടക്കാത്തതിനാല്‍ രാജ്യത്തെ ഹൈക്കോടതികളില്‍ ആവശ്യമായതിന്റെ 60 ശതമാനത്തില്‍ താഴെ ജഡ്ജിമാര്‍ മാത്രമാണ് നിലവിലുള്ളത്. ഇതുമൂലം പല കേസുകളിലും കാലതാമസം നേരിട്ടിരുന്നു. ഇതേതുടര്‍ന്ന്, ജഡ്ജി നിയമനത്തിനുള്ള നടപടിക്രമങ്ങളില്‍ ഭേദഗതി വരുത്തണമെന്ന് ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവിട്ടു. എന്നാല്‍, ഇക്കാര്യത്തില്‍ സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം തുടരുകയായിരുന്നു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ക്ക് വേഗത്തില്‍ അന്തിമ രൂപം നല്‍കണമെന്ന് ഫെബ്രുവരിയില്‍ സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

Comments

comments

Categories: FK Special
Tags: Judge, New Delhi