കുറഞ്ഞ വരുമാനമുള്ളവര്‍ക്കായി പ്രത്യേക ഹൗസിംഗ് പോളിസി

കുറഞ്ഞ വരുമാനമുള്ളവര്‍ക്കായി പ്രത്യേക ഹൗസിംഗ് പോളിസി

ദുബായുടെ പഴയ മേഖലയെ നവീകരിക്കാനും പദ്ധതിയുണ്ട്

ദുബായ്: കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിനായി ദുബായ് യുവരാജാവ് ഷേയ്ഖ് ഹംധാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തൗം പുതിയ ഹൗസിംഗ് പോളിസിക്ക് അനുമതി നല്‍കി. നഗരത്തിലെ ചില പഴയ സ്ഥലങ്ങളെ നവീകരിക്കുക എന്ന ലക്ഷ്യവും യുവരാജാവിനുണ്ട്.

ദുബായുടെ തന്ത്ര പ്രധാനമായ മേഖലകളില്‍ കുറഞ്ഞ വരുമാനത്തില്‍ ജോലിചെയ്യുന്ന പ്രവാസികള്‍ ഉള്‍പ്പടെയുള്ളവരെ പുതിയ ഹൗസിംഗ് നയത്തിന്റെ അടിസ്ഥാനത്തില്‍ എമിറേറ്റ്‌സുകളായും അല്ലാത്തവരായും തരംതിരിക്കും. കുടുംബത്തിന്റെ വരുമാനം, താമസിക്കുന്ന സ്ഥലം, കുടുംബം നേരിടുന്ന പ്രശ്‌നങ്ങളും അവരുടെ ആവശ്യങ്ങളുമെല്ലാം പരിശോധിച്ചതിന് ശേഷമായിരിക്കും ഹൗസിംഗ് പോളിസിയില്‍ പരിഗണിക്കുക.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സുമായി സഹകരിച്ചാണ് പുതിയ നയം നടപ്പാക്കുന്നത്. കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യം ഒരുക്കുക, ദുബായിലെ പഴയ സ്ഥലങ്ങളെ നവീകരിക്കുക എന്നിവയാണ് പോളിസിയിലൂടെ ഉദ്ദേശ്യമെന്നും പത്രക്കുറിപ്പിലൂടെ ഗവണ്‍മെന്റ് പറഞ്ഞു.

ആഡംബര വിപണിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ദുബായില്‍ നടക്കുന്നത്. ഇതിനൊപ്പം ശരാശരി വരുമാനമുള്ളവരെ ആകര്‍ഷിക്കുന്നതിനായി അവര്‍ക്ക് താങ്ങാന്‍ കഴിയുന്ന ഹൗസിംഗ് പദ്ധതികളും നിര്‍മാണ കമ്പനികള്‍ ഒരുക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സിലിന്റെ മീറ്റിംഗില്‍ വച്ചാണ് ദുബായ് യുവരാജാവ് പോളിസിക്ക് അനുമതി നല്‍കിയത്. ദുബായില്‍ നടക്കുന്ന എല്ലാ സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതിനായി വ്യവസായികളേയും ജനകീയ സംഘടനകളേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഷെയ്ഖ് ഹംധാനിന്റെ നേതൃത്വത്തില്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിളിറ്റി വര്‍ക്ക് ടീം രൂപീകരിച്ചു. സമൂഹത്തിന്റെ ആവശ്യങ്ങളും മനസിലാക്കുന്നതിനും പദ്ധതികള്‍ക്ക് നേതൃത്വം വഹിക്കുന്നതിനും നാടിനു വേണ്ടി കഷ്ടപ്പെടുന്നവര്‍ക്കായി പദ്ധതികള്‍ രൂപീകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചുകൊണ്ടായിരിക്കും സംഘടന പ്രവര്‍ത്തിക്കുക.

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കാണ് ദുബായ് സര്‍ക്കാര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഷെയ്ഖ് ഹംധാന്‍ പറഞ്ഞു. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും ജീവിക്കാന്‍ മികച്ച അവസരം നല്‍കി അവര്‍ക്കിടയില്‍ സന്തോഷം എത്തിക്കുക എന്നത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK Special, World