‘ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം ഉയരുന്നത് ലയന-ഏറ്റെടുക്കലുകളില്‍ താല്‍പ്പര്യം വര്‍ധിപ്പിക്കും’

‘ഇന്ത്യന്‍ വിപണിയില്‍ ആത്മവിശ്വാസം ഉയരുന്നത് ലയന-ഏറ്റെടുക്കലുകളില്‍ താല്‍പ്പര്യം വര്‍ധിപ്പിക്കും’

2016ല്‍ 1,195 ഇടപാടുകളിലായി രാജ്യത്ത് 69.75 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്

മുംബൈ: ഇന്ത്യന്‍ വിപണിയില്‍ സംരംഭകര്‍ക്കുള്ള ആത്മവിശ്വാസം ഉയരുന്നത് ലയന-ഏറ്റെടുക്കല്‍ കരാറുകളെയും വര്‍ധിപ്പിക്കുമെന്ന് ബാര്‍ക്ലെയ്‌സ് ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ പ്രമോദ് കുമാര്‍. രാജ്യത്തെ നിരവധി ഘടകങ്ങള്‍ ഭാവിയില്‍ കൂടുതല്‍ ലയന-ഏറ്റെടുക്കല്‍ കരാറുകളിലേക്ക് നയിക്കുന്നതാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

2016ല്‍ 1,195 ഇടപാടുകളിലായി രാജ്യത്ത് 69.75 ബില്യണ്‍ ഡോളറിന്റെ ലയന-ഏറ്റെടുക്കല്‍ കരാറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വിവിധ വ്യാവസായിക മേഖലകള്‍ കേന്ദ്രീകരിച്ച് ഉണ്ടായിട്ടുള്ള സംയോജന പ്രവണതയുടെ അകമ്പടിയോടെ ആണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ലയന-ഏറ്റെടുക്കല്‍ കരാറുകളില്‍ റെക്കോര്‍ഡ് വളര്‍ച്ച രേഖപ്പെടുത്തിയത്. സമീപഭാവിയിലും ഇതു തുടരുമെന്നാണ് പ്രമോദ് കുമാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം നടന്നിട്ടുള്ള ചില വന്‍കിട കരാറുകളില്‍ ബാര്‍ക്ലെയ്‌സ് കാപിറ്റലും സാന്നിധ്യമറിയിച്ചിരുന്നു. ഭാവിയില്‍ ഇന്ത്യയില്‍ ലയന ഏറ്റെടുക്കല്‍ കരാറുകള്‍ വര്‍ധിക്കുമെന്നത് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്നും വ്യക്തമാണെന്നും. ബിസിനിസ് രംഗത്ത് തുടര്‍ന്നും ഏകീകരണ പ്രവര്‍ത്തനങ്ങളും യുക്തിപരമായ പുനഃക്രമീകരണവും നിരീക്ഷിക്കാനാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

ഇത് ചില സംരംഭകരെ ആകര്‍ഷകമായ വിലയില്‍ തങ്ങളുടെ ബിസിനസിന്റെ ഒരു ഭാഗം വിറ്റൊഴിയുന്നതിന് പ്രോത്സാഹിപ്പിക്കും. ഇത്തരത്തില്‍ വില്‍പ്പനയ്ക്ക് തയാറെടുക്കുന്ന ബിസിനസുകളിലെ ഭൂരിപക്ഷ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ അതീവ താല്‍പ്പര്യം കാണിക്കുമെന്നും പ്രമോദ് പറയുന്നു.

‘വില്‍പ്പനയ്ക്കു തയാറാകുന്ന ബിസിനസുകള്‍ അടിസ്ഥാനപരമായി മോശം പ്രകടനമാണ് നടത്തുന്നതെന്ന് പറയാന്‍ സാധിക്കില്ല. പക്ഷെ, ഇത്തരം സംരംഭങ്ങള്‍ക്ക് കുറഞ്ഞ നിക്ഷേപം മത്രമെ ഉണ്ടായിരിക്കുള്ളു. അല്ലെങ്കില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിനു സഹായിക്കുന്ന രീതിയിലുള്ള ശ്രദ്ധ കിട്ടിക്കാണില്ല.

ഒന്നോ രണ്ടോ വര്‍ഷം പിന്‍തിരിഞ്ഞു നോക്കുകയാണെങ്കില്‍ ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും,’ പ്രമോദ് പറയുന്നു. ഭാവിയില്‍ വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലുള്ള താല്‍പ്പര്യം വര്‍ധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

രാജ്യം രണ്ട് വര്‍ഷം മുന്‍പുള്ള അവസ്ഥയില്‍ നിന്നും പുരോഗമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. ധനകാര്യം, പുനരുപയോഗിക്കാവുന്ന ഊര്‍ജം, ആരോഗ്യ പരിപാലന സേവനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപകര്‍ക്ക് തന്ത്രപമായ താല്‍പ്പര്യം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments