തെരേസ മേയ്ക്ക് തലവേദന സൃഷ്ടിച്ച് ജനഹിതം ആവശ്യപ്പെട്ട് വീണ്ടും സ്‌കോട്ട്‌ലാന്‍ഡ്

തെരേസ മേയ്ക്ക് തലവേദന സൃഷ്ടിച്ച് ജനഹിതം ആവശ്യപ്പെട്ട് വീണ്ടും സ്‌കോട്ട്‌ലാന്‍ഡ്

യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള ബ്രിട്ടന്റെ പിന്മാറ്റം എപ്രകാരമായിരിക്കും എന്നതിനെ കുറിച്ച് യാതൊരു ധാരണയുമില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് ഇയുവുമായുള്ള ബ്രിട്ടന്റെ പിന്മാറ്റം കടുപ്പമേറിയ വ്യവസ്ഥകളോടെയാണെങ്കില്‍, ബ്രിട്ടനില്‍നിന്നും സ്വാതന്ത്ര്യം ആവശ്യപ്പെട്ടു കൊണ്ടുള്ള സ്‌കോട്ട്‌ലാന്‍ഡിന്റെ മുറവിളിക്കും ചൂടേറും. 300 വര്‍ഷത്തെ പാരമ്പര്യമുള്ള ഗ്രേറ്റ് ബ്രിട്ടനെ എന്നും ഗ്രേറ്റ് ആയി നിലനിര്‍ത്തിയിരുന്നത് ഇംഗ്ലണ്ടും വെയ്ല്‍സും സ്‌കോട്ട്‌ലാന്‍ഡും അയര്‍ലാന്‍ഡും ഉള്‍പ്പെട്ട ഐക്യമായിരുന്നു. ഈ ഐക്യത്തിനാണ് ഇപ്പോള്‍ ഭീഷണി നേരിടുന്നത്.

മാര്‍ച്ച് മാസം അവസാനത്തോടെ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കാനുള്ള അനുമതി ബ്രിട്ടീഷ് പാര്‍ലമെന്റ് തിങ്കളാഴ്ച പ്രധാനമന്ത്രി തെരേസ മേയ്ക്ക് നല്‍കിയിരിക്കുന്നു. ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കലാണു യൂറോപ്യന്‍ യൂണിയന്‍(ഇയു) അംഗത്വം ഉപേക്ഷിക്കാനുള്ള ആദ്യ ഔദ്യോഗിക നടപടി. ഇതിനു ശേഷം ഏകദേശം രണ്ട് വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കും ഇയു അംഗത്വത്തില്‍നിന്നുള്ള പിന്മാറ്റം പൂര്‍ണമാവുക.

ഈ കണക്കുപ്രകാരം 2017 മാര്‍ച്ച് അവസാന ആഴ്ച ബ്രിട്ടന്‍ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുകയാണെങ്കില്‍ 2019 മാര്‍ച്ച് മാസത്തോടെ ബ്രിട്ടന്റെ ഇയു അംഗത്വം അവസാനിക്കും. 2016 ജൂണ്‍ 23നാണു യുകെയില്‍ ബ്രെക്‌സിറ്റ് ജനഹിതം നടന്നത്. അന്ന് ഭൂരിഭാഗം പേരും ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പുറത്തുകടക്കണമെന്നു വോട്ട് ചെയ്യുകയുണ്ടായി. എന്നാല്‍ ബ്രെക്‌സിറ്റ് നടപടിക്രമങ്ങള്‍ ആരംഭിക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ അനുമതി തേടണമെന്നു ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് നിര്‍ദേശിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണു പാര്‍ലമെന്റിന്റെ അനുമതി തേടാന്‍ തെരേസ മേ തീരുമാനിച്ചത്. എന്നാല്‍ ആഴ്ചകള്‍ക്കു മുന്‍പ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഉപരിസഭയായ House of Lords അഥവാ House of Peers അംഗങ്ങള്‍ ചില നിബന്ധനകള്‍ തെരേസ മേയ്ക്കു മുന്‍പാകെ അവതരിപ്പിച്ചിരുന്നു.

യൂറോപ്യന്‍ യൂണിയനുമായി ബന്ധം അവസാനിപ്പിച്ചാലും ബ്രിട്ടനിലെ ഇയു പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വകുപ്പുകള്‍ കൂടി ബ്രെക്‌സിറ്റ് ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നതായിരുന്നു ആവശ്യം. എന്നാല്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സിന്റെ ഈ ആവശ്യങ്ങളെ തള്ളി കൊണ്ടാണ് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അധോസഭയായ(lower house) ഹൗസ് ഓഫ് കോമണ്‍സ് തിങ്കളാഴ്ച തെരേസ മേയ്ക്ക് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടരാനുള്ള അനുമതി നല്‍കിയത്.

പാര്‍ലമെന്റ് അനുമതി ലഭിച്ച തെരേസ മേ, ഈ മാസം അവസാനത്തോടെ ഇയു ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണു കരുതുന്നത്. ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിയ ഭൂരിപക്ഷം മാത്രമാണു തെരേസ മേയ്ക്കുള്ളത്. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടരാന്‍ പാര്‍ലമെന്റ് നല്‍കിയ അനുമതി തീര്‍ച്ചയായും മേയ്ക്ക് ആത്മവിശ്വാസമേകിയിട്ടുണ്ടാവണം. കാരണം മുന്‍വിധികളോ സമ്മര്‍ദ്ദമോ ഇല്ലാതെ തന്നെ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായി അവര്‍ക്കു ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സാധിക്കും.

ഇയുവില്‍ നിന്നും മികച്ച വ്യവസ്ഥകള്‍ കരസ്ഥമാക്കി ബ്രിട്ടനെ പുറത്തേയ്ക്കു കൊണ്ടുവരിക എന്നതായിരിക്കും ഇനി മേയ്ക്കു മുന്‍പിലുള്ള ഒരേയൊരു വെല്ലുവിളി. ഈ മാസം അവസാനമായിരിക്കും ബ്രിട്ടന്‍ ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുന്നത്. ഇതു സംബന്ധിച്ച വിജ്ഞാപനം മാര്‍ച്ച് 27നോ 30നോ പുറപ്പെടുവിക്കും. നടപടി ക്രമങ്ങള്‍ ഈ മാസം അവസാനത്തേയ്ക്കു നീട്ടാനും കാരണങ്ങളുണ്ട്.

മാര്‍ച്ച് 25ന് റോമില്‍ യൂറോപ്യന്‍ യൂണിയന്റെ 60-)o സ്ഥാപക ദിനാചരണത്തോടനുബന്ധിച്ചുള്ള ആഘോഷം സംഘടിപ്പിച്ചിരിക്കുകയാണ്. ഇതിനു പുറമേ സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടിയുടെ സമ്മേളനം മാര്‍ച്ച് 17,18 തീയതികളില്‍ നടക്കുന്നുണ്ട്. മാര്‍ച്ച് 15ന് നെതര്‍ലാന്‍ഡ്‌സില്‍ പൊതുതെരഞ്ഞെടുപ്പും അരങ്ങേറുന്നുണ്ട്. യൂറോപ്പിലെ നേതാക്കളെ സംബന്ധിച്ചു തിരക്കുള്ള സമയമായിരിക്കും ഈ ആഴ്ചകള്‍. ഈ സാഹചര്യം കണക്കിലെടുത്താണ് ബ്രെക്‌സിറ്റിന്റെ ഔദ്യോഗിക നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ബ്രിട്ടന്‍ ഈ മാസം അവസാനം തെരഞ്ഞെടുത്തത്.

ലിസ്ബന്‍ ഉടമ്പടിയിലെ ആര്‍ട്ടിക്കിള്‍ 50 പ്രയോഗിക്കുന്നതു സംബന്ധിച്ച വിജ്ഞാപനം ഈ മാസം അവസാനത്തോടെ യുകെ പുറപ്പെടുവിച്ചു കഴിഞ്ഞാല്‍ 48 മണിക്കൂറിനുള്ളില്‍ ഇയു പ്രതികരണം അറിയിക്കുമെന്ന് ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള പാര്‍ലമെന്റ് അനുമതി ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ലഭിച്ചെങ്കിലും തിങ്കളാഴ്ച മറ്റൊരു പ്രതിസന്ധി അവര്‍ക്കു മുന്‍പില്‍ തലപൊക്കിയിരിക്കുകയാണ്.

സ്‌കോട്ട്‌ലാന്‍ഡിനു യുകെയില്‍നിന്നും പുറത്തുകടക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ജനഹിത പരിശോധന നടത്താന്‍ അടുത്തയാഴ്ച ആവശ്യപ്പെടുമെന്നു സ്‌കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റര്‍ നിക്കോള സ്റ്റര്‍ജെന്‍ അറിയിച്ചിരിക്കുകയാണ്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. ബ്രിട്ടനും വെയ്ല്‍സും വടക്കന്‍ അയര്‍ലാന്‍ഡും സ്‌കോട്ട്‌ലാന്‍ഡും ഉള്‍പ്പെട്ടതാണ് യുകെ. യുകെയില്‍ നിന്നും പുറത്തുകടക്കണമെന്നത് സ്‌കോട്ട്‌ലാന്‍ഡിലെ തീവ്രദേശീയ വാദികളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ്.

2014ല്‍ ഇതു സംബന്ധിച്ച ജനഹിത പരിശോധന സ്‌കോട്ട്‌ലാന്‍ഡില്‍ നടന്നെങ്കിലും അന്നു ഭൂരിഭാഗം വോട്ടര്‍മാരും പിന്തുണച്ചതു യുകെയില്‍ തുടരണമെന്നായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയനില്‍ തുടരുന്നതു സംബന്ധിച്ചു ബ്രെക്‌സിറ്റ് ജനഹിതം അരങ്ങേറിയപ്പോള്‍ ബ്രിട്ടനും വെയ്ല്‍സും ഇയു വിടണമെന്നും വടക്കന്‍ അയര്‍ലാന്‍ഡും സ്‌കോട്ട്‌ലാന്‍ഡും ഇയുവില്‍ തുടരണമെന്നായിരുന്നു അഭിപ്രായപ്പെട്ടത്. സ്‌കോട്ട്‌ലാന്‍ഡ് ജനഹിതപരിശോധന നടക്കുമ്പോള്‍ ബ്രിട്ടനില്‍നിന്നും സ്വാതന്ത്ര്യം നേടുന്നതിനെ ഭൂരിഭാഗം പേരും അനുകൂലിക്കുകയാണെങ്കില്‍ സ്‌കോട്ട്‌ലാന്‍ഡ് യൂറോപ്യന്‍ യൂണിയനില്‍ തുടരുമെന്നും സൂചനയുണ്ട്.

Comments

comments

Categories: FK Special, World