ട്രക്കുകള്‍ക്ക് പ്രത്യേക വൈദ്യുത ഇടനാഴികള്‍ വരുന്നു

ട്രക്കുകള്‍ക്ക് പ്രത്യേക വൈദ്യുത ഇടനാഴികള്‍ വരുന്നു

ഡെല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തയ്യാറെടുക്കുന്നത്

ന്യൂ ഡെല്‍ഹി : രാജ്യത്തെ ഓരോ ദേശീയ പാതയിലെയും ഒരു വരി ഇലക്ട്രിക് ട്രക്കുകള്‍ക്ക് മാത്രമായി അടയാളപ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. എന്നാല്‍ ഈ ട്രക്കുകള്‍ ബാറ്ററി ഉപയോഗിച്ചായിരിക്കില്ല പാതയിലൂടെ ഓടുന്നത്. പകരം തലയ്ക്കുമുകളിലെ കറന്റ് കമ്പികളില്‍നിന്ന് വൈദ്യുതി ഉപയോഗിക്കാനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ഇതിനായി പ്രത്യേക വൈദ്യുതി ലൈന്‍ വലിക്കും. ഇന്ത്യയുടെ ഗതാഗത, പാരിസ്ഥിതിക, ഊര്‍ജ്ജ സുരക്ഷാ രംഗത്ത് സമഗ്രമാറ്റത്തിന് ഇടയാക്കുന്നതാണ് ഈ പദ്ധതി.

ഡെല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം തയ്യാറെടുക്കുന്നത്. പരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അമ്പത് ടണ്‍ ചരക്കുഭാരം വരുന്ന ഇലക്ട്രിക് ട്രക്കുകള്‍ ഓടിക്കും. ഇതുവഴി ദേശീയ തലസ്ഥാനത്തിനും വാണിജ്യ തലസ്ഥാനത്തിനുമിടയിലുള്ള ഗതാഗത ചെലവ് പകുതിയായി കുറയുമെന്നാണ് കരുതുന്നത്. പരീക്ഷണം വിജയകരമായാല്‍ പദ്ധതി രാജ്യമെങ്ങും നടപ്പാക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ, ഷിപ്പിംഗ്, തുറമുഖ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.

രാജ്യമെങ്ങും നടപ്പാക്കുന്നതോടെ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം കുറയുമെന്ന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് ഇന്ധന ഇറക്കുമതി കുറയ്ക്കാനും കഴിയും. നിലവില്‍ 150 ബില്യണ്‍ ഡോളര്‍ ചെലവഴിച്ചാണ് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നതെങ്കില്‍ 2030 ഓടെ ഇത് 300 ബില്യണ്‍ ഡോളറിലെത്തുമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന് ആവശ്യമായ എണ്ണയുടെ എണ്‍പത് ശതമാനവും പ്രകൃതി വാതകത്തിന്റെ പതിനെട്ട് ശതമാനവും ഇറക്കുമതി ചെയ്യുകയാണ്.

2015-16 ല്‍ ഇന്ത്യ 202 മില്യണ്‍ ടണ്‍ എണ്ണയാണ് ഇറക്കുമതി ചെയ്തത്. ഇലക്ട്രിക് ട്രക്കുകള്‍ക്കായി ഡെല്‍ഹിക്കും മുംബൈയ്ക്കുമിടയില്‍ വൈദ്യുതി കേബിള്‍ ശൃംഖല സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ഇലക്ട്രിക് ട്രക്കുകള്‍ക്ക് ദേശീയ പാതയിലെ ഒരു വരി പ്രത്യേക ഒഴിച്ചിടും. ഇതുസംബന്ധിച്ച് പഠനം നടന്നുവരികയാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

2030 ഓടെ രാജ്യം പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ട്രക്കുകള്‍ക്ക് പ്രത്യേക വൈദ്യുതി പാത പരിഗണിക്കുന്നത്. വിദഗ്ധര്‍ ഈ നീക്കത്തെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു.

രാജ്യമെങ്ങും പദ്ധതി നടപ്പാക്കുന്നത് ചരക്ക് ഗതാഗത രംഗത്ത് വന്‍മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് കെപിഎംജി കണസള്‍ട്ടന്‍സിയിലെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ആന്‍ഡ് ഗവണ്‍മെന്റ് സര്‍വീസസ് പാര്‍ട്ണര്‍ ജയ്ജിത് ഭട്ടാചാര്യ പറഞ്ഞു. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത എണ്ണയെ ആശ്രയിക്കുന്നത് രാജ്യത്തിന് കുറയ്ക്കാമെന്നും സൗരോര്‍ജ്ജവും താപവൈദ്യുതിയും ആണവോര്‍ജ്ജവുമെല്ലാം ധാരാളം ലഭ്യമായതിനാല്‍ ചരക്ക് ഗതാഗത ചെലവുകള്‍ കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് ട്രക്ക്‌സ് ആന്‍ഡ് ഹൈവേ പ്രോജക്റ്റ് ജയ്ജിത് ഭട്ടാചാര്യയാണ് 2016 സെപ്റ്റംബറില്‍ നീതി ആയോഗ് മുമ്പാകെ സമര്‍പ്പിച്ചത്.

വൈദ്യുതി ലൈന്‍ വലിക്കുന്നതിനുള്ള ചെലവ് മാത്രമാണ് ഇക്കാര്യത്തില്‍ വരുന്നുള്ളൂ. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം നിശ്ശേഷം ഇല്ലാതാവുമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണി ചെലവ് കുറയുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ചരക്ക് വഹിക്കാനുള്ള ട്രക്കുകളുടെ ശേഷി വര്‍ധിക്കും. ഗതാഗത ചെലവുകള്‍ പകുതിയായി കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Comments

comments

Categories: Auto, FK Special