നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: രാഹുലിന് പിഴച്ചതെവിടെ ?

നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി: രാഹുലിന് പിഴച്ചതെവിടെ ?

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനും 46-കാരനുമായ രാഹുല്‍ ഗാന്ധി ഒരിക്കല്‍ കൂടി 66-കാരനായ നരേന്ദ്ര മോദിയോട് തെരഞ്ഞെടുപ്പ് ഗോദയില്‍ പരാജയമേറ്റു വാങ്ങിയിരിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് യുപി, ഉത്തരാഖണ്ഡ് തുടങ്ങിയ രണ്ട് സംസ്ഥാനങ്ങളില്‍ വന്‍ ഭൂരിപക്ഷം ലഭിച്ചതോടെ 2019ലും മോദിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുമെന്ന പ്രതീതി ഉളവായിരിക്കുന്നു.

ഗോവയിലും മണിപ്പൂരിലും ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറിയെന്നത് പാര്‍ട്ടിക്ക് അല്‍പം ആശ്വാസമേകുന്ന ഘടമാണ്. പക്ഷേ ഇതൊന്നുമായിരുന്നില്ല രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതീക്ഷിച്ചത്. പാര്‍ട്ടിയെ മുന്നില്‍നിന്നും നയിച്ച് അധികാരത്തിലേറ്റാനുള്ള കഴിവ് രാഹുലിനുണ്ടെന്നു പലരും വിശ്വസിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്നു മാത്രമല്ല, യുപിയിലെ 105 നിയമസഭാ സീറ്റില്‍ മത്സരിച്ച പാര്‍ട്ടി ജയിച്ചത് വെറും ഏഴു സീറ്റുകളില്‍ മാത്രമാണ്.

1990കളുടെ പകുതി വരെ യുപിയില്‍ നിര്‍ണായക ശക്തിയായിരുന്നു കോണ്‍ഗ്രസ്. ആ അവസ്ഥയില്‍നിന്നും പാര്‍ട്ടി തകര്‍ന്നു നിയമസഭയില്‍ വെറും ഏഴ് എംഎല്‍എമാരുള്ള പാര്‍ട്ടിയായി മാറിയിരിക്കുന്ന ദയനീയ കാഴ്ചയാണ് ഇപ്പോഴുള്ളത്.
കോണ്‍ഗ്രസിനു ഗോവയിലും മണിപ്പൂരിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും വിധമുള്ള അംഗസംഖ്യ നിയമസഭയിലുണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ചികിത്സാര്‍ഥം വിദേശത്താണ്. ഈ സാഹചര്യത്തില്‍ സോണിയയുടെ അഭാവത്തില്‍ രാഹുല്‍ മുന്‍കൈയ്യെടുത്തു ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ രംഗത്ത് വരേണ്ടിയിരുന്നത് രാഹുലായിരുന്നു. എന്നാല്‍ അത്തരം ശ്രമം രാഹുല്‍ നടത്തിയില്ല. മറുവശത്തു ബിജെപിയാവട്ടെ, സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അംഗബലം ഇല്ലാതിരുന്നിട്ടു കൂടി അവര്‍ മറ്റ് കക്ഷികളെ കൂട്ടുപിടിച്ചു ഗവര്‍ണറെ സമീപിക്കുകയും സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ നടത്തുകയുമുണ്ടായി. ഗോവയില്‍ മാത്രമല്ല, മണിപ്പൂരിലും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടു കൂടി സര്‍ക്കാര്‍ രൂപീകരണ ശ്രമങ്ങള്‍ ബിജെപി നടത്തുകയുണ്ടായി.

ഒരു പക്ഷേ, രാഹുല്‍ ചികിത്സയിലുള്ള സോണിയയെ സന്ദര്‍ശിക്കാനുള്ള തിരക്ക് മൂലമായിരിക്കാം ഗോവയിലെയും മണിപ്പൂരിലെയും കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോയത്. അതുമല്ലെങ്കില്‍ തെരഞ്ഞെടുപ്പ് തോല്‍വികളില്‍ മനം മടുത്ത് അല്‍പം സ്വസ്ഥത ആഗ്രഹിക്കുന്നതു കാരണമായിരിക്കാം അതുമല്ലെങ്കില്‍ അദ്ദേഹത്തിനു മറ്റു പല കാരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ടാവാം. പക്ഷേ അത്തരം കാരണങ്ങളൊന്നും ന്യായീകരണമാകുന്നില്ല.

പത്ത് വര്‍ഷത്തെ കേന്ദ്രഭരണത്തിനു നേതൃത്വം കൊടുത്തതിനു ശേഷം 2014ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയമായി തോല്‍വിയേറ്റു വാങ്ങിയപ്പോള്‍ പ്രമുഖ എഴുത്തുകാരനും ചരിത്രകാരനുമായ രാമചന്ദ്ര ഗുഹ well meaning loser (നല്ല ഉദ്ദേശ്യമുണ്ട്, പക്ഷേ പരാജിതന്‍) എന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിനെ വിശേഷിപ്പിക്കുകയുണ്ടായി.
കുറ്റവാളികളായ എംപിമാരെയും എംഎല്‍എമാരെയും അയോഗ്യരാക്കുന്ന സുപ്രീം കോടതി വിധിയെ റദ്ദാക്കി കൊണ്ടു മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പൊതുജനമധ്യത്തില്‍ വലിച്ചു കീറി പ്രതിഷേധം പ്രകടിപ്പിച്ച വ്യക്തിയാണ് രാഹുല്‍.

വിശ്വസിക്കുന്ന തത്വശാസ്ത്രങ്ങള്‍ക്കു വേണ്ടി സ്വന്തം പാര്‍ട്ടിയെയും പാര്‍ട്ടി നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിനെയും ഇങ്ങനെ പൊതുമധ്യേ രോഷം പ്രകടിപ്പിച്ച രാഹുല്‍ ശൗര്യം ഇപ്പോള്‍ എവിടെ പോയി ? യുപിയിലും ഉത്തരാഖണ്ഡിലുമേറ്റ ദയനീയ തോല്‍വിയില്‍ പതറിയിരിക്കുന്ന പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇപ്പോഴല്ലേ രാഹുല്‍ ശ്രമിക്കേണ്ടത്. ഇപ്പോഴല്ലേ രാഹുല്‍ ശൗര്യം പ്രകടിപ്പിക്കേണ്ടത് ? എന്നാല്‍ അത് ഉണ്ടാകുന്നില്ല. എവിടെ പോയി രാഹുലിന്റെ വീര്യമെന്നാണു പാര്‍ട്ടി അണികള്‍ ചോദിക്കുന്നത്.

കോണ്‍ഗ്രസ് പോലെ മഹത്തായ പാരമ്പര്യമുള്ളൊരു പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിക്കേറ്റ തോല്‍വിയുടെ കാരണങ്ങള്‍ പഠിച്ച്, തെറ്റുകള്‍ തിരുത്തി മുന്നേറണമെന്ന അഭിപ്രായമാണ് ഉയരുന്നത്. യുപിയിലേറ്റ പരാജയം അംഗീകരിച്ച് പാര്‍ട്ടിയെ ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്നു പറയാന്‍ രാഹുലിനു സാധിക്കണം. ഇത്തരത്തിലൊരു സമീപനം പുറത്തെടുക്കുകയാണെങ്കില്‍ രാഹുലിനെ ഒരു യഥാര്‍ഥ നേതാവും രാജ്യതന്ത്രജ്ഞനുമായി ജനങ്ങള്‍ പരിഗണിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

ഇവിടെയാണ് രാഹുല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാതൃകയാക്കേണ്ടത്. 2014ലെ വന്‍ വിജയത്തില്‍ അഭിരമിച്ച് അദ്ദേഹം വെറുതെയിരുന്നില്ല. 2014നു ശേഷം മൂന്ന് വര്‍ഷമെത്തിയിരിക്കുന്നു. എന്നിട്ടും 2014ലെ അതേ ട്രെന്‍ഡും ആവേശവും നിലനിര്‍ത്താന്‍ അദ്ദേഹം ഇപ്പോഴും ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഡീ മോണിട്ടൈസേഷന്‍ എന്ന നടപടി പൊതുജനത്തെ ദോഷകരമായി ബാധിച്ചപ്പോഴും ആ രോഷം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാതിരിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു.

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സൈനികരോടൊപ്പം ദീപാവലി ആഘോഷത്തിലേര്‍പ്പെട്ടും മന്‍ കി ബാത്ത് പോലുള്ള റേഡിയോ പരിപാടികളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയുമൊക്കെ അനുകൂല വികാരം സൃഷ്ടിക്കാന്‍ പിആര്‍ മെഷിനറിയെ നന്നായി മോദി പ്രയോജനപ്പെടുത്തി. എന്നാല്‍ 2014നു ശേഷം രാഹുലിന് ഊര്‍ജ്ജം നഷ്ടപ്പെട്ടിരിക്കുന്നു. അദ്ദേഹത്തിനു മാത്രമല്ല പാര്‍ട്ടിയിലെ മറ്റ് നേതാക്കള്‍ക്കും ഇതേ അവസ്ഥയാണ്.

വടക്കേ ഇന്ത്യയിലുള്ള ഏതെങ്കിലുമൊരു ദളിതന്റെ വീട്ടില്‍ അന്തിയുറങ്ങുന്നതിലല്ല നേതൃത്വ ഗുണം പ്രകടമാകുന്നതെന്ന് രാഹുല്‍ ഗാന്ധി ഇനിയും മനസിലാക്കേണ്ടതുണ്ട്. രാഷ്ട്രീയമെന്നത് ഏകാംഗ നാടകവുമല്ല. അത് 24 മണിക്കൂറും കര്‍മനിരതമാകേണ്ട ഒരു പ്രഫഷനാണ്. അവിടെ ഒരു മാസത്തെ അവധിയെടുത്ത് അപ്രത്യക്ഷനാകാനും സാധിക്കില്ല.

രാഹുല്‍ ഗാന്ധിയെ സ്വന്തം പാര്‍ട്ടിയെക്കാള്‍ ഇന്നു സ്‌നേഹിക്കുന്നത് ഒരുപക്ഷേ ബിജെപിയാകും. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ആത്മവിനാശകരമായ അവസ്ഥയിലാണ്. കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ പുറത്ത്‌നിന്നുള്ള ഒരു എതിരാളിയുടെ ആവശ്യമില്ല. രാഹുലിന്റെ അപ്രഖ്യാപിത അവധിയെടുക്കലിലും അവ്യക്തമായ പ്രവര്‍ത്തനരീതിയിലും നേട്ടമുണ്ടാക്കുന്നതു ബിജെപിയാണെന്നതാണു വാസ്തവം.

Comments

comments

Categories: FK Special, Politics