രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എടിഎമ്മുകള്‍ കാലി

രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ എടിഎമ്മുകള്‍ കാലി

ഹൈദരാബാദ് നഗരത്തില്‍ രൂക്ഷമായ പ്രതിസന്ധി

ന്യൂഡെല്‍ഹി: സേവിംഗ്‌സ് എക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ ഒഴിവാക്കിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും നോട്ട് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് നാലു മാസത്തോളം നീണ്ട നിയന്ത്രണങ്ങളാണ് ആര്‍ബിഐ തിങ്കളാഴ്ച അവസാനിപ്പിച്ചത്. ഇതോടെ രാജ്യത്തിന്റെ ചിലയിടങ്ങളില്‍ വീണ്ടും നോട്ട് ക്ഷാമം രൂക്ഷമാകുന്നതായാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഹൈദരാബാദ് നഗരത്തിന്റെ ഹൃദയഭാഗത്തുള്ള 45 എടിഎമ്മുകളില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് പണം ലഭ്യമായിട്ടുള്ളതെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നഗരത്തില്‍ പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ജനങ്ങളെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെ എടിഎമ്മുകളില്‍ നിറയ്ക്കുന്ന പണം വേഗത്തില്‍ കാലിയാകുന്നതായി ആക്‌സിസ് ബാങ്ക് ജീവനക്കാര്‍ പറയുന്നു.

നോട്ട് അസാധുവാക്കല്‍ കാലയളവിനു ശേഷം യാതൊരുവിധത്തിലും പണത്തിന് ക്ഷാമമുണ്ടാകില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പലതവണ ആവര്‍ത്തിച്ചിരുന്നു. നയവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഒരുപരിധി വരെ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും, ലേകത്തെവിടെയും പുതിയ ഇന്ത്യന്‍ കറന്‍സിയുടെ വിനിമയം പെട്ടെന്ന് സാധ്യമാകുമെന്നും ഫെബ്രുവരി 25നാണ് ജയ്റ്റ്‌ലി അറിയിച്ചത്. മാര്‍ച്ച് 10ന് 12 ലക്ഷം കോടി രൂപയിലുമധികം പുതിയ നോട്ടുകള്‍ രാജ്യത്ത് വിനിമയത്തില്‍ ഇറക്കിയിട്ടുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പ്രഖ്യാപിച്ചു. എന്നാല്‍ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ രൂക്ഷമായ നോട്ട് ക്ഷാമം ഈ വാദങ്ങളെ ദുര്‍ബലമാക്കുകയാണ്.

രണ്ട് ഘട്ടങ്ങളിലായാണ് ആര്‍ബിഐ പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തിട്ടുള്ളത്. കഴിഞ്ഞ മാസം 20 മുതല്‍ എക്കൗണ്ടില്‍ നിന്നും പ്രതിവാരം പിന്‍വലിക്കാവുന്ന തുകയുടെ പരിധി 24,000ല്‍ നിന്നും 50,000ത്തിലേക്ക് ഉയര്‍ത്തികൊണ്ട് കേന്ദ്ര ബാങ്ക് വിജ്ഞാപനമിറക്കിയിരുന്നു. തുടര്‍ന്ന് എടിഎം വഴി പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും മാര്‍ച്ച് 13 നീക്കം ചെയ്യുകയായിരുന്നു.

നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധികള്‍ അവസാനിക്കുന്ന സാഹചര്യത്തില്‍ എല്ലാ നിയന്ത്രണവും പിന്‍വലിക്കുമെന്ന് കഴിഞ്ഞ മാസത്തെ പണവായ്പാ അവലോകനത്തിന് ശേഷം ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. ജനുവരി 30 മുതല്‍ കറന്റ് എക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ആര്‍ബിഐ എടുത്തുകളഞ്ഞിരുന്നു.

ക്യാഷ് ക്രെഡിറ്റ്, ഓവര്‍ ഡ്രാഫ്റ്റ് എക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഇതോടൊപ്പം നീക്കിയിരുന്നു. കഴിഞ്ഞ നവംബര്‍ എട്ടിന് പ്രധാനമന്ത്രി പ്രചാരത്തിലുണ്ടായിരുന്ന ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെയാണ് പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പിന്‍വലിച്ച നോട്ടുകള്‍ക്ക് പകരമായി പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് നോട്ട് ലഭ്യത കുറഞ്ഞതിനാല്‍ ആര്‍ബിഐയും, കേന്ദ്ര സര്‍ക്കാരും കടുത്ത നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

Comments

comments

Categories: FK Special, Top Stories