ട്രംപ്-മെര്‍ക്കല്‍ കൂടിക്കാഴ്ച നാളെ

ട്രംപ്-മെര്‍ക്കല്‍ കൂടിക്കാഴ്ച  നാളെ

വാഷിംഗ്ടണ്‍: ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ നാളെ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ട്രംപ് പ്രസിഡന്റായതിനു ശേഷം മെര്‍ക്കലുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാവും നാളെ നടക്കുന്നത്.

ജര്‍മനിയുടെ വ്യാപാര മിച്ചം, കുടിയേറ്റ പ്രശ്‌നത്തില്‍ മെര്‍ക്കലെടുത്ത ഉദാരസമീപനം തുടങ്ങിയ കാര്യങ്ങളില്‍ മെര്‍ക്കലിനെതിരേ ട്രംപ് രൂക്ഷവിമര്‍ശനമാണു നടത്തിയത്. മാത്രമല്ല ബ്രെക്‌സിറ്റില്‍ ബ്രിട്ടനു ട്രംപ് നല്‍കിയ പിന്തുണ മെര്‍ക്കലിനെയും പ്രകോപിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇരുവരും കൂടിക്കാഴ്ചയ്‌ക്കൊരുങ്ങുന്നത്.

ജര്‍മനിയുടെ ചാന്‍സലര്‍ എന്ന നിലയിലല്ല, യൂറോപ്യന്‍ യൂണിയന്റെ പ്രതിനിധി എന്ന നിലയിലായിരിക്കും താന്‍ വാഷിംഗ്ടണിലെത്തുകയെന്നു മെര്‍ക്കല്‍ സൂചിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ട്രംപുമായുള്ള കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര കാര്യങ്ങളും, ജര്‍മനി-യുഎസ് ഉഭയകക്ഷി ബന്ധങ്ങളും, ട്രാന്‍സ്-അറ്റ്‌ലാന്റിക് ബന്ധങ്ങളും ചര്‍ച്ച ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ട്.

മെര്‍ക്കലിനൊപ്പം വാഷിംഗ്ടണിലേക്ക് ജര്‍മനിയിലെ ബിസിനസ് സംഘവുമുണ്ടാകുമെന്നു സൂചനയുണ്ട്. പക്ഷേ അമേരിക്ക ആദ്യം എന്ന നയത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് അറിയിച്ചിട്ടുള്ള ട്രംപ്, ജര്‍മനിയുമായി വ്യാപാര, വാണിജ്യ കരാറുകളില്‍ ഒപ്പിടാനുള്ള സാധ്യത കുറവാണ്.

Comments

comments

Categories: FK Special, World
Tags: Merkkel, Trump