ദുബായില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍

ദുബായില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍

പഞ്ചനക്ഷത്ര ഹോട്ടലായ സോഫിറ്റെല്‍ ഡൗണ്‍ടൗണിനെ ദുബായുടെ അവിഭാജ്യഘടകമാക്കി മാറ്റുകയാണ് ഹോട്ടലിന്റെ ജനറല്‍ മാനേജരായ അമാര്‍ ഹിലാല്‍

ബുര്‍ജ് ഖലീഫയ്ക്കു മുന്നിലായി തലഉയര്‍ത്തി നില്‍ക്കുകയാണ് സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍ ദുബായ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍. യുഎഇ ആസ്ഥാനമായി നിരവധി പ്രമുഖ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് സോഫിറ്റെല്‍ ദുബായിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ അതൊന്നും ഹോട്ടലിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചില്ല. ഇന്ന് ദുബായുടെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ശക്തമായ സാന്നിധ്യമാണ് സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍ ദുബായ്.

ദുബായില്‍ ശക്തമായ വേരോട്ടം നടത്താന്‍ ഹോട്ടലിനെ പ്രാപ്തമാക്കിയത് സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍ ദുബായ് ജനറല്‍ മാനേജര്‍ അമാര്‍ ഹിലാല്‍ ആണ്. ലണ്ടന്‍, ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള വമ്പന്‍ നഗരങ്ങളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് അദ്ദേഹം ദുബായിലേക്ക് ചുവടുമാറിയത്. ദുബായ് നഗരത്തോടു തോന്നിയ സ്‌നേഹമാണ് അദ്ദേഹത്തെ ദുബായുടെ ഭാഗമാക്കിയത്. ദുബായിലേക്ക് എത്തിയത് ഒരു പ്രവാസിയായിട്ടാണെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് സ്വന്തം നഗരം തന്നെയാണ് ദുബായ്.

വര്‍ഷാവര്‍ഷം നിരവധി ഹോട്ടല്‍ ഗ്രൂപ്പുകളാണ് ദുബായിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്. ഡിമാന്‍ഡിനേക്കാള്‍ സപ്ലൈ കൂടുന്നത് ദുബായുടെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ടെന്നാണ് ഹോസ്പിറ്റാലിറ്റി വിദഗ്ധരുടെ അഭിപ്രായം. എന്നാല്‍ മോശം അവസ്ഥയില്‍ പോലും ശക്തമായി നിലനില്‍ക്കാന്‍ ദുബായ്ക്ക് കഴിയുമെന്നാണ് ഹിലാല്‍ പറയുന്നത്. ഡിമാന്‍ഡിനേക്കാള്‍ കൂടുതല്‍ സപ്ലൈ ഉണ്ടാകാം.

എന്നാല്‍ 2020 ആവുമ്പോഴേക്കും 20 മില്യണ്‍ ആളുകളെ സ്വാഗതം ചെയ്യാനുള്ള ഒരുക്കത്തിലാണ് നഗരം. അങ്ങനെയുള്ളപ്പോള്‍ ഡിമാന്‍ഡും സപ്ലൈയും ഓരേ രീതിയില്‍ ഇരുന്നാല്‍ എന്തായിരിക്കും അവസ്ഥ. നഗരത്തില്‍ പുതിയ തീം പാര്‍ക്ക് വരുന്നതോടെ കുടുംബമായി ദുബായിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടാകും. കുടുംബമായി വിനോദ സഞ്ചാരത്തിനിറങ്ങുന്നവരെ മാത്രം ലക്ഷ്യം വച്ചാല്‍ തന്നെ മികച്ച ബിസിനസ് ഉണ്ടാകുമെന്നാണ് ഹിലാലിന്റെ അഭിപ്രായം.

മറ്റുള്ള ഹോട്ടലുകളെപ്പോലെ ദുബായുടെ ഒക്യുപെന്‍സി റേറ്റ് കുറയുന്നതിനെ കുറ്റപ്പെടുത്താനും ഡൗണ്‍ടൗണിന് താല്‍പര്യമില്ല. കഴിഞ്ഞ വര്‍ഷം മികച്ച ഒക്യുപെന്‍സി റേറ്റ് ഹോട്ടലിനുണ്ടായെന്നാണ് ഹിലാല്‍ പറയുന്നത്. പ്രധാനമായും യുഎസ്, യുകെ, ഫ്രാന്‍സ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ ഹോട്ടലില്‍ എത്തുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ എത്തുന്ന ഡെസ്റ്റിനേഷനുകളിലൊന്നാണ് ദുബായ്. വിനോദസഞ്ചാര നഗരങ്ങളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, ടോക്കിയോ, പാരിസ് എന്നിവയോട് മത്സരിച്ചാണ് ദുബായ് മികച്ച സ്ഥാനം സ്വന്തമാക്കുന്നത്. ദുബായ് മറ്റുള്ളവരേക്കാള്‍ പിറകില്‍ അല്ലെന്നും മറ്റുള്ളവരേക്കാള്‍ നല്ല രീതിയിലാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത് എന്നു വേണം ഇതില്‍ നിന്ന് മനസിലാക്കാനെന്നും ഹിലാല്‍.

എണ്ണ ഉല്‍പ്പാദക രാജ്യമായതിനാല്‍ എണ്ണവില ഇടിഞ്ഞത് ദുബായ് ഉള്‍പ്പടെയുള്ള മേഖലകള്‍ക്ക് തിരിച്ചടിയായി. എന്നാല്‍ ഇതൊന്നും ദുബായിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ കുറവു വരുത്തിയില്ലെന്നാണ് ഹിലാല്‍ പറയുന്നത്. 2016 ല്‍ 83.6 മില്യണ്‍ സന്ദര്‍ശകരാണ് ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ദുബായുടെ ടൂറിസ്റ്റ് മേഖല തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണ് എന്നതിന് തെളിവാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡിമാന്‍ഡിനേക്കാള്‍ സപ്ലൈ കൂടുന്നത് വലിയ വെല്ലുവിളിയാണെന്ന് അദ്ദേഹം സമ്മതിക്കുന്നുമുണ്ട്. പ്രത്യേകിച്ച് ഇത് കൂടുതല്‍ കാണുന്നത് ഹോട്ടല്‍ സ്ഥിതിചെയ്യുന്ന ഡൗണ്‍ ടൗണ്‍ ദുബായിലാണ്. എന്നാല്‍ ഈ പ്രശ്‌നത്തെ പോസിറ്റീവ് ആയ രീതിയില്‍ നേരിടുകയാണ് ഹിലാലും അദ്ദേഹത്തിന്റെ സംഘവും. മാര്‍ക്കറ്റിലെ സാന്നിധ്യം മെച്ചപ്പെടുത്താനായി പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് അവര്‍. ടീമിനെ കൂടുതല്‍ ക്രിയേറ്റീവ് ആകാന്‍ ഇത് സഹായിച്ചെന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ക്കറ്റ് ഷെയറില്‍ വര്‍ധനവുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

പുതിയ ഡൈനിംഗ് കണ്‍സെപ്റ്റിലൂടെ ജനങ്ങളുടെ മനസിലേക്ക് കയറാനുള്ള പരിശ്രമത്തിലാണ് സോഫിറ്റെല്‍ ഡൗണ്‍ടൗണ്‍ ദുബായ്. 2016 ല്‍ ആരംഭിച്ച ഇന്ത്യന്‍ റെസ്റ്റോറന്റിന് മികച്ച പ്രതികരണമാണുണ്ടായത്.

ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ദുബായില്‍ ജോലി ചെയ്യുന്നത്. വ്യത്യസ്തതകള്‍ നിറഞ്ഞ യുവ നഗരം ആയതിനാല്‍ ഇവിടെ നിന്ന് നമുക്ക് നിരവധി പാഠങ്ങള്‍ പഠിക്കാനുണ്ട്. നമ്മുടെ കൂടെയുള്ള ടീം മികച്ചതായാല്‍ മാത്രമേ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ കഴിയൂ. സഹാനുഭൂതി, ഗ്രൂപ്പ് അംഗങ്ങളേയും അതിഥികളേയും കേള്‍ക്കാനുള്ള കഴിവ്, ക്ഷമ തുടങ്ങിയവയെല്ലാം ഹോട്ടല്‍ മാനേജരായി ഇരിക്കാന്‍ ആവശ്യമാണെന്നും ഹിലാല്‍ പറഞ്ഞു.

Comments

comments