പുതുതന്ത്രങ്ങള്‍ പയറ്റിയില്ലെങ്കില്‍ റീട്ടെയ്‌ലര്‍മാര്‍ വിയര്‍ക്കും

പുതുതന്ത്രങ്ങള്‍ പയറ്റിയില്ലെങ്കില്‍ റീട്ടെയ്‌ലര്‍മാര്‍ വിയര്‍ക്കും

ഉപഭോക്താക്കള്‍ക്ക് കൈനിറയെ സൗജന്യങ്ങളും സമ്മാനങ്ങളും മികച്ച വ്യക്തിഗത സേവനവും നല്‍കി ആകര്‍ഷിച്ചാല്‍ മാത്രമേ കച്ചവടം നല്ലരീതിയില്‍ നടക്കൂവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്

അബുദാബി: യുഎഇയിലെ ചില്ലറ വ്യാപാരികള്‍ക്കിടയില്‍ മത്സരം ശക്തമായതോടെ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയണമെന്ന് പഠന റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് കൈനിറയെ സൗജന്യങ്ങളും സമ്മാനങ്ങളും മികച്ച വ്യക്തിഗത സേവനവും നല്‍കി ആകര്‍ഷിച്ചാല്‍ മാത്രമേ കച്ചവടം നല്ലരീതിയില്‍ നടക്കൂവെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

എന്നാല്‍ യുവാക്കളുടെ ഇഷ്ടങ്ങള്‍ മനസിലാക്കുന്നതില്‍ യുഎഇയില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ പൂര്‍ണ പരാജയമാണെന്നാണ് ഐസിഎല്‍പി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. യുഎഇയില്‍ നിന്നുള്ള ഉപഭോക്താക്കളില്‍ നാലു ശതമാനം മാത്രമാണ് പ്രത്യേക ബ്രാന്‍ഡിനെ ആരാധിക്കുന്നത്. 

തങ്ങളുടെ ഇഷ്ടം മനസിലാക്കുന്ന കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാനാണ് ഉപഭോക്താക്കളായ യുവാക്കളില്‍ 72 ശതമാനവും താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ 44 ശതമാനം പേര്‍ സ്ഥിരം കസ്റ്റമര്‍ ആവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നവരാണ്. ബ്രാന്‍ഡുകളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ നോക്കിയാണ് പകുതിയില്‍ അധികം യുവാക്കളും ബ്രാന്‍ഡുകളെ തെരഞ്ഞെടുക്കുന്നത്.

വാങ്ങുന്ന വസ്തുവിന്റെ ഗുണമേന്മയുടെ കാര്യത്തില്‍ സ്ഥിരത ആവശ്യപ്പെടുന്നവരാണ് 49 ശതമാനവും. നില്‍കുന്ന പണത്തിന് നല്ല വില ലഭിക്കണമെന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളവരാണ് ഇവര്‍. 41 ശതമാനം പേരു കച്ചവടക്കാരെ വിശ്വസിച്ചാണ് സാധനങ്ങള്‍ വാങ്ങുന്നത്. സാധനം മോശമായാല്‍ അത് മാറി നല്‍കാനും ക്ഷമചോദിക്കാനുള്ള മര്യാദയും റീട്ടെയ്‌ലറില്‍ നിന്ന് ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.

പകുതിയില്‍ താഴെ (41 ശതമാനം) വരുന്ന ഉപഭോക്താക്കള്‍ മാത്രമാണ് ബ്രാന്‍ഡുകള്‍ വരുത്തുന്ന തെറ്റുകള്‍ ക്ഷമിക്കാന്‍ തയാറാവൂയെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. ഉപഭോക്താക്കളുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്നത് ഭാവിയില്‍ കച്ചവടക്കാര്‍ക്ക് ഗുണകരമാകും. ജന്‍മദിനത്തില്‍ സന്ദേശവും, സമ്മാനവും പ്രത്യേക ഓഫറും ലഭിക്കുന്നതില്‍ 28 ശതമാനം പേര്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

27 ശതമാനം വരുന്ന ഉപഭോക്താക്കളും റീട്ടെയ്ല്‍ ഷോപ്പുകളില്‍ പണം ചെലവാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ കച്ചവടക്കാരില്‍ നിന്ന് തിരിച്ച് മികച്ച പ്രതികരണമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. പേര് വിളിച്ച് അഭിസംബോദന ചെയ്യുകയും വിലമതിക്കുന്ന ഉപഭോക്താക്കളായി അവരെ കാണുകയും ചെയ്താല്‍ വീണ്ടും അവിടെനിന്ന് സാധനം വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമുണ്ടാകുമെന്നും പഠനം നിരീക്ഷിക്കുന്നു.

ഉപഭോക്താക്കളില്‍ 95 ശതമാനവും മികച്ച ഓഫറുകള്‍ പ്രതീക്ഷിക്കുന്നവരാണ്. കച്ചവടക്കാരില്‍ നിന്ന് മികച്ച പ്രതികരണം ഉണ്ടായാല്‍ 77 ശതമാനം വരുന്ന യുവാക്കളും കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Comments

comments