ആഗോള എണ്ണ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

ആഗോള എണ്ണ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സിയോള്‍: ക്രൂഡ് ഉല്‍പ്പാദനം നിയന്ത്രിച്ച് എണ്ണവില ഉയര്‍ത്തുന്നതിനുള്ള ശ്രമം ഒപെക് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ നിരാശയിലാക്കിക്കൊണ്ട് എണ്ണ വില വീണ്ടും താഴ്ന്നു. നിലവില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വിപണനം നടക്കുന്നത്. യുഎസിലെ എണ്ണ സംഭരണത്തിലുണ്ടായ വര്‍ധനയാണ് എണ്ണ വിലയിടിവിന് കാരണമായി നിരീക്ഷിച്ചിട്ടുള്ളത്.

ബ്രെന്‍ഡ് ക്രൂഡിന് 42 സെന്റ് (0.82 ശതമാനം) കുറഞ്ഞ് ബാരലിന് 50.95 ഡോളറിലെത്തി. നവംബര്‍ 30 മുതലുള്ളതിലെ ഏറ്റവും താഴ്ന്ന വിലയാണിത്. ഡബ്ല്യുടിഐ (യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ്) ക്രൂഡ് വിലയില്‍ 50 സെന്റ് (1.03 ശതമാനം) കുറവു വരുത്തിയതോടെ വില ബാരലിന് 47.99 ഡോളറിലെത്തി. നവംബര്‍ 29 മുതലുള്ളതില്‍ ഏറ്റവും വലിയ ഇടിവാണിത്.

തുടര്‍ച്ചയായി എട്ടാമത്തെ ആഴ്ച്ചയാണ് യുഎസ് എണ്ണ സംഭരണം വര്‍ധിപ്പിക്കുന്നത്. ക്രൂഡ് ഉല്‍പ്പാദനം കുറയ്ക്കാനുള്ള ഒപെക് തീരുമാനത്തെ തുടര്‍ന്ന് ക്രൂഡ് വിലയിലുണ്ടായ വര്‍ധന ഉപയോഗപ്പെടുത്താന്‍ എണ്ണ കമ്പനികള്‍ തങ്ങളുടെ ചെലവിടല്‍ വര്‍ധിപ്പിച്ചിരുന്നു. ഒപെകും റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ എണ്ണ ഉല്‍പ്പാദകരും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് ക്രൂഡ് ഉല്‍പ്പാദനം കുറയ്ക്കുന്നതിനുള്ള തീരുമാനത്തിലെത്തിയത്.

ഇത് പ്രകാരം 2017ന്റെ ആദ്യപകുതിയില്‍ പ്രതിദിനം 1.8 മില്യണ്‍ ബാരല്‍ എന്ന നിലയില്‍ ഉല്‍പ്പാദനം കുറയ്ക്കാനായിരുന്നു തീരുമാനം. എന്നാല്‍ ഈ നീക്കങ്ങളെയെല്ലാം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കഴിഞ്ഞയാഴ്ച യുഎസിലെ എണ്ണ സംഭരണം 8.2 മില്യണ്‍ ബാരലായി ഉയര്‍ന്നത്.

Comments

comments

Categories: Top Stories
Tags: India, Oil price

Related Articles