പ്രതിരോധ മന്ത്രാലയത്തിന് നഷ്ടം

പ്രതിരോധ മന്ത്രാലയത്തിന് നഷ്ടം

ഗോവയിലേക്ക് മനോഹര്‍ പരീക്കര്‍ തിരിച്ചുപോകുന്നത് പ്രതിരോധ മന്ത്രാലയത്തിന് കനത്ത നഷ്ടമാണ്. പരീക്കറിന് പകരക്കാരനായി എത്തുന്നയാള്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമായേക്കില്ല

എല്ലാ വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കി ഗോവയില്‍ ബിജെപിക്ക് ഭരണം ലഭിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച നേതാവായിരുന്നു മനോഹര്‍ പരീക്കര്‍. മുഖ്യമന്ത്രിയായിരിക്കെ ലാളിത്യത്തിന്റെ പ്രതീകമായും എല്ലാ വിഭാഗങ്ങള്‍ക്കും സമ്മതനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതിരോധ മന്ത്രിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്കറിനെ നിയമിച്ചപ്പോള്‍ നഷ്ടം ഗോവയ്ക്കായിരുന്നു. അതിന്റെ ഫലം ബിജെപി ഈ തെരഞ്ഞെടുപ്പില്‍ അനുഭവിക്കുകയും ചെയ്തു.

ഇപ്പോള്‍ ഗോവയില്‍ അധികാരം നിലനിര്‍ത്തുന്നതിനായി വീണ്ടും സ്വന്തം സംസ്ഥാനത്തേക്ക് തിരിച്ചുപോകുകയാണ് പരീക്കര്‍. പ്രതിരോധ മന്ത്രാലയത്തിന് ഇത് കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്. കാരണം വകുപ്പിനെക്കുറിച്ച് അത്ര ഗ്രാഹ്യമൊന്നുമില്ലാതെ ഏറ്റെടുത്തിട്ടും, വളരെ മികച്ച പ്രകടനമായിരുന്നു പ്രതിരോധ മന്ത്രിയെന്ന നിലയില്‍ പരീക്കര്‍ നടത്തിയത്.

രണ്ട് വര്‍ഷത്തിനിടയില്‍ പ്രതിരോധ മന്ത്രാലയത്തെ അദ്ദേഹം ഉടച്ചുവാര്‍ത്തു. ഫ്രാന്‍സുമായി ഒപ്പിട്ട റാഫേല്‍ യുദ്ധ വിമാനങ്ങളുടെ കരാറിലൂടെ മാത്രം 7.87 ബില്ല്യണ്‍ യൂറോയാണ് അദ്ദേഹം രാജ്യത്തിനായി ലാഭിച്ചത്. ഫ്രാന്‍സ് പറഞ്ഞ വിലയ്ക്കനുസരിച്ച് കരാര്‍ ഒപ്പിടില്ലെന്ന് പരീക്കര്‍ സ്വീകരിച്ച ധീരമായ നിലപാട് ഏറെ ചര്‍ച്ചയായിരുന്നു.

പ്രതിരോധ സേനയുടെ ഭാഗമായ എല്ലാവരുമായും വളരെ മികച്ച ബന്ധം പുലര്‍ത്താനും പരീക്കറിന് സാധിച്ചിരുന്നു. ഗോവ മുഖ്യമന്ത്രിയായി അദ്ദേഹം ഇന്ന് വീണ്ടും ചുമതലയേല്‍ക്കുമ്പോള്‍ സംസ്ഥാനത്ത് ബിജെപിക്ക് നഷ്ടമായ വേരോട്ടം വീണ്ടെടുക്കാന്‍ അത് സഹായിച്ചേക്കും.

Comments

comments

Categories: Editorial, Politics