ജീവിതമെന്ന രഹസ്യ കലവറ

ജീവിതമെന്ന രഹസ്യ കലവറ

ജോബിന്‍ എസ് കൊട്ടാരം

സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ഗുരുവായ രാമകൃഷ്ണ പരമഹംസരുമായി സംസാരിക്കുകയായിരുന്നു.

സ്വാമി വിവേകാനന്ദന്‍: എനിക്ക് ഒട്ടും ഒഴിവ് സമയം കണ്ടെത്താന്‍ പറ്റുന്നില്ല. ജീവിതം ആകെ തിരക്കുപിടിച്ചതായി തീര്‍ന്നിരിക്കുകയാണ്.

രാമകൃഷ്ണ പരമഹംസര്‍: ജോലി നിങ്ങളെ തിരക്കുപിടിച്ചവരാക്കും. പക്ഷേ, ക്രിയാത്മകതയും ഉല്‍പ്പാദനക്ഷമതയും നിങ്ങളെ സ്വതന്ത്രരാക്കുകയാണ് ചെയ്യുന്നത്.

സ്വാമി വിവേകാനന്ദന്‍: ജീവിതം എന്താണ് ഇത്ര സങ്കീര്‍ണ്ണമായി മാറിയിരിക്കുന്നത് ?

രാമകൃഷ്ണ പരമഹംസര്‍: ജീവിതം വിജയമാണോ പരാജയമാണോ എന്ന് വിലയിരുത്തുന്നത് നിര്‍ത്തൂ. ജീവിതം വെറുതെയങ്ങ് ജീവിക്കൂ.

സ്വാമി വിവേകാനന്ദന്‍: എന്തുകൊണ്ടാണ് നമ്മള്‍ തുടര്‍ച്ചയായി അസന്തുഷ്ടരാകുന്നത് ?

രാമകൃഷ്ണ പരമഹംസര്‍: ആകുല ചിത്തരാകുന്നത് ഒരു ശീലമായി മാറിയിരിക്കുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് സന്തോഷം കണ്ടെത്താന്‍ സാധിക്കാത്തത്.

സ്വാമി വിവേകാനന്ദന്‍: എന്തുകൊണ്ടാണ് ആളുകള്‍ ദുരിതമനുഭവിക്കേണ്ടിവരുന്നത് ?

രാമകൃഷ്ണ പരമഹംസര്‍: ഉരസലില്ലാതെ രത്‌നം മിനുക്കിയെടുക്കുവാന്‍ സാധിക്കുകയില്ല. അഗ്നിയില്ലാതെ സ്വര്‍ണ്ണവും ശുദ്ധീകരിച്ചെടുക്കുവാന്‍ സാധിക്കുകയില്ല. നല്ല ആളുകള്‍ ജീവിതത്തില്‍ പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകും. പക്ഷേ, അവര്‍ ഒരിക്കലും ദുരിതമനുഭവിക്കേണ്ടിവരില്ല. കാരണം ആ പ്രതിസന്ധികള്‍ അവരെ കൂടുതല്‍ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേക്ക് നയിക്കും.

സ്വാമി വിവേകാനന്ദന്‍: അത്തരം അനുഭവങ്ങള്‍ നല്ലതാണെന്നാണോ അങ്ങ് പറയുന്നത്.

രാമകൃഷ്ണ പരമഹംസര്‍: അനുഭവം കടുപ്പമേറിയ ഒരു ഗുരുവാണ്. ആ ഗുരു നിങ്ങളെ പരീക്ഷിക്കും. അതിനുശേഷമെ പാഠങ്ങള്‍ പറഞ്ഞു തരൂ.

സ്വാമി വിവേകാനന്ദന്‍: ഒരുപാട് പ്രശ്‌നങ്ങള്‍ ജീവിതത്തിലുള്ളതുകൊണ്ട് ഞങ്ങള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങള്‍ക്കറിയില്ല.

രാമകൃഷ്ണ പരമഹംസര്‍: നിങ്ങള്‍ പുറത്തേക്കാണ് നോക്കുന്നതെങ്കില്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നിങ്ങള്‍ അറിയുന്നുണ്ടാവുകയില്ല. നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. കണ്ണുകള്‍ നിങ്ങള്‍ക്ക് ഉള്‍ക്കാഴ്ച നല്‍കും. ഹൃദയം നിങ്ങള്‍ക്ക് വഴികാട്ടിയാകും.

സ്വാമി വിവേകാനന്ദന്‍: ശരിയായ ദിശയില്‍ നീങ്ങുന്നതിന് പരാജയം ഒരു വിലങ്ങുതടിയാണോ ?

രാമകൃഷ്ണ പരമഹംസര്‍: വിജയം എന്നത് നിര്‍ണ്ണയിക്കപ്പെടുന്നത് മറ്റുള്ളവരാലാണ്. എന്നാല്‍ സംതൃപ്തി തീരുമാനിക്കുന്നത് നിങ്ങള്‍ തന്നെയാണ്. സംതൃപ്തിയുള്ള ഒരു ജീവിതമാണ് വിജയകരമായ ജീവിതത്തെക്കാള്‍ മഹത്തരം.

സ്വാമി വിവേകാനന്ദന്‍: ബുദ്ധിമുട്ടുകള്‍ ജീവിതം ദുസ്സഹമാക്കുമ്പോള്‍ പ്രചോദനം എങ്ങനെ നിലനിര്‍ത്തും ?

രാമകൃഷ്ണ പരമഹംസര്‍: ഇനിയും എത്ര വഴി താണ്ടുവാനുണ്ട് എന്നതിനെക്കാള്‍ താണ്ടിയ വഴികളെക്കുറിച്ച് ഓര്‍ക്കുക. നിങ്ങള്‍ക്ക് കിട്ടാത്തതിനെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കുകയല്ല വേണ്ടത്. മറിച്ച് കിട്ടിയ അനുഗ്രഹത്തെയോര്‍ത്ത് കൃതജ്ഞതാ മനോഭാവമുള്ളവരാകുകയാണ് വേണ്ടത്.

സ്വാമി വിവേകാനന്ദന്‍: ആളുകളെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അങ്ങയെ അത്ഭുതപ്പെടുത്തുന്നതെന്താണ് ?

രാമകൃഷ്ണ പരമഹംസര്‍: ജീവിതത്തില്‍ ബുദ്ധിമുട്ടുകളും ദുരിതങ്ങളും ഉണ്ടാകുമ്പോള്‍ എന്തുകൊണ്ട് ഇതെന്റെ ജീവിതത്തില്‍ അനുഭവപ്പെടുന്നു എന്ന് ആളുകള്‍ ചോദിക്കും. എന്നാല്‍ ജീവിതത്തില്‍ ഐശ്വര്യങ്ങളുണ്ടാകുമ്പോള്‍ ഇത് എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്ന് ആരും ചോദിക്കുകയില്ല.

സ്വാമി വിവേകാനന്ദന്‍: ജീവിതത്തിലെ ഏറ്റവും മികച്ചത് എനിക്ക് എങ്ങനെ സ്വന്തമാക്കുവാന്‍ സാധിക്കും ?

രാമകൃഷ്ണ പരമഹംസര്‍: നിങ്ങളുടെ ഇന്നലെകളെയോര്‍ത്ത് പരിതപിക്കാതിരിക്കുക. ഇന്നുകളെ ആത്മവിശ്വാസത്തോടെ നേരിടുക. ഭയത്തെ കീഴടക്കി നല്ലൊരു നാളെയ്ക്കായി ഒരുങ്ങുക.

സ്വാമി വിവേകാനന്ദന്‍: ചിലപ്പോള്‍ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തതെന്തുകൊണ്ടാണ് ?

രാമകൃഷ്ണ പരമഹംസര്‍: ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകളില്ല. ഭയക്കാതെ, വിശ്വാസത്തോടു കൂടി പ്രാര്‍ത്ഥിക്കുക. ഉത്തരം കണ്ടെത്തേണ്ട ഒരു നിഗൂഢതയാണ് ജീവിതം. അല്ലാതെ പോംവഴി കണ്ടെത്തേണ്ട പ്രശ്‌നമല്ല ജീവിതം. എങ്ങനെ ജീവിക്കണമെന്നറിഞ്ഞാല്‍ ജീവിതം ഒരു അത്ഭുതമായിത്തീരും- അദ്ദേഹം പറഞ്ഞു നിര്‍ത്തി.

പ്രിയപ്പെട്ടവരെ ജീവിതം ഒരു പ്രശ്‌നമല്ല. മറിച്ച് ഒട്ടേറെ നിഗൂഢതകളുള്ള ഒരു അത്ഭുതമാണെന്ന തിരിച്ചറിവിലേക്ക് നാം വരുമ്പോള്‍ സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ നമ്മുടെ മുമ്പില്‍ തുറക്കപ്പെടും. ജീവിതത്തില്‍ മടുപ്പ് അനുഭവപ്പെടില്ല. പകരം മികവിന്റെ മികവിലേക്കുള്ള ഒരു പ്രയാണമായി ജീവിതം മാറും. ഓരോ ദിവസവും പുതിയ അനുഭവങ്ങളുടേതും പുതിയ വിജയകഥകളുടേതുമായി മാറും.

(അന്താരാഷ്ട്ര മോട്ടിവേഷന്‍ സ്പീക്കറും സൈക്കോളജിസ്റ്റും ഇരുപത്തിയഞ്ചോളം ബെസ്റ്റ് സെല്ലറുകളായ മോട്ടിവേഷണല്‍ പുസ്തകങ്ങളുടെ രചയിതാവുമാണ് ലേഖകന്‍. ഫോണ്‍: 9447259402)

Comments

comments

Categories: FK Special
Tags: life, motivation