ഉത്തര്‍പ്രദേശിലെ മോദി തരംഗം : വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ കമ്പനികള്‍

ഉത്തര്‍പ്രദേശിലെ മോദി തരംഗം : വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന പ്രതീക്ഷയില്‍ ഇന്ത്യന്‍ കമ്പനികള്‍

ഓഹരി വിപണി വന്‍ ചലനങ്ങളെ ദര്‍ശിക്കുമെന്നും രൂപ ശക്തിയാര്‍ജിക്കുമെന്നും വിലയിരുത്തല്‍

മുംബൈ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലെ വന്‍ ഭൂരിപക്ഷത്തോടെയുള്ള ബിജെപിയുടെ വിജയം കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌കരണ അജണ്ടകളെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ നേതൃത്വങ്ങള്‍ അഭിപ്രായപ്പെടുന്നത്. മോദി തരംഗം ഓഹരി വിപണിയിലെ മുന്നേറ്റത്തിനും, ഏകീകൃത ചരക്ക് സേവന നികുതി (ജിഎസ്ടി) പേലുള്ള വലിയ നീക്കങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കുന്നതിനും സഹായകമാകുമെന്നും ഇന്ത്യന്‍ കമ്പനികള്‍ വിലയിരുത്തുന്നു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് നേടാനായ ഗംഭീര വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവത്തിന്റെ ഫലമാണെന്നും സംസ്ഥാന സര്‍ക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും വികസന മുദ്രാവാക്യവും ഇതില്‍ പങ്കുവഹിച്ചിട്ടുണ്ടെന്നുമാണ് വിവിധ കമ്പനി നേതൃത്വങ്ങള്‍ വിലയിരുത്തുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത വിജയം എന്നാണ് യുപിയിലെ ബിജെപിയുടെ വിജയത്തെ ലാര്‍സണ്‍ & ടൗബ്രോ ഗ്രൂപ്പ് എക്‌സിക്യൂട്ടിവ് ചെയര്‍മാന്‍ എ എം നായിക് വിശേഷിപ്പിച്ചത്.

‘മോദിയുടെ വ്യക്തിത്വത്തേക്കാള്‍ അദ്ദേഹത്തിന്റെ കഠിനാധ്വാനത്തെയും സാങ്കേതികമായ കാര്യങ്ങള്‍ മനസ്സിലാക്കാനുള്ള കഴിവിനെയുമാണ് വിലമതിക്കുന്നത്. മാത്രമല്ല, മികച്ച നയതന്ത്രജ്ഞനായ അമിത് ഷായും അദ്ദേഹത്തോടൊപ്പമുണ്ട്. മോദി-അമിത് ഷാ കൂട്ട്‌കെട്ട് അത്രയധികം ശക്തമാണ്. പ്രാദേശിക രാഷ്ട്രീയത്തില്‍ ജനം മടുത്തുവെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ക്ക് ആവശ്യം വികസനമാണ്,’ നായിക് പറയുന്നു.

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ നിര്‍ണായക വിജയം രാഷ്ട്രീയത്തില്‍ നിന്നും വികസനത്തിലേക്ക് തങ്ങളുടെ അജണ്ട മാറ്റിയെഴുതുന്നതിന് മോദി സര്‍ക്കാരിനെ പ്രോത്സാഹിപ്പിക്കുമെന്നുമാണ് ആര്‍പിജി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയെങ്ക ട്വിറ്ററില്‍ കുറിച്ചു. ഓഹരി വിപണിയെ പിടിച്ചുകുലുക്കുന്നതിനൊപ്പം രൂപ ശക്തിയാര്‍ജിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദീര്‍ഘദര്‍ശനവും സ്ഥിരതയും നിക്ഷേപകര്‍ പരിഗണിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള നേതൃശക്തിയിലേക്കാണ് ബിജെപിയുടെ വിജയം വിരല്‍ ചൂണ്ടുന്നതെന്നും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു. വരുന്ന വാരം വിപണിയില്‍ അഭിനന്ദനാര്‍ഹമായ പ്രകടനം നിരീക്ഷിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിജയം ബിജെപി അനുകൂല തരംഗം വ്യക്തമാക്കുന്നുവെന്നും 2019ലെ തെരഞ്ഞെടുപ്പിലേക്ക് വഴിയൊരുക്കുന്നുവെന്നും മാരികോ ചെയര്‍മാന്‍ ഹര്‍ഷ് മാരിവാല അഭിപ്രായപ്പെട്ടു.

കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ഏറ്റെടുക്കുന്നതിലും വികസനവും രാജ്യ പുരോഗതിയും ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന അഭിപ്രായവും അദ്ദേഹം പങ്കുവെച്ചു. ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പിലെ വന്‍ ഭൂരിപക്ഷം രാജ്യസഭയില്‍ ബിജെപിക്ക് കരുത്ത് പകരുമെന്നും സര്‍ക്കാരിന്റെ പരിഷ്‌കരണ നയങ്ങള്‍ കൂടുതല്‍ സുഗമമായി ഇനി നടപ്പാക്കാനാകുമെന്നുമാണ് ഇന്ത്യന്‍ കമ്പനി നേതൃത്വങ്ങളുടെ കൂട്ടായ അഭിപ്രായം.

Comments

comments

Categories: FK Special, Politics