ഇന്ത്യ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകുമെന്ന് സുസുകി

ഇന്ത്യ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകുമെന്ന് സുസുകി

ഗുജറാത്തില്‍ മാരുതി സുസുകിയുടെ പുതിയ പ്ലാന്റ് കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു

ജനീവ : 2020 ഓടെ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ കാര്‍ വിപണിയാകുമെന്ന് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ത്യയുടെ ഈ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കാനാണ് സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്റെ തീരുമാനമെന്ന് ജനീവ മോട്ടോര്‍ ഷോയിലെത്തിയ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടീവ് ജനറല്‍ മാനേജര്‍ ആന്‍ഡ് മാനേജിംഗ് ഓഫീസര്‍ (ഗ്ലോബല്‍ ഓട്ടോമോട്ടീവ് ഓപ്പറേഷന്‍സ്) കിന്‍ജി സായ്‌തോ വ്യക്തമാക്കി.

രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയുടെ അമ്പത് ശതമാനത്തോളം സുസുകി മോട്ടോര്‍ കോര്‍പ്പറേഷനുകീഴിലെ മാരുതി സുസുകി ഇന്ത്യയാണ് അടക്കിഭരിക്കുന്നത്. ഗുജറാത്തില്‍ മാരുതി സുസുകിയുടെ പുതിയ പ്ലാന്റ് കഴിഞ്ഞ മാസം പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. 2020 ഓടെ ഈ പ്ലാന്റില്‍നിന്ന് ആകെ ഇരുപത് ലക്ഷം വാഹനങ്ങള്‍ പുറത്തിറക്കുകയെന്നതാണ് ലക്ഷ്യം.

ഏകദേശം അമ്പത് ശതമാനം വിപണി വിഹിതത്തോടെ ഇന്ത്യയില്‍ ദശാബ്ദങ്ങളായി സുസുകിയാണ് മാര്‍ക്കറ്റ് ലീഡറെന്ന് കിന്‍ജി സായ്‌തോ ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുന്നതോടൊപ്പം കൂടുതല്‍ പുതിയ മോഡലുകള്‍ അവതരിപ്പിക്കാനും കമ്പനി പദ്ധതി തയ്യാറാക്കുകയാണ്.

ഓരോ വര്‍ഷവും 7.5 ലക്ഷം വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍തക്ക ശേഷിയുള്ളതാണ് ഗുജറാത്ത് പ്ലാന്റ്. മാരുതി സുസുകി ഇന്ത്യയുടെ ഗുരുഗ്രാമത്തിലെയും മനേസറിലെയും പ്ലാന്റുകളില്‍ പ്രതിവര്‍ഷം 15 ലക്ഷം വാഹനങ്ങളാണ് നിര്‍മ്മിക്കാന്‍ കഴിയുന്നത്. ഇന്ത്യന്‍ കാര്‍ വിപണിയില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുകി ഇന്ത്യ പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതിന്റെ വേഗം കൂട്ടുന്നത്. 2020 ലക്ഷ്യം മുന്‍നിര്‍ത്തി അപ്പോഴേയ്ക്കും ഇന്ത്യയില്‍ പതിനഞ്ച് മോഡലുകള്‍ കൊണ്ടുവരുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം നാല് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനാണ് മാരുതി സുസുകി ഇന്ത്യ തയ്യാറെടുക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓരോ വര്‍ഷവും രണ്ട് പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുകയാണ് മാരുതി സുസുകിയുടെ ശീലം. മൂന്നാം തലമുറ സ്വിഫ്റ്റ് അടുത്ത വര്‍ഷം ഇന്ത്യയില്‍ പുറത്തിറക്കും. ജനീവ മോട്ടോര്‍ ഷോയില്‍ കാര്‍ അനാവരണം ചെയ്തിരുന്നു. ഈ വര്‍ഷം അവസാനം പ്രീമിയം ക്രോസ്ഓവറായ എസ്-ക്രോസ്സിന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിക്കാനും തയ്യാറെടുക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം ഫെബ്രുവരി വരെ മാരുതി സുസുകി ഇന്ത്യ 13 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. 2016 ല്‍ ആഗോളതലത്തില്‍ സുസുകി മോട്ടോര്‍ കോര്‍പ്പറേഷന്‍ 2.9 മില്യണ്‍ വാഹനങ്ങള്‍ വിറ്റു.

 

Comments

comments