കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിനാവശ്യം

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിനാവശ്യം

ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ പ്രതിപക്ഷം ദുര്‍ബലപ്പെടുന്നത് ഇന്ത്യയുടെ രാഷ്ട്രീയ ആരോഗ്യത്തിന് ഗുണകരമല്ല

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടിയത് ബിജെപി തന്നെയാണ്. അതില്‍ യാതൊരു സംശയത്തിനും ഇടയില്ല. ഉത്തര്‍ പ്രദേശിലെ മഹാവിജയത്തിന് പുറമെ മണിപ്പൂരിലും ഗോവയിലും ഭരണം ബിജെപി തന്നെ പിടിക്കുമെന്നത് ഉറപ്പായിക്കഴിഞ്ഞു. വിപണിയെ സംബന്ധിച്ച് താല്‍ക്കാലികമായി ഇത് ഗുണകരം തന്നെയാണ്.

സമ്പദ് വ്യവസ്ഥയിലും ഉണര്‍വുണ്ടാകും. എന്നാല്‍ കഴിഞ്ഞ കുറച്ച് തെരഞ്ഞെടുപ്പുകളിലായി കാണുന്ന കോണ്‍ഗ്രസിന്റെ അപചയം ഇന്ത്യന്‍ രാഷ്ട്രീയത്തിന് നല്ല സൂചനയല്ല നല്‍കുന്നത്. കാരണം തീര്‍ത്തും ശോഷിച്ച ഒരു പ്രതിപക്ഷം ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ല.

ശക്തമായ ഭരണത്തിനൊപ്പം ശക്തമായ പ്രതിപക്ഷവും ചേര്‍ന്നാലേ മികച്ച രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകൂ. അതാണ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ആരോഗ്യത്തിന് ഗുണകരം. പഞ്ചാബില്‍ കോണ്‍ഗ്രസ് ഭരണം നേടിയെന്നത് ശരി തന്നെയാണ്. എന്നാല്‍ അതൊരിക്കലും അവരുടെ തകര്‍ച്ചയില്‍ നിന്നുള്ള തിരിച്ചുവരവല്ല. ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് എന്ന നേതാവല്ലാതെ മുഖ്യമന്ത്രിയായി അവിടെ മറ്റൊരു ഓപ്ഷന്‍ ഇല്ലെന്ന രാഷ്ട്രീയ സ്ഥിതിവിശേഷത്തിന്റെ ഫലമാണ് അവിടത്തെ കോണ്‍ഗ്രസ് വിജയം.

കോണ്‍ഗ്രസ് ഒരു സ്വയം പരിശോധനയ്ക്ക് ആത്മാര്‍ത്ഥമായി വിധേയമാകേണ്ടതുണ്ട്. കുടുംബവാഴ്ച്ചയ്ക്കപ്പുറത്തേക്ക് ചിന്ത പോകണം. ജനങ്ങളുടെ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായി ഇടപെടുന്നുണ്ടെന്ന തരത്തില്‍ വിശ്വാസ്യത തിരിച്ചെടുക്കണം. ഇടതുപക്ഷത്തിനോ എഎപി പോലുള്ള മറ്റേതെങ്കിലും പാര്‍ട്ടിക്കോ ഇന്ത്യയില്‍ ക്രിയാത്മക പ്രതിപക്ഷമെന്ന സ്ഥാനം പിടിച്ചടക്കാന്‍ സാധിക്കില്ല.

അത് മനസിലാക്കി തന്ത്രങ്ങള്‍ മെനയാന്‍ അവര്‍ക്കാകണം. നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് ശേഷിയില്ലെങ്കില്‍ മറ്റ് നല്ല നേതാക്കളെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ധീരത കോണ്‍ഗ്രസ് കാട്ടണം. അതല്ലെങ്കില്‍ ഗ്രാന്‍ഡ് ഓള്‍ഡ് പാര്‍ട്ടിയുടെ സ്ഥിതി അതിദയനീയമായി തീരും.

Comments

comments

Categories: Editorial, Politics
Tags: BJP, Congress, India

Related Articles