മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണ് യുപി പിടിച്ചത്

മോദിക്കു വേണ്ടി അമിത് ഷാ എങ്ങനെയാണ് യുപി പിടിച്ചത്

1991ല്‍ ഉത്തര്‍പ്രദേശില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയാണു ബിജെപി നേതൃത്വത്തിലുള്ള കല്യാണ്‍ സിംഗ് സര്‍ക്കാരിനെ ജനങ്ങള്‍ അധികാരത്തിലേറ്റിയത്. 425 അംഗ യുപി നിയമസഭയില്‍ 221 സീറ്റുകളിലാണ് ബിജെപി അന്ന് വിജയിച്ചത്. 2017ല്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ബിജെപി യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയത്തിന് പക്ഷേ 1991നേക്കാള്‍ തിളക്കമേറെയാണ്.

1991ല്‍ കല്യാണ്‍ സിംഗ് മുസ്ലിം, യാദവ, ഒബിസി വോട്ടു ബാങ്കുകള്‍ക്ക് എതിരേ നിലകൊണ്ട് നേടിയെടുത്ത വിജയമാണ്. അന്ന് മുസ്ലിം ഇതര, യാദവ ഇതര, ജാട്ട് ഇതര സമുദായത്തിന്റെ പ്രത്യേകിച്ച് സവര്‍ണ വിഭാഗത്തിന്റെ പിന്തുണയാര്‍ജ്ജിക്കാനും അവ ഏകീകരിക്കാനും കല്യാണ്‍ സിംഗിനു സാധിച്ചു. ഈയൊരു ഏകീകരണമാണ് രാമജന്മഭൂമി പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജ്ജിക്കാന്‍ കാരണമായത്. ബിജെപി പ്രകടനപത്രികയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്നു വാഗ്ദാനം ചെയ്തതും ഈ തെരഞ്ഞെടുപ്പിലായിരുന്നു.

2017-ല്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പിനെ ഇതേ തന്ത്രമുപയോഗിച്ചാണ് അമിത് ഷാ നേരിട്ടത്. പക്ഷേ 1991-ലേതിനേക്കാള്‍ തീക്ഷ്ണബുദ്ധി പ്രചാരണഘട്ടത്തില്‍ ഉപയോഗിച്ചെന്നതു മാത്രമാണ് ഒരേയൊരു വ്യത്യാസം. അതായത്, ഇപ്രാവിശ്യം തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഹിന്ദു വോട്ട് ഏകീകരിക്കാന്‍ ബിജെപി മായാവതിയുടെ ശക്തിയായ ദളിത് വോട്ടര്‍മാരെയും ലക്ഷ്യമിട്ടു.
മുലായം സിംഗ് പ്രതിനിധീകരിക്കുന്ന അസംഗാര്‍ഗ് എന്ന ലോക്‌സഭാ മണ്ഡലത്തില്‍ പത്ത് അസംബ്ലി സീറ്റുകളാണുള്ളത്. ഇപ്രാവിശ്യം ഇവിടെ മുലായം പ്രചാരണത്തിന് ഇറങ്ങിയില്ല. ഇത് അഖിലേഷിനു ദോഷകരമായി മാറുകയും ചെയ്തു. മാത്രമല്ല, അഖിലേഷ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെട്ടതും എസ്പിക്കു വിനയായി മാറി.

ബിഎസ്പി, എസ്പി, കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളുടെ ദൗര്‍ബല്യം മനസിലാക്കി പ്രവര്‍ത്തിച്ചതാണ് അമിത് ഷായുടെ ഏറ്റവും വലിയ വിജയം. മൂന്ന് പാര്‍ട്ടികളുടെയും കുറവുകളെ കണ്ടെത്തുകയും അവയെ ജയ് ശ്രീറാം എന്ന മുദ്രാവാക്യമുയര്‍ത്തി ഒന്നിപ്പിക്കാനും ഷായ്ക്കു സാധിച്ചു.ബിജെപിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും യോഗി ആദിത്യനാഥ്, സാക്ഷി മഹാരാജ് എന്നിവരുടെ പിന്തുണ പാര്‍ട്ടി ഉറപ്പാക്കി.

മാത്രമല്ല ഇവര്‍ നടത്തിയ പ്രസ്താവനകളിലൂടെ വന്ന ധ്രുവീകരണം പാര്‍ട്ടിക്ക് ഗുണകരമായി മാറുകയുണ്ടായി. ഉത്തര്‍ പ്രദേശില്‍ അവസാന ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുന്‍പു സാക്ഷി മഹാരാജ് മുസ്ലിങ്ങള്‍ക്കെതിരേ നടത്തിയ പ്രസ്താവന ധ്രുവീകരണം ഉറപ്പാക്കുന്നതായിരുന്നു. യുപിയില്‍ മൃതദേഹം സംസ്‌കരിക്കാനുള്ള ഭൂമിയില്ലാത്തതിനാല്‍ മുസ്ലിങ്ങള്‍ മൃതദേഹം ദഹിപ്പിക്കണമെന്നാണു സാക്ഷി മഹാരാജ് അഭിപ്രായപ്പെട്ടത്.

ഉത്തര്‍ പ്രദേശില്‍ ബിജെപിയുടെ നേട്ടം ധ്രുവീകരണത്തിലൂടെ ലഭിച്ച വോട്ടിന്റെ പിന്‍ബലത്തിലൂടെ മാത്രമായിരുന്നില്ല. അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ അമിത് ഷായ്ക്കു സാധിച്ചതിന്റേതു കൂടിയായിരുന്നു. സ്ഥാനാര്‍ഥി പട്ടിക തയാറാക്കുക എന്നത് വലിയൊരു സാഹസം തന്നെയാണ്. പ്രത്യേകിച്ച് യുപി പോലൊരു സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 403 പേരുടെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കുക എന്നത് ഒരുതരത്തില്‍ ചൂതാട്ടം തന്നെയായിരുന്നു. പക്ഷേ ഈ ചൂതാട്ടത്തില്‍ അമിത് ഷാ വിജയിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ കാസ്ഗഞ്ച് ജില്ലയില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാക്കളുടെ പോസ്റ്ററുകള്‍ കത്തിക്കുകയുണ്ടായി. കല്യാണ്‍ സിംഗുമായി അടുപ്പമുള്ളവര്‍ക്ക് പാര്‍ട്ടി മത്സരിക്കാന്‍ ടിക്കറ്റ് കൊടുത്തതിനെ ചൊല്ലിയായിരുന്നു പ്രതിഷേധം. അമിത് ഷാ വലിയൊരു പിശക് വരുത്തിയിരിക്കുകയാണെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം പോലും ആരോപിച്ചിരുന്നു. പക്ഷേ ഷായുടെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ലെന്ന് മാര്‍ച്ച് 11 തെളിയിച്ചു.

ബിജെപി ഇപ്രാവിശ്യം തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ ഒരിക്കല്‍ പോലും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിച്ചില്ലെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഒരുപക്ഷേ അത്തരത്തിലൊരു പ്രഖ്യാപനം മുന്‍കൂട്ടി നടത്തിയിരുന്നെങ്കില്‍ പാര്‍ട്ടിയില്‍ രണ്ട് ചേരി തിരിഞ്ഞ് പോരാട്ടം നടത്തുമായിരുന്നു. ഇതാവട്ടെ പാര്‍ട്ടിയുടെ ജയസാധ്യതയെയും ദോഷകരമായി ബാധിക്കും. ഇക്കാര്യം മുന്‍കൂട്ടി മനസിലാക്കുന്നതില്‍ അമിത് ഷാ വിജയിച്ചു. ബിജെപി അധികാരത്തിലേറിയാല്‍ തന്നെ പാര്‍ട്ടി നേതൃത്വത്തെ ചോദ്യം ചെയ്യാത്തൊരു നേതാവിനെ മുഖ്യമന്ത്രിയാക്കാനും അമിത് ഷാ തീരുമാനിച്ചിരുന്നു.

ധ്രുവീകരണം നടത്തി വോട്ടുകള്‍ ഫലപ്രദമായി നേടുന്നതിലും, രാഷ്ട്രീയ സ്ഥിതിഗതികളെ കൃത്യമായി മനസിലാക്കി തന്ത്രങ്ങള്‍ മെനയുന്നതിലും ഡീ മോണിട്ടൈസേഷന്‍ ജനങ്ങളെ ബാധിച്ചില്ലെന്നു വരുത്തി തീര്‍ക്കുന്നതിലും അമിത് ഷാ വിജയിച്ചു.2003ല്‍ മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടം. അന്ന് അമിത് ഷാ എന്ന യുവനേതാവിനെ സ്വന്തം മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി, അതും സുപ്രധാന വകുപ്പുകള്‍ നല്‍കി മോദി പാര്‍ട്ടിയെ ഞെട്ടിച്ചു. അമിത് ഷായില്‍ ഒരു വിശ്വസ്തനെ മോദി കണ്ടിരുന്നു. 2002 മുതല്‍ 2014 വരെ മോദിയും അമിത് ഷായും ചേര്‍ന്നാണ് ഗുജറാത്തിനെ നയിച്ചത്.

ഇരുവരും ചേര്‍ന്ന സഖ്യത്തെ വിമര്‍ശകര്‍ പലതും പറഞ്ഞെങ്കിലും മോദിയുടെ തീരുമാനം ശരിയായിരുന്നെന്നു തെളിയിച്ചിരിക്കുകയാണു ചരിത്രം. ബിജെപിയില്‍ തന്നെ ഒരു വിഭാഗം അമിത് ഷായ്‌ക്കെതിരേ രംഗത്തുവന്നിരുന്നവര്‍ ഇപ്പോള്‍ അദ്ദേഹത്തെ പുകഴ്ത്തുന്ന തലത്തിലേക്ക് എത്തിയിരിക്കുന്നു. അമിത് ഷായുടെ പല തന്ത്രങ്ങളും ജനാധിപത്യവിരുദ്ധവും വര്‍ഗീയവുമെന്നു മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ വിമര്‍ശകരും ആരോപിക്കാറുണ്ടെങ്കിലും അത്തരം വിശേഷണങ്ങള്‍ അദ്ദേഹത്തെ ബാധിക്കുന്നില്ലെന്നതാണ് വാസ്തവം.

Comments

comments

Categories: FK Special, Politics