ഡ്രൈവറില്ലാ ബസുകള്‍ പരീക്ഷിക്കാനൊരുങ്ങി ദുബായ്

ഡ്രൈവറില്ലാ ബസുകള്‍ പരീക്ഷിക്കാനൊരുങ്ങി ദുബായ്

ഓട്ടോണമസ് ബസുകള്‍ക്ക് വേണ്ടി മാത്രമായി സെന്‍സറോടു കൂടിയ പ്രത്യേകം പാതയുണ്ടാകും. ക്യാമറയുടെ നിയന്ത്രണത്തിലായിരിക്കും ബസുകള്‍ പ്രവര്‍ത്തിക്കുന്നത്.

ദുബായ്: ഭാവിയില്‍ ദുബായ് നിരത്തുകളെ കീഴടക്കുന്നത് ഡ്രൈവറില്ലാത്ത ബസുകളായിരിക്കും. ദുബായിലെ റോഡുകളില്‍ ഡ്രൈവറില്ലാത്ത ബസുകളെ പരീക്ഷിക്കാനുള്ള തീരുമാനത്തിലാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി (ആര്‍ടിഎ).

ഡ്രൈവറില്ലാതെ തന്നെയായിരിക്കും ആദ്യഘട്ടത്തില്‍ ബസുകള്‍ സര്‍വീസ് നടത്തുന്നത്, എന്നാല്‍ ഗൂഗിള്‍ ചെയ്യുന്നതുപോലെ മുന്‍കരുതലിനായി ഒരാള്‍ ഡ്രൈവര്‍ സീറ്റില്‍ ഇരിക്കുന്നുണ്ടാകുമെന്ന് ആര്‍ടിഎയുടെ ലൈസന്‍സിംഗ് ഏജന്‍സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ അഹമ്മദ് ഹാഷെം ബെഹ്‌റൂസിയന്‍ പറഞ്ഞു. സാങ്കേതികമായി മുന്നോട്ടു പോകുന്നതിനനുസരിച്ച് ഭാവിയില്‍ ഡ്രൈവറില്ലാതെയും സ്റ്റിയറിംഗ് ഇല്ലാതെയും ഓടുന്ന ബസുകള്‍ നിരത്തിലിറങ്ങും.

ഡൗണ്‍ടൗണ്‍ ദുബായില്‍ വരാന്‍ പോകുന്ന ഷട്ടില്‍ ബസുകള്‍ക്ക് ഡ്രൈവറോ സ്റ്റിയറിംഗോ ഉണ്ടാവില്ല. ജനങ്ങളുടെ ആശ്വാസത്തിന് വേണ്ടിയാണ് ഒരാളെ അവിടെ നിര്‍ത്താം എന്ന് കരുതിയത്. എന്നാല്‍ യഥാര്‍ഥത്തില്‍ അതിന്റെ ആവശ്യമില്ലെന്നും ബെഹ്‌റൂസിയന്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഡ്രൈവറില്ലാത്ത കാറുകളെ ഡൗണ്‍ ടൗണ്‍ ദുബായില്‍ പരീക്ഷിച്ചത്. സുരക്ഷാ സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനു ശേഷം ജൂലൈയോടെ ഡ്രൈവറില്ലാത്ത പറക്കും ടാക്‌സികളുടെ സര്‍വീസ് ആരംഭിക്കാനുള്ള തീരുമാനത്തിലാണ് ആര്‍ടിഎ.

സ്വയം ഓടുന്ന ബസുകള്‍ നിരത്തിലിറങ്ങിയതിനു ശേഷമുള്ള ആദ്യത്തെ രണ്ട് വര്‍ഷം മറ്റ് ട്രാഫിക്കുമായി ബന്ധിപ്പിക്കില്ല. ഇവയ്ക്ക് ഓടുന്നതിനു വേണ്ടി മാത്രമായി സെന്‍സറോടു കൂടിയ പ്രത്യേകം പാതയുണ്ടാകും. ക്യാമറയുടെ നിയന്ത്രണത്തിലായിരിക്കും ബസുകള്‍ പ്രവര്‍ത്തിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ ബസുകള്‍ നില്‍ക്കുന്നതിനുള്ള സൗകര്യവും ഉണ്ടാകും. ഡ്രൈവറില്ലാത്ത ബസുകള്‍ എന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ബസുകള്‍ സര്‍വീസ് ആരംഭിക്കുന്നതിനു മുന്‍പ് നഗരത്തെ നവീകരിക്കാനുണ്ട്. നഗരത്തിന്റെ ഭൂപടം തയാറാക്കണം, ഓട്ടോണമസ് വാഹനങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് പുതിയ നിയമം കൊണ്ടുവരണം, ജനങ്ങളെ ബോധവല്‍ക്കരിക്കണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം.

ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പരീക്ഷണ ഓട്ടം നടത്തുന്നതെന്നും ബെഹ്‌റൂസിയന്‍ പറഞ്ഞു. ടെസ്‌ല, ഗൂഗിള്‍, യുബര്‍ എന്നീ വമ്പന്‍ കമ്പനികള്‍ ദുബായിലെ റോഡുകളില്‍ അവരുടെ ഡ്രൈവറില്ലാ വാഹനങ്ങള്‍ പരീക്ഷിച്ച് നോക്കണമെന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹം പറഞ്ഞിരുന്നു.

ഡ്രൈവറില്ലാത്ത വാഹനങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനായി തയാറാക്കിയ ദുബായ് ഓട്ടോണമസ് മൊബിലിറ്റി സ്ട്രാറ്റജി 2030 പൂര്‍ത്തിയായാല്‍ വര്‍ഷം 6 ബില്യണ്‍ ഡോളര്‍ ലാഭിക്കാനാവും. മൊബിലിറ്റി എക്‌സ്‌പെന്റീച്ചര്‍ 44 ശതമാനവും കാര്‍ബണ്‍ പുറന്തള്ളുന്നത് 12 ശതമാനവും വാഹനാപകടങ്ങളിലൂടെ ഉണ്ടാകുന്ന നഷ്ടം 12 ശതമാനവും പാര്‍ക്കിംഗ് മൂലമുണ്ടാകുന്ന തടസം 50 ശതമാനവും കുറയ്ക്കാന്‍ പുതിയ പരിഷ്‌കരണങ്ങളിലൂടെ സാധിക്കും.

Comments

comments