ഇടപാടുകള്‍ക്ക് നിരക്ക്

ഇടപാടുകള്‍ക്ക് നിരക്ക്

ആര്‍ബിഐ ഇടപെടണമെന്ന് ആവശ്യം

ന്യൂഡെല്‍ഹി: പണം പിന്‍വലിക്കുന്നതുള്‍പ്പടെയുള്ള വിവിധ ബാങ്കിംഗ് സേവനങ്ങള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നതായി കഴിഞ്ഞ ദിവസങ്ങളിലാണ് രാജ്യത്തെ വിവിധ ബാങ്കുകള്‍ പ്രഖ്യാപിച്ചത്. ഈ വിഷയത്തില്‍ ഏതാണ്ട് സ്വകാര്യ ബാങ്കുകളെ അനുകൂലിക്കുന്ന സമീപനമാണ് പൊതു മേഖലാ ബാങ്കുകളും സ്വീകരിച്ചിരിക്കുന്നത്.

സ്വന്തം എക്കൗണ്ടില്‍ നിന്നും പണം പിന്‍വലിക്കുന്നതിനും എക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നതിനും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കുന്നതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നോട്ട് അസാധുവാക്കല്‍ നടപടിയുടെ ഭാഗമായി വന്‍തോതില്‍ ബാങ്കുകളിലേക്കെത്തിയ സാധാരണക്കാരുടെ സമ്പാദ്യം ബാങ്കുകള്‍ തങ്ങളുടെ ബിസിനസ് പ്രതിസന്ധി മറികടക്കാന്‍ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണവും ശക്തമാണ്.

ബാങ്കുകളുടെ കൂട്ടായ ഇത്തരം തീരുമാനങ്ങളില്‍ ആര്‍ബിഐ മൗനം പാലിക്കുന്നതും പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ബാങ്കുകളുടെ നിരക്ക് വര്‍ധനയ്ക്കുള്ള തീരുമാനങ്ങളില്‍ കേന്ദ്ര ബാങ്ക് യാതൊരുവിധത്തിലുള്ള എതിര്‍പ്പും ഇതുവരെ പ്രകടിപ്പിച്ചിട്ടുമില്ല. വായ്പാ ചെലവ് വെട്ടിച്ചുരുക്കുന്നതിന് വായ്പയുടെ മേലുള്ള പലിശ നിരക്ക് കുറയ്ക്കണമെന്ന നിര്‍ദേശം ആര്‍ബിഐ നല്‍കിയിട്ടുണ്ട്. എന്നാല്‍ നിക്ഷേപകര്‍ക്ക് വേണ്ടി ഇതിനു സമാനമായ ഒരു നടപടിയും ആര്‍ബിഐ സ്വീകരിച്ചിട്ടില്ല.

ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കാനുള്ള തീരുമാനത്തെ രണ്ട് വിധത്തിലാണ് ബാങ്കുകള്‍ ന്യായീകരിച്ചിട്ടുള്ളത്. നിങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കണമെങ്കില്‍, അതിനു നിങ്ങള്‍ പണം മുടക്കണം. അല്ലെങ്കില്‍ ജന്‍ ധന്‍ എക്കൗണ്ടുകളുടെ ചെലവ് വഹിക്കുന്നതിന് ഈ തുക ആവശ്യമാണ്. ഇതാണ് ബാങ്കുകളുടെ ന്യായീകരണങ്ങള്‍. എന്നാല്‍, ഇത്തരം നിലപാടുകള്‍ വെറും വാണിജ്യാടിസ്ഥാനത്തില്‍ മാത്രമുള്ളതാണ്. ഇതിലൂടെ ബാങ്കുകള്‍ തങ്ങളുടെ നിരക്ക് ഇനത്തിലുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്.

ബാങ്കിടപാടുകള്‍ക്ക് പിഴ ചുമത്തുന്നത് സ്വേച്ഛാധിപത്യപരമായ നടപടിയാണെന്നാണ് കയര്‍ റേറ്റിംഗ്‌സിലെ മുതിര്‍ന്ന സാമ്പത്തിക വിദഗ്ധന്‍ മദന്‍ സബ്‌നാവിസ് വിലയിരുത്തുന്നത്. പണം നിക്ഷേപിക്കുന്നതിനെയും പിന്‍വലിക്കുന്നതിനെയും ബാങ്കുകള്‍ വിശദീകരിച്ച പോലെ മികച്ച സേവനമായി കാണാന്‍ കഴിയില്ല. അത് ബാങ്കുകളുടെ അടിസ്ഥാന തൊഴിലാണെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

Comments

comments

Categories: Banking, FK Special