ബിഎസ്-3 വാഹനങ്ങള്‍ : ഉത്തരവ് ഉടനുണ്ടാകും

ബിഎസ്-3 വാഹനങ്ങള്‍ : ഉത്തരവ് ഉടനുണ്ടാകും

ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-4 പാലിക്കാത്ത വാഹനങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും രജിസ്‌ട്രേഷനും അനുവദിക്കരുതെന്ന് ബജാജ് ഓട്ടോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി

ന്യൂ ഡെല്‍ഹി : ഏപ്രില്‍ ഒന്നിനുശേഷം ബിഎസ്-3 വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കുമോയെന്ന കാര്യത്തില്‍ ഈ മാസാവസാനത്തോടെ സുപ്രീം കോടതിയുടെയും ദേശീയ ഹരിത ട്രിബ്യൂണലിന്റെയും അന്തിമ വിധി ഉണ്ടായേക്കും.

രാജ്യമാകെ ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്ന തിയ്യതി അടുത്തിരിക്കെ ബജാജ് ഓട്ടോയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-4 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വാഹനങ്ങളുടെ നിര്‍മ്മാണവും വില്‍പ്പനയും രജിസ്‌ട്രേഷനും അനുവദിക്കരുതെന്നാണ് ബജാജ് ഓട്ടോ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഏപ്രില്‍ ഒന്നിന് ശേഷം ബിഎസ്-4 മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങളുടെ വില്‍പ്പനയും രജിസ്‌ട്രേഷനും അനുവദിക്കുന്നത് തങ്ങള്‍ക്ക് തതിരിച്ചടിയാകുമെന്നാണ് ബജാജ് ഓട്ടോയുടെ വാദം. ബിഎസ്-4 അനുസൃത വാഹനങ്ങള്‍ക്കായി നിക്ഷേപം നടത്തിയിട്ടുള്ള കാര്യം ബജാജ് ഓട്ടോ പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട എംസി മേഹ്ത്ത കേസില്‍ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ട് ഈയിടെയാണ് ബജാജ് ഓട്ടോ സുപ്രീം കോടതിയില്‍ അപേക്ഷ നല്‍കിയത്. ഇതേ വിഷയത്തില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് വിരമിച്ച ഡോക്ടര്‍ ആര്‍കെ ശര്‍മ്മ നല്‍കിയ ഹര്‍ജി ദേശീയ ഹരിത ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.

2017 ഏപ്രില്‍ ഒന്നിനുശേഷം ബിഎസ്-4 മാനദണ്ഡങ്ങള്‍ അനുസരിക്കാത്ത വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റി 2016 ഒക്‌റ്റോബറില്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് ബിഎസ്-3 വാഹനങ്ങളുടെ വലിയ സ്‌റ്റോക്ക് ഉണ്ടെന്നും അതൊന്നും ഈ സമയപരിധിക്കുള്ളില്‍ വിറ്റഴിക്കാന്‍ സാധിക്കില്ലെന്നും ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സ് സൊസൈറ്റി അധികൃതര്‍ പറഞ്ഞു.

കേസില്‍ കക്ഷി ചേരാന്‍ അനുവദിക്കണമെന്നും ബിഎസ്-4 മാനദണ്ഡങ്ങള്‍ അതിന്റെ യഥാര്‍ത്ഥ അര്‍ത്ഥത്തിലും ഉദ്ദേശശുദ്ധിയോടെയും രാജ്യത്തുടനീളം നടപ്പാക്കുന്നതിന് നിര്‍ദ്ദേശം നല്‍കണമെന്നുമാണ് ബജാജ് ഓട്ടോ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത്.

ബിഎസ്-3, ബിഎസ്-4 വാഹനങ്ങളുടെ നിര്‍മ്മാണചെലവില്‍ വലിയ അന്തരമുണ്ടെന്നും ബജാജ് ഓട്ടോ കോടതിയില്‍ വ്യക്തമാക്കി. ചില വാഹന നിര്‍മ്മാതാക്കള്‍ ബിഎസ്-3 മോഡലുകള്‍ ഇപ്പോഴും നിര്‍മ്മിച്ചുവരികയാണെന്നും 2017 മാര്‍ച്ച് 31 വരെ ഇത് തുടരുമെന്നും ഹര്‍ജിയില്‍ സൂചിപ്പിക്കുന്നു.

സമയപരിധി നീട്ടിനല്‍കിയാല്‍ അനുസരണയുള്ള വാഹനനിര്‍മ്മാതാക്കളെ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്നും നിയമലംഘനം നടത്തുന്നതിന് മറ്റ് വാഹന നിര്‍മ്മാതാക്കള്‍ക്ക് പ്രോത്സാഹനമാകുമെന്നും ബജാജ് ഓട്ടോ ഹര്‍ജിയില്‍ വ്യക്തമാക്കി.

അതേസമയം ഏപ്രില്‍ ഒന്ന് മുതല്‍ ബിഎസ്-4 അനുസരിക്കാത്ത വാഹനങ്ങളുടെ ഉല്‍പ്പാദനം മാത്രം നിര്‍ത്തിയാല്‍ മതിയോ അതോ രജിസ്‌ട്രേഷന്‍ പോലും അനുവദിക്കേണ്ടതില്ലേയെന്ന കാര്യത്തില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം അന്തരീക്ഷ മലിനീകരണ നിയന്ത്രണ അതോറിറ്റിയെ നിലപാട് അറിയിക്കും. സുപ്രീം കോടതി ഈ മാസം 20 നും ദേശീയ ഹരിത ട്രിബ്യൂണല്‍ 23 നുമാണ് കേസ് വീണ്ടും പരിഗണിക്കുന്നത്.

ഹ്യുണ്ടായ് പോലെ ചില വാഹന നിര്‍മ്മാതാക്കള്‍ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ വളരെ നേരത്തെ നടപ്പാക്കിയിരുന്നു. 2020 ന് മുമ്പ് ബിഎസ്-6 മാനദണ്ഡങ്ങള്‍ നടപ്പാക്കുമെന്ന് ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഎസ്-4 നടപ്പാക്കുന്നതോടെ കൊമേഴ്‌സ്യല്‍ വാഹനങ്ങള്‍ പുറന്തള്ളുന്ന അതിസൂക്ഷ്മ വസ്തുക്കളില്‍ എണ്‍പത് ശതമാനം കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Comments

comments

Categories: Auto, Top Stories