പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതി

പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതി

പാരിസ്ഥിതിക പരിപാലന അതോറിറ്റി രൂപീകരിക്കണമെന്നും നിര്‍ദേശം

തിരുവനന്തപുരം: മൂന്നാറില്‍ പാരിസ്ഥിതിക നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി കെട്ടിപൊക്കിയ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് നിയമസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട്. മൂന്നാറിലെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് പഠനം നടത്താന്‍ നിയോഗിച്ച സമിതിയുടെ ആദ്യ റിപ്പോര്‍ട്ടാണ് ഇന്നലെ നിയമസഭയില്‍ വെച്ചത്.

അനുവദനീയമല്ലാത്ത ഉയരത്തില്‍ നിര്‍മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ നിര്‍മാണം തടയണമെന്നും, വ്യവസ്ഥകള്‍ പാലിക്കാതെയുള്ള പട്ടയങ്ങള്‍ റദ്ദ് ചെയ്യണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ ഉപസമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു മാസത്തിനുള്ളില്‍ പാരിസ്ഥിതിക പരിപാലന അതോറിറ്റി രൂപീകരിക്കണമെന്ന ആവശ്യവും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.

അതോറിറ്റി രൂപീകരിക്കുന്നത് വരെ കെട്ടിട നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്നും സമിതി ആവശ്യപ്പെടുന്നു. മൂന്നാറിന് അനുകൂലമായ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് മാര്‍ഗ്ഗനിര്‍ദേശ രേഖ പുറത്തിറക്കുന്നതിനും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട്. റവന്യു വകുപ്പ് ഇക്കാര്യത്തില്‍ കൃത്യമായ നടപടി സ്വീകരിക്കണമെന്നും ഉപസമിതി ശുപാര്‍ശ ചെയ്തു.

സമിതി റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചാല്‍ അത് വലിയ രാഷ്ട്രീയ- നിയമ പ്രശ്‌നങ്ങളിലേക്ക് സര്‍ക്കാരിനെ നയിക്കാനിടയുണ്ട് എന്നും വിലയിരുത്തലുകളുണ്ട്. മുന്‍പ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് കൈയേറ്റമോഴിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ പ്രദേശത്ത് എതിര്‍പ്പുയരുന്നതിനും പല കോണുകളില്‍ നിന്ന് വിമര്‍ശനമുയരുന്നതിനും ഇടയാക്കിയിരുന്നു. അതിനാല്‍ കരുതലോടെ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനാകും സര്‍ക്കാരിന്റെ ശ്രമം.

Comments

comments

Categories: FK Special, Top Stories