നേട്ടങ്ങള്‍ കഠിനാധ്വാനത്തിലൂടെ : അടുത്തറിയാം രാഗേഷിന്റെ പ്രവര്‍ത്തനങ്ങളെ

നേട്ടങ്ങള്‍ കഠിനാധ്വാനത്തിലൂടെ : അടുത്തറിയാം രാഗേഷിന്റെ പ്രവര്‍ത്തനങ്ങളെ

ധനസംബന്ധമായ വിഷയങ്ങളില്‍ നടപടിക്രമങ്ങളുടെ നൂലാമാലകള്‍ ഇല്ലാതെ സഹായമെത്തിക്കുന്നതില്‍ മുത്തൂറ്റ് ഗ്രൂപ്പ് എന്നും മുമ്പിലാണ്. കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മുത്തൂറ്റ് സെക്യൂരിറ്റീസ് എന്ന സ്ഥാപനവും പ്രാരംഭകാലം മുതല്‍ വിജയത്തിന്റെ പാതയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന്റെ അമരക്കാരനായ രാഗേഷിന്റെ ജീവിതത്തിലൂടെ.

കേരളത്തിന്റെ ബിസിനസ് മേഖലയ്ക്ക് സുപരിചിതമായ നാമമാണ് മുത്തൂറ്റ്. 129 കൊല്ലത്തെ പാരമ്പര്യമുള്ള കമ്പനിക്ക് വലിയ മുന്നേറ്റമാണ് പ്രവൃത്തിപഥത്തില്‍ നേടാന്‍ സാധിച്ചിട്ടുള്ളത്. ജനമനസുകളില്‍ വിശ്വാസ്യത നേടാന്‍ സാധിച്ചു എന്നുള്ളതാണ് ഇതില്‍ പ്രധാനനേട്ടം. അതിനാല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ തരത്തിലുള്ള ബിസിനസുകളും വന്‍വിജയമാണ് നേടുന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ബിസിനസ് മേഖലയില്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ സ്ഥാപനങ്ങളില്‍ ഒന്നാണ് മുത്തൂറ്റ് ഗ്രൂപ്പ്.

നിലവില്‍ വിഭിന്നങ്ങളായ 16 തരത്തിലുള്ള ബിസിനസുകളാണ് മുത്തൂറ്റ് ഗ്രൂപ്പിനു കീഴില്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഇന്ന് രാജ്യമൊട്ടാകെ പടര്‍ന്നു പന്തലിച്ച ബിസിനസ് ശൃംഖലയാണ് മുത്തൂറ്റ് ഗ്രൂപ്പ്. 4500-ല്‍ പരം ശാഖകളിലായി 1000 ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കള്‍ ഇന്ന് മുത്തൂറ്റിന് ഉണ്ട്. കാലത്തിനനുസരിച്ച് ബിസിനസില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ള ചരിത്രമാണ് മുത്തൂറ്റിനുള്ളത്. അതുകൊണ്ടുതന്നെയാണ് ബിസിനസ് രംഗത്ത് ഇവര്‍ എക്കാലവും തിളങ്ങിനില്‍ക്കുന്നതും.

പുതുതലമുറ ബിസിനസായിട്ടുള്ള ഷെയര്‍ ട്രേഡിങ്ങ്, വെല്‍ത്ത് മാനേജ്‌മെന്റ് പോലുള്ള ബിസിനസ് മേഖലയിലും മുത്തൂറ്റ് വളരെ മികച്ച മുന്നേറ്റമാണ് നേടിയിട്ടുള്ളത്. 2008-09 കാലത്താണ് മുത്തൂറ്റ് സെക്യൂരിറ്റീസ് എന്ന പേരില്‍ പുതിയ ബിസിനസിലേക്ക് കമ്പനി ചുവടുവയ്ക്കുന്നത്. കമ്പനിയില്‍ ദീര്‍ഘകാല സേവനചരിത്രമുള്ള ജി ആര്‍ രാഗേഷ് എന്ന വ്യക്തിയാണ് കമ്പനിയുടെ ഡയറക്റ്ററും സിഇഒയും. പ്രവര്‍ത്തനമേഖലയില്‍ വളരെയധികം അഭിരുചിയും, ചെയ്യുന്ന ജോലിയോടുള്ള ആത്മാര്‍ത്ഥതയും കമ്പനിയെ വിജയത്തിലേക്ക് എത്തിക്കുന്നതില്‍ രാഗേഷിന് പിന്താങ്ങാകുന്നു.

മുത്തൂറ്റിലേക്കുള്ള കടന്നുവരവ്

ആലപ്പുഴയിലെ മാരാരിക്കുളത്താണ് രാഗേഷിന്റെ ജനനം. ബിരുദപഠനത്തിനു ശേഷം 1998 കാലഘട്ടത്തില്‍ ഐസിഡബ്ല്യുഎ പഠനത്തിനാണ് എറണാകുളത്ത് എത്തുന്നത്. ദിവസവും പോക്കുവരവ് ബുദ്ധിമുട്ടായിരുന്നതിനാല്‍ എറണാകുളത്ത് താമസമാക്കുകയായിരുന്നു. സ്വന്തം ചെലവിന് പണം സമാഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ ജോലിചെയ്യാന്‍ തീരുമാനിച്ച രാഗേഷ് എത്തിപ്പെടുന്നത് മുത്തൂറ്റിലാണ്. അക്കാലത്തു സ്ഥാപനത്തിന് സംസ്ഥാനത്തൊട്ടാകെ 35 ശാഖകളാണ് ഉണ്ടായിരുന്നത്. റിസര്‍വ്വ് ബാങ്കിന്റെ നിബന്ധനകള്‍ക്കനുസരിച്ച് കേരളത്തില്‍ നിക്ഷേപം സ്വീകരിച്ചിരുന്ന സ്വകാര്യസ്ഥാപനങ്ങളില്‍ മുത്തൂറ്റും ഇടം നേടിയിരുന്നു.

ജൂനിയര്‍ ഓഫീസര്‍ എന്ന തസ്തികയിലാണ് രാഗേഷ് തന്റെ ഔദ്യോഗികജീവിതം ആരംഭിക്കുന്നത്. അന്ന് അവിടെ തുടങ്ങിയ ജോലി പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറും എന്നു രാഗേഷ് കരുതിയിരുന്നില്ല. 18 കൊല്ലമായി രാഗേഷ് മുത്തൂറ്റിന്റെ ഭാഗമായിട്ട്. ജോലിക്കു പ്രവേശിച്ചതു മുതല്‍ സ്ഥാപനത്തോട് വല്ലാത്ത അടുപ്പമായിരുന്നു രാഗേഷിന് തോന്നിയത്. വളരെയധികം സ്വാതന്ത്ര്യം തരുന്ന മാനേജ്‌മെന്റാണ് ഇവിടത്തേതെന്ന് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മുത്തൂറ്റിനെ ജീവിതത്തിന്റെ ഭാഗമായിട്ടാണ് രാഗേഷ് കാണുന്നത്.

പണം സമ്പാദിക്കുക എന്നതിലുപരി ജോലി ചെയ്യാനുള്ള അന്തരീക്ഷമാണ് കൂടുതല്‍ ആവശ്യം. അതിന് മുത്തൂറ്റ് ഉത്തമ ഉദാഹരണമായിരിക്കും. വളരെയധികം വിദ്യാഭ്യാസവും അറിവും നേടിയിട്ടുള്ള കമ്പനിയുടെ ഉടമസ്ഥരും, സഹകരണ മനോഭാവവും, ആത്മാര്‍ത്ഥതയുള്ള തൊഴിലാളികളുമാണ് ഇതിന് കാരണം.

തന്റെ ജീവിതം, സുഹൃത്തുക്കള്‍ എല്ലാം മുത്തൂറ്റിലെ ജോലിയില്‍ നിന്നുമാണ് സമ്പാദിച്ചതെന്ന് അഭിമാനത്തോടെ തന്നെയാണ് രാഗേഷ് പറയുന്നത്. ഇവിടെ ജോലിചെയ്യുന്ന സമയം പഠനകാര്യങ്ങള്‍ക്കായി നല്ല പിന്തുണയാണ് മാനേജ്‌മെന്റ് നല്‍കിയിരുന്നത്. ഇന്ന് താനും ആ രീതിയാണ് പിന്തുടരുന്നത്. തന്റെ കീഴിലുള്ള നിരവധി ചെറുപ്പക്കാര്‍ ജോലിക്കൊപ്പം പഠനവും തുടര്‍ന്നു കൊണ്ടുപോകുന്നുണ്ട്. അങ്ങനെയുള്ളര്‍വക്ക് മാനേജ്‌മെന്റും താനും നല്ല പിന്തുണയാണ് നല്‍കിവരുന്നത്.

ജോലിയില്‍ മുന്നേറാന്‍

ഒരു പ്രസ്ഥാനത്തില്‍ ജോലിചെയ്യുമ്പോള്‍ അത് നമ്മുടെ സ്ഥാപനമാണ് എന്ന് കണ്ടുവേണം ജോലി ചെയ്യാന്‍. അങ്ങനെയുള്ള ചിന്ത മനസില്‍ പതിഞ്ഞാല്‍ പിന്നെ വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാന്‍ സാധിക്കും. ബാങ്കിങ്ങിലും ധനപരമായിട്ടുള്ള മറ്റു മേഖലകളിലും തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള കഴിവാണ് പ്രധാനമായും ഉണ്ടായിരിക്കേണ്ടത്.

അവസരങ്ങളെ കൃത്യസമയത്ത് തിരിച്ചറിയുകയും അവ വേണ്ടതു പോലെ പ്രയോജനപ്പെടുത്താനും മികവു പുലര്‍ത്തേണ്ടതുമാണ്. അവസരങ്ങള്‍ ഒരിക്കലും നമുക്കായി കാത്തുനില്‍ക്കില്ലെന്ന കാര്യം പ്രധാനമായും ഓര്‍ത്തിരിക്കണം. ചിലസമയങ്ങളില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പരാജയത്തില്‍ എത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യവും വേണം. പിന്നീട് പരാജയത്തിനുള്ള കാരണം വ്യക്തമായി പഠിക്കുകയും അതിന് മറുപടിയായി അടുത്ത ശ്രമം വിജയത്തില്‍ എത്തിക്കുകയുമാണ് വേണ്ടത്.

ഭാവി പരിപാടികള്‍

പ്രസ്ഥാനത്തിന്റെ താഴെത്തട്ടില്‍ നിന്നും ഉയര്‍ന്നുവന്ന വ്യക്തിയാണ് രാഗേഷ്. സിഇഒ പദവിയില്‍ എത്തിനില്‍ക്കുമ്പോഴും കീഴ് ഘടകങ്ങളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതു തരത്തിലുളളതാണ് എന്നതിനെ കുറിച്ച് അദ്ദേഹം ബോധവാനാണ്. ഇത്തരത്തിലുള്ള പ്രവൃത്തിപരിചയം ഉള്ളത് പല സമയങ്ങളിലും ഉപകാരപ്രദമായിട്ടുണ്ട്. ജോലിചെയ്ത എല്ലാ മേഖലയിലും വളരെ സന്തോഷവാനായിരുന്നു.

ഒരു പദവിയും മോശമായി തോന്നിയിട്ടില്ല. ഭാവിയില്‍ മുത്തൂറ്റ് സെക്യൂരിറ്റീസിനെ പബ്ലിക്ക് ലിമിറ്റഡ് കമ്പനിയായി ലിസ്റ്റ് ചെയ്യണം എന്നാണ് ആഗ്രഹം. അടുത്ത മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സാധ്യമാകും എന്ന വിശ്വാസത്തിലാണ്. ഇത്തരത്തിലുള്ള മാറ്റങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചാല്‍ കമ്പനിയിലെ ജീവനക്കാര്‍ക്കും ഗുണകരമാകും. ഇത്തരത്തിലുള്ള നേട്ടങ്ങള്‍ കൈവരിക്കുക എന്നതാണ് മനസില്‍ ഇപ്പോള്‍ ഉള്ള പ്രധാന ലക്ഷ്യം.

വ്യക്തിജീവിതത്തില്‍ തന്റെ പിതാവും, ബിസിനസ് ജീവിതത്തില്‍ കമ്പനിയുടെ ഡയറക്റ്റര്‍ ജോര്‍ജ് അലക്‌സാണ്ടറുമാണ് രാഗേഷിന്റെ മാതൃക പുരുഷന്‍മാര്‍.

കേരളത്തിലെ ബിസിനസ് സാഹചര്യം

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വളരെ ചെറുതാണ്. അതുകൊണ്ട് ഇവിടത്തെ പ്രവര്‍ത്തനമേഖലയും വളരെ ചെറുതാണ് എന്നു വേണം പറയാന്‍. ഇവിടെ കണ്ടു വരുന്ന പ്രധാന പ്രശ്‌നമാണ് രാഷ്ട്രീയം. രാഷ്ട്രീയാതിപ്രസരം മൂലം പല ബിസിനസുകളും മറ്റു സംസ്ഥാനങ്ങളിലേക്ക് മാറിപ്പോകുന്നുണ്ട്. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇവിടെ ഉണ്ടെന്ന് അറിയുന്ന വ്യവസായികള്‍ ഇവിടെ നിക്ഷേപങ്ങള്‍ നടത്തുന്നതിന് മടി കാണിക്കും. ഇത് പലതരത്തിലാണ് നമ്മുടെ സംസ്ഥാനത്തെ ബാധിക്കുന്നത്. ഇവിടുത്തെ ധനസ്ഥിതിയെ, തൊഴില്‍ രംഗത്തെ എല്ലാ തരത്തിലും ഇവ ബാധിക്കും. ഈ അവസ്ഥ മാറ്റിയെടുക്കുക എന്നതിലായിരിക്കണം ഇവിടുത്തെ സര്‍ക്കാരും മറ്റ് അധികാരികളും മുന്‍കൈയെടുക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.

“ചിലസമയങ്ങളില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങള്‍ പരാജയത്തില്‍ എത്താനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യവും വേണം. പിന്നീട് പരാജയത്തിനുള്ള കാരണം വ്യക്തമായി പഠിക്കുകയും അതിന് മറുപടിയായി അടുത്ത ശ്രമം വിജയത്തില്‍ എത്തിക്കുകയുമാണ് വേണ്ടത്.”

 

Comments

comments