11.64 ലക്ഷത്തിലധികം പുതിയ നോട്ടുകള്‍ വിനിമയത്തിലെത്തി

11.64 ലക്ഷത്തിലധികം പുതിയ നോട്ടുകള്‍ വിനിമയത്തിലെത്തി

ആര്‍ബിഐ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും ജയ്റ്റ്‌ലി

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് രാജ്യത്ത് ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര ബാങ്ക് ഏകദേശം 11.64 ലക്ഷത്തിലുമധികം പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചതായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നയത്തെ തുടര്‍ന്ന് കേന്ദ്രം ഏറ്റെടുത്തിട്ടുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമെ പുതിയ നോട്ടുകള്‍ പുറത്തിറക്കിയതിന്റെ ചെലവ് വ്യക്തമാക്കാനാവുകയുള്ളുവെന്നും അദ്ദേഹം അറിയിച്ചു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കണക്കനുസരിച്ച് ഫെബ്രുവരി 24 വരെ 11.64 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകള്‍ വിപണിയില്‍ വിനിമയത്തിലെത്തിയിട്ടുണ്ടെന്നാണ് ജയ്റ്റ്‌ലി ലോക്‌സഭയെ അറിയിച്ചിട്ടുള്ളത്. ഈ തുക ഇപ്പോള്‍ 12 ലക്ഷം കോടിയിലധികമായി ഉയര്‍ന്നിട്ടുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉയര്‍ന്ന മൂല്യമുള്ള (1000, 500) നോട്ടുകള്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു നോട്ട് അസാധുവാക്കല്‍ നയത്തിന്റെ പ്രധാന അജണ്ടകളിലൊന്നെന്നും ജയ്റ്റ്‌ലി അവകാശപ്പെടുന്നു. ഈ നീക്കത്തോടെ വിനിമയത്തിലുണ്ടായിരുന്ന മുഴുവന്‍ നോട്ടുകള്‍ ബാങ്കുകളിലേക്ക് തിരിച്ചെത്തിയെന്നും ജയ്റ്റ്‌ലി വിശദീകരിച്ചു.

അസാധുവാക്കിയ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും എത്ര നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ടെന്നത് സംബന്ധിച്ച കൃത്യമായ കണക്കെടുപ്പ് നടത്തുന്നത് ബുദ്ധിമുട്ടാണെന്നും, ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതികരിച്ചു. തിരിച്ചെത്തിയ എല്ലാ നോട്ടുകളും യഥാര്‍ത്ഥമാണോ, വ്യാജ നോട്ടാണോ എന്നത് പരിശോധിച്ചിട്ടുണ്ടെന്നും, ഇവ തരംതിരിക്കേണ്ടതുണ്ടെന്നും ജയ്റ്റ്‌ലി അറിയിച്ചു. ഈ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് സമയമെടുക്കുമെന്നും, അതുകൊണ്ട് തന്നെ അസാധു നോട്ടുകളുടെ കണക്കുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും ജയ്റ്റ്‌ലി സഭയെ അറിയിച്ചു.

തരംതിരിക്കല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ആര്‍ബിഐ ഇതു സംബന്ധിച്ച വിശദവിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്നും, തുടര്‍ന്ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നുമാണ് ജയ്റ്റ്‌ലി പറയുന്നത്.

Comments

comments